Enter your Email Address to subscribe to our newsletters

Thrissur, 05 ജൂണ്‍ (H.S.)
യുവാക്കളിലും വിദ്യാര്‍ത്ഥികളിലുമുള്ള ലഹരി വ്യാപനം തടയുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എക്സൈസ് വകുപ്പിനെ ശാക്തീകരിക്കുമെന്ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. തൃശ്ശൂര്‍ എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 66 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സമഗ്രമായ മദ്യനയം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതായി സര്‍വ്വീസിലേക്ക് പ്രവേശിക്കുന്ന കേഡറ്റുകള്‍ കര്‍മ്മ നിരതരും, സത്യസന്ധരും ആകേണ്ടതിനെക്കുറിച്ചും മന്ത്രി ഓര്‍മ്മപ്പെടുത്തി.
പരിശീലനം പൂര്‍ത്തിയാക്കിയ 66 ട്രെയിനികളില്‍ 41 ബിരുദധാരികളും, ഏഴ് ബിരുദാനന്തര ബിരുദധാരികളും, എട്ട് ബി.ടെക് ബിരുദധാരികളും, ഒരു എം.ബി.എ. ബിരുദധാരിയും, ഒരു ബി.എഡ്. ബിരുദധാരിയും, ആറ് ഡിപ്ലോമ ബിരുദധാരികളും ഉള്‍പ്പെടുന്നു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എക്‌സൈസ് അക്കാദമി കോംമ്പൗണ്ടില്‍ ഫലവൃക്ഷതൈകള്‍ നട്ട് മന്ത്രി നിര്‍വ്വഹിച്ചു. പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകള്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. അക്കാദമിയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന അനീഷിന്റെ മരണാനന്തരമുള്ള ധനസഹായം അനീഷിന്റെ കുടുംബത്തിന് കൈമാറി.
ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങ് പ്രതികൂല കാലാവസ്ഥയിലും വര്‍ണ്ണാഭമായി. എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവു, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ ടി.എം മജു എന്നിവര്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ എച്ച്. കൃഷ്ണകുമാര്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍, ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലേയും എക്‌സൈസ് വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S