Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 ജൂണ് (H.S.)
ഇന്ത്യയുടെ പ്രമുഖ സമുദ്ര കവാടമായി മാറാനും ബ്ലൂ ഇക്കണോമിയിലൂടെ വൻ വികസന സാധ്യതകൾ തുറക്കാനും കേരളത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വളർച്ച, തൊഴിലവസരങ്ങൾ, സമുദ്ര സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ട് കടൽ-തീരദേശ വിഭവങ്ങൾ സുസ്ഥിരമായി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ബ്ലൂ ഇക്കണോമി. ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് (ജൂൺ 8) ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട ലേഖനത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിൻ്റെ ഭാവി കാർഷിക-വ്യവസായിക മുന്നേറ്റത്തിൽ തീരദേശത്തിനും തുറമുഖങ്ങൾക്കുമുള്ള പ്രാധാന്യം വ്യക്തമാക്കിയത്.
കേരളത്തിൻ്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനൽ, 17ചെറുകിട തുറമുഖങ്ങൾ, ഫിഷിംഗ് ഹാർബറുകൾ, ഉൾനാടൻ ജലാശയങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ ശക്തമായ ഒരു സമുദ്ര സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച അടിത്തറയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ പ്രകൃതിദത്ത ആസ്തികളെ കോർത്തിണക്കി കേരളത്തെ ഒരു പ്രധാന തുറമുഖ അധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് സർക്കാരിൻ്റെ വികസന തന്ത്രം. നിലവിൽ റോഡ് മാർഗം നടത്തുന്ന ചരക്കുനീക്കത്തിൻ്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഘട്ടങ്ങളായി കടൽ മാർഗത്തിലേക്ക് മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം, അദ്ദേഹം പറഞ്ഞു.
ഇതിലൂടെ റോഡ് ഗതാഗതക്കുരുക്ക് കുറയുകയും ഇന്ധന ചെലവ് നിയന്ത്രിക്കപ്പെടുകയും പരിസ്ഥിതി മലിനീകരണം കുറയുകയും ചെയ്യും. ലോജിസ്റ്റിക്സ്, കപ്പൽ നിർമാണം, ക്രൂയിസ് ടൂറിസം, ഫിഷറീസ്, അക്വാകൾച്ചർ, സമുദ്ര സേവനങ്ങൾ എന്നിവ ഇതിലൂടെ വിപുലീകരിക്കപ്പെടും. രണ്ടാം ഘട്ടത്തിൽ ക്രൂയിസ് ഷിപ്പിങ്ങിനും, മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ നദീശൃംഖലകളുമായി ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതികൾക്കുമായിരിക്കും സർക്കാർ മുൻഗണന നൽകുക. കായലുകളും നദികളും തീരദേശ വിനോദസഞ്ചാരവും സംയോജിപ്പിക്കുന്ന പദ്ധതികൾ കേരളത്തിൻ്റെ ടൂറിസം മേഖലക്ക് പുതിയ ഉണർവ് നൽകും.
ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും
കേരളത്തെ തുറമുഖ അധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ കഴിഞ്ഞാൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ പ്രവർത്തനങ്ങൾ, ചരക്ക് കൈകാര്യം, ലോജിസ്റ്റിക്സ്, മത്സ്യബന്ധനം, അക്വാകൾച്ചർ, വിനോദസഞ്ചാരം, കപ്പൽ അറ്റകുറ്റപ്പണി, കപ്പൽ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകൾ വർധിക്കും. യുവാക്കൾക്ക് സംസ്ഥാനത്തിനുള്ളിൽ തന്നെ കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനും ഈ വികസന മാതൃക സഹായകമാകുമെന്ന് അതുതന്നെയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖം ദക്ഷിണേഷ്യയ്ക്ക് മാതൃക
ദുബായുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻ്റെ 28 ശതമാനത്തോളം വരുന്നത് അവിടുത്തെ തുറമുഖ മേഖലയിൽ നിന്നാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, കേരളത്തിൻ്റെ തീരപ്രദേശത്തിനും സമുദ്രവിഭവങ്ങൾക്കും സമാനമായ വലിയ വികസന സാധ്യതകളുണ്ടെന്ന് ഓർമിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന ആഴക്കടൽ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിൻ്റെ വികസനത്തിന് വലിയ കരുത്താകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുസ്ഥിര തുറമുഖ വികസനത്തിൻ്റെ ദക്ഷിണേഷ്യയിലെ മാതൃകയായി വിഴിഞ്ഞം മാറാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര മേഖലയിൽ കേരളത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ഈ തുറമുഖം നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.
പരിസ്ഥിതി വെല്ലുവിളികൾക്കും മുൻഗണന
സമുദ്ര മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, തീരശോഷണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ സമുദ്ര പരിസ്ഥിതിക്കും തീരദേശ സമ്പദ്വ്യവസ്ഥയ്ക്കും ഗുരുതര ഭീഷണിയാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സമുദ്ര വിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗവും സമുദ്ര സംരക്ഷണവും സുസ്ഥിര വികസനത്തിൻ്റെ അടിസ്ഥാന ഘടകങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര സംരക്ഷണം മനുഷ്യരുടെ ഉപജീവനത്തിനും കാലാവസ്ഥാ നിയന്ത്രണത്തിനും ആഗോള വ്യാപാരത്തിനും നിർണായകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഗ്രീൻ പോർട്ടുകൾ, സ്മാർട്ട് ഷിപ്പിംഗ്, ഓഫ്ഷോർ പുനരുപയോഗ ഊർജ്ജ പദ്ധതികൾ, മറൈൻ ബയോടെക്നോളജി, സുസ്ഥിര അക്വാകൾച്ചർ, ബ്ലൂ കാർബൺ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോളതലത്തിൽ നീല സമ്പദ്വ്യവസ്ഥ വളർച്ച പ്രധാന ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും കേരളം ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോക സമുദ്രദിന സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി വിഡി സതീശൻ
സമുദ്രങ്ങളെ സംരക്ഷിക്കുന്നത് ഒരു പരിസ്ഥിതി ഉത്തരവാദിത്തം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ലോക സമുദ്രദിനം ഈ സന്ദേശം കൂടുതൽ ശക്തമായി ഓർമപ്പെടുത്തുന്നതാണെന്നും സമുദ്ര സംരക്ഷണവും സുസ്ഥിര വികസനവും കൈകോർത്ത് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR