Enter your Email Address to subscribe to our newsletters

Ernakulam , 07 ജൂണ് (H.S.)
അച്ഛൻ്റെ ശവസംസ്കാര ചടങ്ങിനിടെ ക്യാമറയും ഫോണുമായി ഉന്തും തള്ളും നടത്തി ബഹളം സൃഷ്ടിച്ച മീഡിയക്കാരോട് നിയന്ത്രണം നഷ്ടപ്പെട്ട് വികാരാധീനനായി സലിം കുമാറിൻ്റെ മകൻ ചന്തു സലിം. നടൻ സലിം കുമാറിൻ്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് ചന്തുവിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കടുത്ത രോക്ഷത്തോടെ പ്രതികരിച്ചത്.
എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞതെന്നും അദ്ദേഹം രോഷത്തോടെ പറഞ്കു. അമ്മയും സഹപ്രവർത്തകരുമടക്കം നിരവധിപേർ ചന്തുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം നിറകണ്ണുകളോടെ വീണ്ടും മാറി നിൽക്കാൻ പറഞ്ഞു. ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയ പൊലീസുകാർ പോലും ബുദ്ധിമുട്ടിയ സാഹചര്യമായിരുന്നു ചടങ്ങിൽ.
മാധ്യമങ്ങളും പൊതുജനങ്ങളും ഒരു കൈപോലും അകലമില്ലാതെ ഭൗതിക ശരീരത്തിൻ്റെയും വന്നെത്തിയ ആളുകളുടെയുമടക്കം ചിത്രങ്ങളും വീഡിയോകളും എടുക്കാൻ മത്സരിക്കുകയും തുടർന്നുണ്ടായ ബഹളം പൊലീസ് തടഞ്ഞുവെങ്കിലും ശമിക്കാതെ വന്നതോടെ മകൻ ചന്ദു സലിം പ്രതികരിക്കുകയായിരുന്നു.
പ്രശസ്തരായ ആളുകളുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നിടത്തെ ദൃശ്യങ്ങൾ ക്യാമറകളിൽ പകർത്താനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും മാധ്യമങ്ങളും പൊതുജനങ്ങളും മത്സരിക്കുന്ന കാഴ്ച വ്യാപകമാകുകയും ഇതിൽ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വേളയിലാണ് അത്തരമൊരു സംഭവം വീണ്ടും ആവർത്തിച്ചിരിക്കുന്നത്.
ചന്തു സലിമിൻ്റെ വികാരാധീനനായ വാക്കുകളും നിറകണ്ണുകളോടെയുള്ള അഭ്യർഥനയുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ വലിയ രീതിയിൽ പങ്കുവയ്ക്കുകയും നിരവധിപേർ ചന്തുവിൻ്റെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു. ചന്തുവിനെ അനുകൂലിച്ചാണ് ഏറെ കമൻ്റുകളും വന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ ഇത്തരം പ്രവര്ത്തികള്ക്കെതിരെ സോഷ്യല് മീഡിയയില് രൂക്ഷ വിമര്ശനമാണ് ഉയരുന്നത്.
'എക്സ്ക്ലുസീവ് കിട്ടാനാകും... '
എക്സ്ക്ലുസീവ് കിട്ടാനാകും... മരണ വീട്ടിലെങ്കിലും മീഡിയകളെ അകറ്റി നിർത്തണം, ഈ സാഹചര്യം അനുഭവിച്ചർക്കേ മനസിലാകൂ... കണ്ണു നനയിച്ചല്ലോ, സലിം കുമാറിൻ്റെ മരണാനന്തര ചടങ്ങിൽ പോലും മീഡിയക്കാരുടെ തള്ളി കയറ്റം... തുടങ്ങിയ നിരവധി കമൻ്റുകളാണ് ഈ ദൃശ്യങ്ങളുടെ ചുവടെ വന്നുകൊണ്ടിരിക്കുന്നത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് നടൻ ശ്രീനിവാസൻ്റെ മരണാനന്തര ചടങ്ങുകളിലും ഇതേ സംഭവം ആവർത്തിച്ചിരുന്നത് വലിയ ജനശ്രദ്ധ നേടിയ വിഷയമായിരുന്നു. ക്യാമറകളിലും ഫോണിലും ദൃശ്യങ്ങൾ പകർത്താനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും മാധ്യമങ്ങളും പൊതുജനങ്ങളും തിരക്കുകൂട്ടി എക്സ്ക്ലുസീവാക്കാനുള്ള അവരുടെ ശ്രമത്തിനിടെ രൂക്ഷവിമർശനവുമായി നിർമാതാവും നടൻ പൃത്ഥിരാജിൻ്റെ ഭാര്യയുമായ സുപ്രിയ മേനോൻ പ്രതികരിച്ചിരുന്നു. ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിക്കണമെന്നും അവർ തൻ്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
സലിം കുമാറിൻ്റെ അന്ത്യയാത്ര
പറവൂരിലെ അദ്ദേഹത്തിൻ്റെ വസതിയായ 'ലാഫിങ്ങ് വില്ല'യുടെ മുറ്റത്താണ് ചിതയൊരുക്കിയത്. ആയിരക്കണക്കിന് ആരാധകരെയും സഹപ്രവർത്തകരെയും സാക്ഷിയാക്കിയാണ് അനശ്വര കലാകാരൻ വിടവാങ്ങിയത്. മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തിരികൊളുത്തി. തൻ്റെ സംസ്കാര ചടങ്ങുകളിൽ മതപരമായ കർമങ്ങൾ ഒഴിവാക്കണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം പൂർണമായും മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് സംസ്കാരം പൂർത്തിയാക്കിയത്.
ശനിയാഴ്ച രാത്രിയിലുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്നായിരുന്നു സലിം കുമാറിൻ്റെ വിയോഗം. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം പറവൂരിലേക്ക് എത്തിച്ചു. പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ച നടൻ്റെ ഭൗതിക ശരീരം കാണാൻ വൻ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR