Enter your Email Address to subscribe to our newsletters

New delhi, 05 ജൂണ്‍ (H.S.)
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില് ജനസംഖ്യാപരമായ മാറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാള്‍, ത്രിപുര, ബിഹാര്‍ എന്നിവടങ്ങളിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്രമസമാധാനം നിലനിര്‍ത്തുമെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലെ ലങ്കാമുറ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലെ വിടവുകള്‍ നികത്താന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കും. സര്‍ക്കാരിന്റെ 'സ്മാര്‍ട്ട് ബോര്‍ഡര്‍' പദ്ധതി അവസാന ഘട്ടത്തിലാണ്. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യാപരമായ മാറ്റങ്ങള് അനുവദിക്കില്ല. കൂടാതെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും ബിഎസ്എഫ് ഡയറക്ടര്‍ ജനറലിനോടും ആവശ്യപ്പെട്ടതായി അമിത് ഷാ പറഞ്ഞു.
പുതിയ സുരക്ഷാ ഗ്രിഡില്‍ അത്യാധുനിക സാങ്കേതികവിദ്യ, പ്രാദേശിക ഭരണകൂടം, അതിര്‍ത്തി കാവല്‍ക്കാര്‍ എന്നിവ ഉള്‍പ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് വിതരണം തുടങ്ങിയവ ഇത്തരം പ്രദേശങ്ങളിലൂടെയാണ് നടക്കുന്നത്. എന്നാല്‍ ബിഎസ്എഫ് ജവാന്‍മാര്‍ ഈ വെല്ലുവിളികളെ നേരിടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇവ തടഞ്ഞാല്‍ മാത്രമാണ് 2027ഓടെ വികസിത രാഷ്ട്രം എന്ന സ്വപ്നം പൂവണിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 'സ്മാര്‍ട്ട് ബോര്‍ഡര്‍' പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ഉള്ള 6,000 കിലോമീറ്റര്‍ അതിര്‍ത്തികള്‍ അഭേദ്യമാക്കുന്നതിനും രാജ്യത്തിന്റെ ജനസംഖ്യാശാസ്ത്രം മാറ്റാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നുഴഞ്ഞുകയറ്റം തടയുക മാത്രമല്ല, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S