Enter your Email Address to subscribe to our newsletters

Idukki , 05 ജൂണ് (H.S.)
വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ വീണ്ടും 'ഹോസ് കൊമ്പൻ' കാട്ടാന ഇറങ്ങി യാത്രക്കാരുടെ വഴി തടഞ്ഞു. മണിക്കൂറുകളോളമാണ് മേഖലയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാർ മറയൂർ മേഖലകളിലുണ്ടായ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വീണ്ടുമൊരു ആന കൂടി ജനവാസ മേഖലയോട് ചേർന്നുള്ള റോഡിലിറങ്ങിയത് പ്രദേശവാസികളിലും വിനോദസഞ്ചാരികളിലും വലിയ രീതിയിലുള്ള ഭീതി പരത്തിയിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് മാട്ടുപ്പെട്ടി ഡാമിന് സമീപമുള്ള പ്രധാന റോഡിലേക്ക് ഹോസ് കൊമ്പൻ ഇറങ്ങിവന്നത്. റോഡിന് നടുവിൽ നിലയുറപ്പിച്ച ആന, വാഹനങ്ങൾക്ക് നേരെ തിരിയുകയും യാത്ര തടസപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇരുവശത്തുനിന്നുമുള്ള കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. മുൻപും പലതവണ ഈ മേഖലയിൽ ഹോസ് കൊമ്പൻ വാഹനങ്ങൾ തടയുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ച ശേഷമാണ് ആനയെ കാട്ടിലേക്ക് തിരികെ കയറ്റിവിട്ടത്.
തുടർക്കഥയാകുന്ന വന്യജീവി ആക്രമണങ്ങൾ
മൂന്നാർ, മറയൂർ മേഖലകളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലിറങ്ങി വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് നേരെയും കൃഷിയിടങ്ങൾക്ക് നേരെയും നിരന്തരം ആക്രമണമാണ് ഉണ്ടാകുന്നത്. ലയങ്ങളും വാഹങ്ങളും തകർക്കപ്പെടുന്നതും വന്യമൃഗങ്ങൾ ജനങ്ങൾക്ക് നേരെ തിരിയുന്നതും ഇപ്പോൾ ഈ മേഖലകളിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരുവിധ സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മൂന്നാർ-മാട്ടുപ്പെട്ടി റൂട്ടിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവായതോടെ വിനോദസഞ്ചാരികളുടെ സുരക്ഷയും വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ആനകളെ ജനവാസ മേഖലകളിൽ നിന്നും സ്ഥിരമായി അകറ്റി നിർത്താൻ വനംവകുപ്പ് കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. ലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
വനംവകുപ്പിനെതിരെ ജനകീയ പ്രതിഷേധം.
ഈ വന്യജീവി പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് ദ്രുതകർമ്മ സേനയെ വിന്യസിക്കണമെന്നുമാണ് മൂന്നാർ മറയൂർ മേഖലകളിലെ ജനങ്ങളുടെ ശക്തമായ ആവശ്യം. വരും ദിവസങ്ങളിൽ കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR