മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 17,150 രൂപ പിടികൂടി.
Kasaragod , 05 ജൂണ് (H.S.) മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 17,150 രൂപ പിടികൂടി. കാസർകോട് ആർടിഒ ഓഫിസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വ്യാപക അഴിമതി നടക്കുന്ന
KASARAGOD RTO OFFICE RAID


Kasaragod , 05 ജൂണ് (H.S.)

മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 17,150 രൂപ പിടികൂടി. കാസർകോട് ആർടിഒ ഓഫിസ് വരാന്തയിലെ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു മൂന്ന് ഓഫിസുകളിൽ ഒരേസമയം പരിശോധന നടത്തിയത്.

ഏജൻ്റുമാർക്ക് അതിവേഗ സേവനം

പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അവഗണിക്കുമ്പോഴും ഏജൻ്റുമാർ നൽകുന്ന ഫയലുകൾ യാതൊരു താമസമവുമില്ലാതെ തീർപ്പാക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആർടിഒ, ജോയിൻ്റ് ആർടിഒ ഓഫിസുകൾ കേന്ദ്രീകരിച്ച് അന്വേഷണസംഘം കെണിയൊരുക്കിയത്. ഉച്ചയ്ക്ക് ശേഷവും ഓഫിസ് സമയം കഴിഞ്ഞിട്ടും ഈ ഓഫിസുകളിൽ ഏജൻ്റുമാരുടെ സാന്നിധ്യം തുടരുന്നത് സംശയത്തിന് ഇടയാക്കിയതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഔദ്യോഗികമായി കൈവശം വയ്ക്കാൻ പാടില്ലാത്ത നിരവധി അപേക്ഷകളും വാഹന രേഖകളും ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ആർടിഒ ഓഫിസിൽ ഏജൻ്റുമാർ ഒപ്പിട്ടു നൽകേണ്ട 24 സമ്മതപത്രങ്ങളും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. ഇടനിലക്കാർ മുഖേന വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ ഉദ്യോഗസ്ഥർ നടത്തിയതിൻ്റെ തെളിവുകളും പരിശോധനയിൽ ലഭിച്ചു.

മൂന്ന് ഓഫിസുകളിൽ ഒരേസമയം റെയ്ഡ്

കാസർകോട് ആർടിഒ ഓഫിസിൽ ഡിവൈഎസ്പി കെ വി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. ഇവിടെ നിന്നാണ് വരാന്തയിലെ ചെടിച്ചട്ടിക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ പണം കണ്ടെടുത്തത്. പരിശോധന നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥരിൽ ആരോ പണം അവിടെ കൊണ്ടുപോയി ഒളിപ്പിച്ചതാണെന്നാണ് നിഗമനം. തുടർന്ന് വരാന്തയിലും ഓഫിസിലും വിശദമായ പരിശോധന നടന്നു. കാഞ്ഞങ്ങാട് ജോയിൻ്റ് ആർടിഒ ഓഫിസിൽ വിജിലൻസ് ഇൻസ്പെക്ടർ നാരായണൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഇവിടെ പല ഉദ്യോഗസ്ഥരിൽ നിന്നും അനധികൃതമായി സൂക്ഷിച്ച നിരവധി രേഖകളും പണവും കണ്ടെത്തി. വെള്ളരിക്കുണ്ട് ഓഫിസിൽ കണ്ണൂർ വിജിലൻസ് സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

സേവനങ്ങൾക്കായി ഓഫിസുകളിലെത്തുന്ന പൊതുജനങ്ങളെ മണിക്കൂറുകളോളം വരി നിർത്തുമ്പോഴാണ് ഏജൻ്റുമാർക്ക് ഉദ്യോഗസ്ഥർ പൂർണ സഹായം ചെയ്യുന്നത്. പണം നൽകിയാൽ കാര്യങ്ങൾ അതിവേഗം നടത്തിക്കൊടുക്കുന്ന സംഘമാണ് പ്രവർത്തിക്കുന്നത്. ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഏജൻ്റുമാർ വലിയ തുക കൈക്കൂലി ഈടാക്കുന്നുണ്ട്. നേരിട്ട് അപേക്ഷ നൽകുന്നവരുടെ ഫയലുകൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയാണ് ചെയ്തിരുന്നത്. ദിവസങ്ങളോളം കയറിയിറങ്ങി മടുക്കുമ്പോഴാണ് പലരും ഏജൻ്റുമാരെ സമീപിക്കുന്നത്.

പൊതുജനങ്ങൾക്ക് സംശയമുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർ നേരിട്ട് പണം കൈപ്പറ്റുന്നതിന് പകരം ഏജൻ്റുമാർ വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഓഫിസ് സമയം അവസാനിച്ച ശേഷം ഏജൻ്റുമാരും ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് പണം വീതം വയ്ക്കുന്നതാണ് ഈ ഓഫിസുകളിലെ പതിവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഓരോ സേവനങ്ങൾക്കും കൃത്യമായ നിരക്ക് നിശ്ചയിച്ചാണ് ഇടനിലക്കാർ പണം പിരിച്ചിരുന്നത്.

ഇത് സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടത്തിന് കാരണമാകുന്നുമുണ്ട്. സാധാരണക്കാരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്ന വലിയൊരു മാഫിയ തന്നെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ മറവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. പിടിച്ചെടുത്ത പണത്തിൻ്റെയും രേഖകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ഗതാഗത വകുപ്പിനോട് ശിപാർശ ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലൻസിൻ്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News