Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ജൂണ് (H.S.)
തിരുവനന്തപുരം: ബവ്കോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന എക്സൈസ് മന്ത്രിയുടെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ, കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായി അകലം പാലിച്ച് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. ഔദ്യോഗികമായി അവധി എടുത്തിട്ടില്ലെങ്കിലും, ദൈനംദിന കാര്യങ്ങളിൽ ഇടപെടാതെ ഒരു അവധിക്ക് സമാനമായ രീതിയിലാണ് അദ്ദേഹം ഇപ്പോൾ പെരുമാറുന്നത്. സി.എം.ഡി നിലപാട് കടുപ്പിച്ചതോടെ ബവ്കോയിലെ ഭരണപരമായ കാര്യങ്ങൾ പൂർണ്ണമായി സ്തംഭിച്ചതായും ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഹാരം കാണാൻ കഴിയുന്നില്ലെന്നുമാണ് ഉയരുന്ന പരാതി.
യോഗത്തിലും മൗനം; അകലം പാലിച്ച് സി.എം.ഡി
കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ബവ്കോ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിരുന്നു. കോർപ്പറേഷന്റെ ഭാവി പ്രവർത്തനങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത ഈ നിർണ്ണായക യോഗത്തിൽ സി.എം.ഡി എന്ന നിലയിൽ അജിത് കുമാറും പങ്കെടുത്തിരുന്നു. എന്നാൽ യോഗത്തിലുടനീളം യാതൊരുവിധ നിർദേശങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കാതെ അദ്ദേഹം പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉന്നത ഉദ്യോഗസ്ഥൻ തന്നെ നിസ്സംഗത പാലിക്കുന്നത് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക മറ്റ് ജീവനക്കാർക്കുമുണ്ട്.
'ജവാൻ റം' പ്രതിസന്ധിയിൽ; കത്തുകൾക്ക് മറുപടിയില്ല
ബവ്കോ സി.എം.ഡിയുടെ ഈ പിന്മാറ്റം സ്ഥാപനത്തിന്റെ ബിസിനസിനെത്തന്നെ ബാധിക്കുന്ന രീതിയിലേക്ക് വളരുകയാണ്. സർക്കാർ ബ്രാൻഡായ പ്രശസ്തമായ 'ജവാൻ റമ്മിന്റെ' ഉൽപാദനം വിവിധ കാരണങ്ങളാൽ നിർത്തിവെക്കേണ്ടി വരുമെന്ന് കാണിച്ച് പ്ലാന്റ് മാനേജർ സി.എം.ഡിക്ക് കത്തയച്ചിരുന്നു.
കത്തിന്റെ ഉള്ളടക്കം:
വിവിധ സാങ്കേതിക-അസംസ്കൃത വസ്തുക്കളുടെ ക്ഷാമം മൂലം ജവാൻ റമ്മിന്റെ ഉൽപാദനം തുടരാൻ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഉൽപാദനം പൂർണ്ണമായി നിർത്തേണ്ടി വരും.
എന്നാൽ, കോർപ്പറേഷന് വൻ ലാഭം നേടിത്തരുന്ന ഈ ജനപ്രിയ ബ്രാൻഡിന്റെ ഉൽപാദനം പ്രതിസന്ധിയിലായിട്ടും ഈ കത്തിന്മേൽ തുടർനടപടികളോ നിർദേശങ്ങളോ നൽകാൻ അജിത് കുമാർ തയ്യാറായിട്ടില്ല. മന്ത്രിയുമായുള്ള ഭിന്നതയെത്തുടർന്ന് സി.എം.ഡി പദവിയിൽ നിന്ന് ഏതു നിമിഷവും മാറ്റപ്പെട്ടേക്കാം എന്ന സൂചന ലഭിച്ചതോടെയാണ് അജിത് കുമാർ ഈ രീതിയിൽ കാര്യങ്ങളിൽ നിന്ന് പിന്നാക്കം പോയതെന്നാണ് വിവരം. ഇതോടെ ബവ്കോയുടെ മുന്നോട്ടുള്ള പ്രവർത്തനം വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K