Enter your Email Address to subscribe to our newsletters

Thrissur , 05 ജൂണ് (H.S.)
സംസ്ഥാനത്തെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. നിലവിൽ ബാറുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോൾ കൃത്യമായൊരു മറുപടി നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമോ, സമയദൈർഘ്യം കുറയ്ക്കുമോ തുടങ്ങിയ കാര്യങ്ങളിലും ഇപ്പോൾ മുൻകൂട്ടി ഒരു പ്രവചനം സാധ്യമല്ല. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ നിർണായക തീരുമാനങ്ങളും യു.ഡി.എഫ് മുന്നണി ഒന്നിച്ചിരുന്ന് സംയുക്തമായാണ് കൈക്കൊള്ളുക. ജനാധിപത്യപരമായ ചർച്ചകളിലൂടെയും കൂട്ടുത്തരവാദിത്തത്തിലൂടെയും മാത്രമേ അന്തിമ നയത്തിന് രൂപം നൽകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷ്യം അഴിമതിരഹിത എക്സൈസ് വകുപ്പ്
എക്സൈസ് വകുപ്പിൻ്റെ പ്രവർത്തനങ്ങളിൽ പൂർണമായ സുതാര്യത ഉറപ്പുവരുത്തുകയാണ് പുതിയ തീരുമാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വകുപ്പിനെ അഴിമതിരഹിതമായി മുന്നോട്ട് കൊണ്ടുപോകുക എന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. മുൻകാലങ്ങളിലെ വിവാദങ്ങൾക്കും വീഴ്ചകൾക്കും വിരാമമിട്ട്, ജനവിശ്വാസം വീണ്ടെടുക്കുന്ന രീതിയിലാകും വകുപ്പിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കെതിരെ പുതിയ കര്മ്മപദ്ധതി വരുന്നു
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ എക്സൈസ് വകുപ്പ് പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകും. മുൻപ് വിജയകരമായി നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' മാതൃകയിൽ, എക്സൈസ് വകുപ്പിൻ്റെ തനതായ ലഹരി വിരുദ്ധ പരിപാടികൾ ഉടൻ തന്നെ പുനരാരംഭിക്കും. വിദ്യാലയങ്ങളും പൊതുഇടങ്ങളും കേന്ദ്രീകരിച്ച് വിപുലമായ പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടപ്പിലാക്കുമെന്നും എം. ലിജു വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ ഊര്ജിതം
എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതെന്ന് എം ലിജു നേരത്തെ പറഞ്ഞിരുന്നു. എക്സൈസ് നയം സമൂഹത്തിന് നിർണായകമാണ്. നയത്തിൽ മാറ്റമുണ്ടാകും. ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ നടക്കുകയാണെന്നും എല്ലാവരുടെയും അഭിപ്രായം കേൾക്കും. എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം. തുടർച്ചയായി എക്സൈസ് ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നുണ്ട്. ആന്റി നാർക്കോട്ടിക്ക് ആക്ഷനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. പാർട്ടിക്കുള്ളിലും മുന്നണികളിലും ചർച്ച ചെയ്യും. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
കേരളത്തിൻ്റെ മണ്ണിൽ നിന്ന് ലഹരി ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ദൗത്യം സംസ്ഥാനത്തുടനീളം അതിശക്തമായി പുരോഗമിക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ഈ മാസ്സീവ് ആൻ്റി-ഡ്രഗ് കാമ്പയിൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും എക്സൈസ് മന്ത്രി എം. ലിജുവിൻ്റെയും നേരിട്ടുള്ള ഏകോപനത്തിലാണ് മുന്നേറുന്നത്.
കേവലം തെരുവ് കച്ചവടക്കാരെയോ അവസാന കണ്ണികളെയോ മാത്രം പിടികൂടുന്ന പഴയ രീതിക്ക് പകരം, ലഹരി മരുന്നുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അന്തർസംസ്ഥാന വമ്പന്മാരെയാണ് ഓപ്പറേഷൻ തൂഫാൻ ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിലെ 84 പൊലീസ് സബ് ഡിവിഷനുകളിലും നാല് പ്രത്യേക സ്ക്വാഡുകൾ വീതം 24 മണിക്കൂറും രംഗത്തുണ്ട്. അയൽ സംസ്ഥാനങ്ങളിലെ രഹസ്യ ലഹരി നിർമ്മാണ ലബോറട്ടറികൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ മറ്റ് 5 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് മേധാവിമാരുമായി കൈകോർത്താണ് ഇത്തവണത്തെ നീക്കം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR