ചിരിയുടെ തമ്പുരാന് കണ്ണീരോടെ വിട;
Ernakulam , 07 ജൂണ് (H.S.) മലയാളികളെ ദശാബ്ദങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിം കുമാറിൻ്റെ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പറവൂരിലെ അദ്ദേഹത്തിൻ്റെ വസതിയായ ''ലാഫിങ്ങ് വില്ല''യുടെ മുറ്റത്താണ് ചിതയൊരുക
Salimkumar


Ernakulam , 07 ജൂണ് (H.S.)

മലയാളികളെ ദശാബ്ദങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിം കുമാറിൻ്റെ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പറവൂരിലെ അദ്ദേഹത്തിൻ്റെ വസതിയായ 'ലാഫിങ്ങ് വില്ല'യുടെ മുറ്റത്താണ് ചിതയൊരുക്കിയത്. ആയിരക്കണക്കിന് ആരാധകരെയും സഹപ്രവർത്തകരെയും സാക്ഷിയാക്കിയാണ് മലയാളത്തിൻ്റെ അനശ്വര കലാകാരൻ വിടവാങ്ങിയത്. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തിരികൊളുത്തിയത്. തൻ്റെ സംസ്കാര ചടങ്ങുകളിൽ മതപരമായ കർമങ്ങൾ ഒഴിവാക്കണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം പൂർണമായും മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് സംസ്കാരം പൂർത്തിയാക്കിയത്.

ശനിയാഴ്ച രാത്രിയിലുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്നായിരുന്നു സലിം കുമാറിൻ്റെ വിയോഗം. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം പറവൂരിലേക്ക് എത്തിച്ചു. പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പ്രിയ നടനെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്. തുടർന്ന് രണ്ട് മണിയോടെ ഭൗതിക ശരീരം ലാഫിങ്ങ് വില്ലയിൽ എത്തിച്ചു. മൂന്നരയോടെ സംസ്ഥാന സർക്കാരിൻ്റെ ഗാർഡ് ഓഫ് ഹോണർ നൽകിയ ശേഷമാണ് ചിതയിലേക്ക് എടുത്തത്.

മുഖ്യമന്ത്രി വി ഡി സതീശൻ, സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ്, ഡെപ്യൂട്ടി മേയര് ഷാനിമോള് ഉസ്മാന്, ഹൈബി ഈഡന് എംപി എന്നിവരുൾപ്പെടെ ഭരണ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചലച്ചിത്ര മേഖലയിലെ നിരവധി സഹപ്രവർത്തകരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി അമൃത ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലായിരുന്നെങ്കിലും തങ്ങൾക്കിടയിൽ വലിയ വ്യക്തിബന്ധവും സ്നേഹവും ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. സലീമേട്ടൻ ഇന്ത്യൻ സിനിമ അടയാളപ്പെടുത്തിയ നടനാണെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

അക്ഷരാർഥത്തിൽ സഹോദരതുല്യൻ: മുഖ്യമന്ത്രി വി ഡി സതീശൻ

സലിം കുമാറിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ വികാരാധീനനായി അനുസ്മരിച്ചു. ഏത് കടുത്ത സാഹചര്യത്തിലും മലയാളിയെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ ശേഷിയുള്ള നർമബോധത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിപരമായി എനിക്ക് സഹോദരതുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാൻ പറവൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയ കാലം മുതൽ അദ്ദേഹവുമായി വലിയ ഹൃദയബന്ധമുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് മുതൽ വിജയം പ്രഖ്യാപിക്കുന്നത് വരെ ഷൂട്ടിങ് പോലും മാറ്റിവെച്ച് അദ്ദേഹം കൂടെയുണ്ടാകുമായിരുന്നു. എൻ്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്തത് സലിം കുമാറാണ്. മരണം വരെ ഉറച്ച കോൺഗ്രസ് രാഷ്ട്രീയ ബോധ്യത്തിൽ നിലകൊണ്ട വ്യക്തിയാണ് അദ്ദേഹം. ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പറവൂരിലെ പൗരാവലി നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. ആ കുടുംബം എൻ്റെയും കൂടിയാണ്, അവരെ ഞങ്ങൾ ചേർത്തുപിടിക്കും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹാസ്യനടൻ എന്നതിനപ്പുറം മികച്ചൊരു സ്വഭാവനടൻ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. 'ആദാമിൻ്റെ മകൻ അബു' എന്ന ചിത്രത്തിലെ വിസ്മയകരമായ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. സലിം കുമാറിൻ്റെ വിയോഗം മലയാള സിനിമയ്ക്കും കേരളീയ സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരൻ വിടപറയുമ്പോഴും അദ്ദേഹം വെള്ളിത്തിരയിൽ അവശേഷിപ്പിച്ച കഥാപാത്രങ്ങളിലൂടെയും ഡയലോഗുകളിലൂടെയും മലയാളികളുടെ മനസ്സിൽ സലിം കുമാർ എന്നും ജീവിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News