Enter your Email Address to subscribe to our newsletters

Thiruvananthapuram , 05 ജൂണ് (H.S.)
വന്യജീവി ഇൻഷുറൻസ് സുരക്ഷാ പദ്ധതി
കർഷകർക്കും വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും ഇൻഷുറൻസ് മാതൃക തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും.
ഫോറസ്റ്റ് വെറ്ററിനറി വിഭാഗത്തിന്റെ ശാക്തീകരണം
12 ലാൻഡ്സ്കേപ്പുകളിലും ഫോറസ്റ്റ് വെറ്ററിനറി വിഭാഗത്തിന്റെ നവീകരണത്തിനും ശാക്തീകരണത്തിനും പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും.
കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നേരിടാൻ നിയമഭേദഗതി
ജനവാസമേഖലകളിൽ മനുഷ്യ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി പൊതുജനങ്ങളുടെ അപേക്ഷയിന്മേൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓണററി വൈൽഡ്ലൈഫ് വാർഡൻ / അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അങ്ങനെയുള്ള പ്രദേശത്ത് അത്തരം കാട്ടുപന്നികളെ സ്വയം വേട്ടയാടി കൊല്ലുന്നതിന് അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേന കൊല്ലിക്കുന്നതിന്, അതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് നൽകാൻ അധികാരപ്പെടുത്തിക്കൊണ്ട് സ.ഉ.(കൈ) 29/2022/വനം തീയതി 28/05/2022 പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ടായിരുന്നു. ഈ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓണററി വൈൽഡ്ലൈഫ് വാർഡന്മാരായ അദ്ധ്യക്ഷന്മാർക്കും അധികാരപ്പെട്ട ഉദ്യോഗസ്ഥന്മാരായ സെക്രട്ടറിമാർക്കും 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പ് 5(2) പ്രകാരം ചീഫ് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഡെലിഗേറ്റ് ചെയ്ത് നൽകുകയും ചെയ്തിട്ടുള്ളതാണ്. ഈ ഉത്തരവുകൾക്ക് നിലവിൽ 27/05/2027 വരെ പ്രാബല്യമുണ്ട്. മേൽ ഉത്തരവുകൾ പ്രകാരം 31/03/2026 വരെ 6959 കാട്ടുപന്നികളെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഉന്മൂലനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കാട്ടുപന്നികൾ കാരണം നഷ്ടപ്പെട്ടിട്ടുള്ളത് 34 ജീവനുകളാണ്. ഈ സാഹചര്യത്തിൽ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന നടപടികൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ കുറഞ്ഞത് ഒരു വർഷത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള പുതുക്കിയ പ്രപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതാണ്. നിലവിൽ നാടൻ കുരങ്ങുകൾ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ I ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാടൻ കുരങ്ങുകളെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ I ൽ നിന്നും ഷെഡ്യൂൾ II ലേക്ക് മാറ്റുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. പ്രൊപ്പോസൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാർ വനം വകുപ്പിനോട് ആരാഞ്ഞിട്ടുണ്ട്. അത് സംബന്ധിച്ച പുതുക്കിയ പ്രൊപ്പോസൽ സമയബന്ധിതമായി കേന്ദ്ര സർക്കാരിന് നൽകും.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉപദേശക സമിതി
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും കർഷക പ്രതിനിധികൾ, വനാശ്രിത സമൂഹ പ്രതിനിധികൾ, വിഷയ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന തല ഉപദേശക സമിതി രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വന്യജീവികളെ ആകർഷിക്കാത്തതോ അകറ്റി നിർത്തുന്നതോ ആയിട്ടുള്ള വിളകൾ, കാർഷിക രീതികൾ, സങ്കേതങ്ങൾ എന്നിവ യോജിപ്പിച്ചുകൊണ്ട് കർഷകർക്ക് മികച്ച വരുമാനം പ്രദാനം ചെയ്യുന്ന കൃഷി രീതികൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല, വനഗവേഷണ കേന്ദ്രം, കർഷക പ്രതിനിധികൾ എന്നിവരുമായി സഹകരിച്ച് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. കാർഷിക ശാസ്ത്രജ്ഞൻമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത് Wildlife Smart Agriculture എന്ന പദ്ധതിക്ക് രൂപം നൽകും.
വന്യജീവികളുടെ കണക്കെടുപ്പും വാഹകശേഷി നിർണ്ണയവും
വന്യജീവികളുടെ വംശവർദ്ധനവ് സംബന്ധിച്ച് ധാരാളം സംശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ആവശ്യമായ തീറ്റയും വെള്ളവും ലഭ്യമല്ലാത്തതിനാലും മനുഷ്യ-വന്യമൃഗ സംഘർഷത്തിൽ ഉൾപ്പെട്ടുപോകുന്ന ചില ജന്തുവർഗ്ഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാലുമാണ് അത്തരം വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നുമുള്ള വിശ്വാസം സമൂഹത്തിൽ രൂഢമൂലമാണ്. പക്ഷേ ശാസ്ത്രീയമായ പഠനങ്ങളിലും നിരീക്ഷണങ്ങളിലും കണക്കെടുപ്പുകളിലും വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി കാണുന്നുമില്ല. എന്നാൽ പ്രാദേശികമായി ചിലയിടങ്ങളിൽ ചിലയിനങ്ങളിൽപ്പെട്ട ജീവികളുടെ എണ്ണത്തിൽ വർദ്ധനവ് അനുഭവപ്പെടുന്നുമുണ്ട്. അതുമൂലം അത്തരം പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി അനുഭവപ്പെടുന്നുണ്ട്. ആധുനിക കാലത്ത്, വാർത്താ വിനിമയ മാധ്യമങ്ങളുടെ സജീവ സാന്നിദ്ധ്യം മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യാനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ കാടുകളുടെ വാഹകശേഷി സംബന്ധിച്ച് പഠനം നടത്തുന്നതിനായി ഡെറാഡൂണിലെ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുന്നതാണ്. കേരളത്തിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസമേഖലകളിൽ മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കുന്നതിന് ഒരു കാരണമായി വന്യജീവികളുടെ എണ്ണവർദ്ധനവ് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്തരത്തിൽ വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഉണ്ടെങ്കിൽ അവയുടെ സയന്റിഫിക് മാനേജ്മെന്റിനും വന്യജീവികളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിൽ നാടൻ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ കണക്കെടുപ്പ് സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റേയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ നടത്തുവാനും മറ്റു പ്രധാന സ്പീഷീസുകളുടെ കണക്കെടുപ്പ് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും വനം വകുപ്പ് ലക്ഷ്യം വയ്ക്കുന്നു. വന്യമൃഗങ്ങൾ താവളങ്ങളാക്കുന്ന പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകൾ വൃത്തിയാക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരും ഇത്തരത്തിലുള്ള സ്ഥലങ്ങൾ മാപ്പ് ചെയ്യും. വ്യവസായ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ എസ്റ്റേറ്റുകൾ എന്നിവയുടെ സഹകരണത്തോടെ വനാതിർത്തി പ്രദേശത്തെ അടിക്കാടുകൾ യഥാസമയം തെളിയിക്കും. ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളിലെ അടിക്കാടുകൾ തെളിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഗജസംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കും വനം വകുപ്പിന്റെ കീഴിലുള്ള ആന സംരക്ഷണ കേന്ദ്രങ്ങൾ നവീകരിക്കുന്നതിനുള്ള പ്രപ്പോസൽ സമർപ്പിക്കും. നാട്ടാന പരിപാലന ചട്ടങ്ങൾ പരിഷ്കരിക്കും. വെറ്ററിനറി ഡോക്ടർമാർ, ആനയുടമസ്ഥർ / കൈവശക്കാർ, പാപ്പാന്മാർ എന്നിവർക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം – ആസൂത്രണവും വിഭവ സമാഹരണവും ലാൻഡ്സ്കേപ്പ്തല പ്ലാനുകളുടെ പൂർത്തീകരണം ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിന്റെ ഭൂപ്രകൃതിപോലെ തന്നെ വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-കാർഷിക-ജൈവ വൈവിധ്യങ്ങളും കേരളത്തിന്റെ പ്രത്യേകതയാണ്. വിവിധ പ്രദേശങ്ങളിൽ വിവിധയിനം വന്യജീവികൾ കാരണം പലതരത്തിലുള്ള സംഘർഷങ്ങളും കേരളത്തിൽ അനുഭവപ്പെടുന്നുണ്ട്. കേരളത്തിന്റെ ഈ പ്രത്യേകതകൾകൊണ്ടു തന്നെ ഫലപ്രദമായ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ ഭൗമ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ജൈവവൈവിധ്യ പരമായ പ്രത്യേകതകൾ പരിഗണിക്കേണ്ടത് അനിവാര്യമാകുന്നു. ഭൂപ്രകൃതി, സംഘർഷങ്ങളിൽ ഉൾപ്പെടുന്ന വന്യജീവികളുടെ ഇനം, ഭൂവിനിയോഗം, സംഘർഷത്തിന്റെ രീതിയും തോതും, പരിഹാരത്തിനായുള്ള ശ്രമങ്ങൾ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ജനവാസമേഖലകൾ, കാർഷിക മേഖലകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ-നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഇത്തരം സംഘർഷങ്ങൾ കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളെ 12 ലാൻഡ്സ്കേപ്പുകൾ അഥവാ ഭൂപ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള ചർച്ചയ്ക്കും വിശകലനത്തിനും അനുസൃതമായി ഓരോ ലാൻഡ്സ്കേപ്പിനും ഏറ്റവും അനുയോജ്യമായ പരിഹാരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ലാൻഡ്സ്കേപ്പ് തല മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതികൾ രൂപീകരിക്കും. ഇത്തരം ലാൻഡ്സ്കേപ്പ് തല കർമ്മപദ്ധതികളുടെ ആകെത്തുകയായിരിക്കും സംസ്ഥാനതല മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതി. ഈ കർമ്മപദ്ധതികളുടെ നടത്തിപ്പിന്റെ ഫലപ്രാപ്തി വർഷാവർഷം വിലയിരുത്തി ഭേദഗതികൾ ആവശ്യമായിട്ടുണ്ടെങ്കിൽ ആയത് വരും വർഷങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും നടപ്പിൽ വരുത്തുക. ഇതിലൂടെ ലാൻഡ്സ്കേപ്പ് അടിസ്ഥാനത്തിലുള്ളതും, വികേന്ദ്രീകൃതമായതും, വിവിധ വകുപ്പുകളുടെ പങ്കാളിത്തോടെ ആസൂത്രണം ചെയ്തതുമായ ദീർഘകാല-ഹ്രസ്വകാല പ്രവർത്തനങ്ങൾ മുഖേന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം കൂടുതൽ ഫലപ്രദമായി ഉറപ്പുവരുത്താനാകും.
*പഞ്ചായത്ത്തല കർമ്മപദ്ധതിരേഖകളുടെ പൂർത്തീകരണം* മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന 273 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കേരളത്തിലുണ്ട്. ഇവയിൽ 30 ഇടങ്ങൾ ഹോട്ട്സ്പോട്ടുകളാണ്. അടുത്ത അഞ്ചു വർഷത്തിൽ ഇത്തരം സംഘർഷ ബാധിത പഞ്ചായത്തുകൾ / മുനിസിപ്പാലിറ്റികൾ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം എവ്വിധം പ്രാവർത്തികമാക്കുമെന്നതിനെക്കുറിച്ച് വിശദമായ കർമ്മപദ്ധതി അതാത് പഞ്ചായത്ത് / മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ തയ്യാറാക്കും. വിഭവ സമാഹരണം മുതൽ നിർവഹണം വരെയുള്ള വിശദമായ വിവരങ്ങൾ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തും. *വിഭവസമാഹരണ പ്രവർത്തനങ്ങൾ* പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന പ്രൈമറി റെസ്പോൺസ് ടീമുകൾ, സർപ്പ വോളന്റീയർമാർ മുതലായവരുടെ ചെലവുകൾ വഹിക്കുന്നതിനും അവർക്ക് യൂണിഫോമുകൾ, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, കിറ്റുകൾ മുതലയാവ വാങ്ങി നൽകുന്നതിനും ടീം ഉപകരണങ്ങൾ വാങ്ങി പരിപാലിക്കുന്നതിനും മറ്റും പഞ്ചായത്ത് തലത്തിൽ ചെലവഴിക്കാവുന്ന ഫണ്ട് രൂപീകരിക്കേണ്ടതുണ്ട്. CSR ഫണ്ടുകളുടെ സമാഹരണവും പരിഗണനയിലുണ്ട്. *ഡിജിറ്റൽ ജനസേവന പദ്ധതികൾ നടപ്പാക്കും* മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിനുള്ള ഏകീകൃത ഓൺലൈൻ പോർട്ടൽ, WhatsApp അധിഷ്ഠിത സേവനങ്ങൾ (ഇക്കോ ടൂറിസം, SARPA), ജനസേവനങ്ങൾക്കായി AI ചാറ്റ്ബോട്ട്, നമ്മുടെ കേരളം ആപ്പുമായി സേവനങ്ങളുടെ സംയോജനം, വനാതിർത്തി പ്രദേശങ്ങളിൽ സ്വകാര്യഭൂമിക്ക് NOC നൽകുന്നതിനുള്ള സോഫ്റ്റ്വെയർ, ചന്ദനമരം മുറിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം, 24/7 വനം കോൾ സെന്റർ എന്നിവ സജ്ജമാക്കും. സാമൂഹിക വനവത്കരണവും വന സംരക്ഷണ ബോധവത്കരണ പരിപാടികളും എല്ലാ ജില്ലകളിലും നഗരവനവത്കരണത്തിന്റെ ഭാഗമായി ‘മിയാവാക്കി’ മാതൃകയിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫോറസ്ട്രി ക്ലബുകളുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കും. WILD 100 – വനസംരക്ഷണ ബോധവത്കരണത്തിനായി ഹ്രസ്വചിത്ര പരമ്പര തയ്യാറാക്കും. *മറ്റു ദീർഘകാല പ്രവർത്തനങ്ങൾ* വന്യജീവി വാരാഘോഷം – ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്ര ശില്പശാല ലോകപ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഒരു അന്താരാഷ്ട്ര ശില്പശാല വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് 2026 ഒക്ടോബർ ആദ്യവാരം സംഘടിപ്പിക്കും. ഇതോടൊപ്പം കേരളത്തിലെ Budding Photographers ന് വേണ്ടിയുള്ള മത്സരങ്ങളും നടത്തും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR