ധവളപത്രത്തിനെതിരായ പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കെ.എം ചന്ദ്രശേഖർ; 'എഐ' നിർമ്മിതമെന്ന തോമസ് ഐസക്കിന്റെ ആരോപണം അടിസ്ഥാനരഹിതം
Thiruvananthapuram , 07 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിനെതിരെ (White Paper) പ്രതിപക്ഷം ഉന്നയിച്ച കടുത്ത വിമർശനങ്ങളെല്ലാം വിദഗ്ധ സമിതി അധ്യക്ഷനും മുൻ ക്യാബിനറ്റ് സെക്ര
ധവളപത്രത്തിനെതിരായ പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കെ.എം ചന്ദ്രശേഖർ;


Thiruvananthapuram , 07 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിനെതിരെ (White Paper) പ്രതിപക്ഷം ഉന്നയിച്ച കടുത്ത വിമർശനങ്ങളെല്ലാം വിദഗ്ധ സമിതി അധ്യക്ഷനും മുൻ ക്യാബിനറ്റ് സെക്രട്ടറിയുമായ ഡോ. കെ.എം ചന്ദ്രശേഖർ തള്ളി. ഔദ്യോഗിക വിവരങ്ങളുടെയും കൃത്യമായ കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ധവളപത്രം തയ്യാറാക്കിയിട്ടുള്ളതെന്നും കേരളത്തിന്റെ യഥാർത്ഥ ധനസ്ഥിതി തന്നെയാണ് ഇതിലൂടെ പുറത്തുകൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ധവളപത്രം പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കണക്കുകൾ യഥാർത്ഥം; വസ്തുതകൾ ബോധ്യപ്പെടുത്തും

നിയമസഭയിൽ അവതരിപ്പിച്ചതു മുതൽ സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകൾ ധവളപത്രത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത് . സംസ്ഥാനത്തിന്റെ കടബാധ്യതകളെക്കുറിച്ചുള്ള കണക്കുകൾ തെറ്റാണെന്നും സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനാണ് ഇതിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു . എന്നാൽ ഇത്തരം രാഷ്ട്രീയ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കെ.എം ചന്ദ്രശേഖർ വ്യക്തമാക്കി.

കെ.എം ചന്ദ്രശേഖറിന്റെ പ്രതികരണം:

കെ.എസ്.ഇ.ബി (KSEB) ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ സമിതി റിപ്പോർട്ടിൽ എവിടെയും ശുപാർശ ചെയ്തിട്ടില്ല . ഈ സ്ഥാപനങ്ങളെല്ലാം കൂടുതൽ ലാഭകരമാക്കുക എന്നതാണ് ലക്ഷ്യം. അതിനായി പുതിയ വഴികൾ കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പ്രധാന പൊതുമേഖലാ കമ്പനികളെക്കുറിച്ച് വിശദമായ പഠനം നടത്തണം എന്ന് മാത്രമാണ് സമിതി നിർദ്ദേശിച്ചിട്ടുള്ളത് . അതിൽ പല മാറ്റങ്ങളും വരുത്താൻ സാധിക്കും .

കിഫ്ബി (KIIFB) നിലവിലെ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന ധവളപത്രത്തിലെ നിഗമനം കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് . വായ്പകളെ മാത്രം ആശ്രയിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ല. റവന്യൂ വരുമാനം വർദ്ധിപ്പിക്കുകയും അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയെന്നതാണ് ഏക പോംവഴി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബോണ്ടുകൾ വഴി വികസന ഫണ്ട് കണ്ടെത്താനുള്ള സാധ്യതകൾ ആരായണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പ്രസിദ്ധീകരിച്ച വിവരങ്ങളാണ് ഉപയോഗിച്ചത്

ധവളപത്രം തയ്യാറാക്കാൻ ആവശ്യമായ ഭൂരിഭാഗം ഡാറ്റകളും ഔദ്യോഗികമായി പ്രസിദ്ധീകരിച്ച രേഖകളിൽ നിന്ന് തന്നെയാണ് ശേഖരിച്ചിട്ടുള്ളത്. സി.ഡി.എസ് (CDS), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) എന്നീ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ഇതിനായി പ്രവർത്തിച്ചത് . റിപ്പോർട്ട് എഐ നിർമ്മിതമാണോ എന്ന് സംശയമുള്ളവർക്ക് ഈ റിപ്പോർട്ട് ഏതെങ്കിലും എഐ ടൂളുകളിൽ ഇട്ട് തന്നെ പരിശോധിക്കാവുന്നതാണെന്നും ചന്ദ്രശേഖർ പരിഹസിച്ചു .

കിഫ്ബി പുനഃസംഘടനയ്ക്കായി വീണ്ടും ഒരു സമിതിയെ വെക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത് . പെൻഷൻ പ്രായം കൂട്ടണമെന്നതുൾപ്പെടെയുള്ള ധവളപത്രത്തിലെ നിർദ്ദേശങ്ങളിൽ സർക്കാർ ഇതുവരെ അന്തിമമായ നയപരമായ തീരുമാനങ്ങളിൽ എത്തിയിട്ടില്ല. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ഇത് സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

---------------

Hindusthan Samachar / Roshith K


Latest News