Enter your Email Address to subscribe to our newsletters

Thiruvananthapuram , 05 ജൂണ് (H.S.)
കർക്കിടക വാവ് ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ മുരളീധരൻ. കർക്കിടക വാവ് ബലിതർപ്പണത്തോടനുബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ദേവസ്വം ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകി. ആഗസ്റ്റ് 12ന് നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾക്കായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം, വർക്കല പാപനാശം, തിരുമുല്ലവാരം, അരുവിക്കര , എറണാകുളം ജില്ലയിലെ ആലുവ മണപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നത്. തിരുവല്ലം ക്ഷേേത്രവുമായി ബന്ധപ്പെട്ട് നദികളുടെ ഒഴുക്ക്, മലിനീകരണം, മറ്റ് ഡ്രെയിനേജ് പ്രശ്നങ്ങൾ എന്നിവ പ്രത്യേകമായി പരിഹരിക്കണം. ഇതിനായി ഏറ്റെടുത്ത പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും ജലസേചന വകുപ്പിന് മന്ത്രി നിർദേശം നൽകി.
മാലിന്യ നിർമാർജനത്തിനായി കൃത്യമായ പ്രവർത്തന പദ്ധതി തയ്യാറാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഭക്തരെ ചൂഷണം ചെയ്യുന്ന യാതൊരു പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും ഓൺലൈൻ ബുക്കിംഗ്, പേയ്മെന്റ് സംവിധാനങ്ങൾ പരമാവധി വ്യാപകമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കുടിവെള്ള വിതരണം, റോഡുകളുടെ അറ്റകുറ്റപ്പണി, ബയോ ടോയ്ലറ്റുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരുക്കും. പോലീസ് ഹെൽപ്പ് ഡെസ്കുകളും പോലീസ് പോസ്റ്റുകളും സ്ഥാപിക്കും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും.
പൊതുമരാമത്ത് വകുപ്പ് ആവശ്യമായ അറ്റകുറ്റപ്പണികളും താൽക്കാലിക നിർമ്മാണ പ്രവർത്തനങ്ങളും ബാരിക്കേഡുകളും ഒരുക്കും. കെ എസ് ഇ ബി താൽക്കാലിക വൈദ്യുതി കണക്ഷനുകൾ, പരിശോധനകൾ, കൺട്രോൾ റൂം, വഴിവിളക്കുകൾ എന്നിവ സജ്ജമാക്കും. വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം ഉറപ്പാക്കും.
ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കൽ സംഘങ്ങളെയും ആംബുലൻസ് സേവനങ്ങളെയും വിന്യസിക്കും. ഫയർഫോഴ്സും സിവിൽ ഡിഫൻസ് സംഘങ്ങളും ആവശ്യമായ രക്ഷാപ്രവർത്തനത്തിനായി സജ്ജമാകും. എക്സൈസ് വകുപ്പ് പ്രത്യേക പരിശോധന സംഘങ്ങളെയും ഭക്ഷ്യസുരക്ഷാ വകുപ്പ് ഭക്ഷ്യ പരിശോധന സംവിധാനങ്ങളെയും നിയോഗിക്കും. ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ പ്രത്യേകമായി വകുപ്പുകളുടെ യോഗം വിളിക്കാനും ധാരണയായി.
ജൂലൈ രണ്ടാം വാരത്തിൽ വീണ്ടും യോഗം ചേർന്ന് ഒരുക്കങ്ങളുടെ പുരോഗതി അവലോകനം ചെയ്യുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
രാജീവ് ചന്ദ്രശേഖർ എം എൽ എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി കെ രാജമാണിക്യം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR