തൃശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ സ്വർണക്കവർച്ച.
Thrissur , 07 ജൂണ് (H.S.) തൃശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ സ്വർണക്കവർച്ച. ഒല്ലൂക്കര സ്വദേശി സോമശേഖരൻ്റെ വീട്ടിലാണ് 45 പവൻ സ്വർണം കവർന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മോഷ്ടാക്കൾ പുറകുവശത്തെ വീടിൻ്റെ
GOLD ROBBERY THRISSUR


Thrissur , 07 ജൂണ് (H.S.)

തൃശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ സ്വർണക്കവർച്ച. ഒല്ലൂക്കര സ്വദേശി സോമശേഖരൻ്റെ വീട്ടിലാണ് 45 പവൻ സ്വർണം കവർന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മോഷ്ടാക്കൾ പുറകുവശത്തെ വീടിൻ്റെ ഗ്രിൽ പൊളിച്ചാണ് അകത്തു കയറിയത്. ഉറക്കത്തിലായിരുന്ന ഗൃഹനാഥനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കൾ മൂന്നുപേരും ഹിന്ദി സംസാരിക്കുന്നവരായിരുന്നു എന്ന് ഗൃഹനാഥൻ പറഞ്ഞു.

ഇത് വരെയുള്ള അന്വേഷണത്തിൽ കൊള്ളയാണ് നടന്നതെന്നാണ് മനസിലാവുന്നത് എന്ന് പൊലീസ് ഇൻസ്പെക്ടർ ബിജു സിവി പറഞ്ഞു. ''മൂന്ന് പേർ വന്നിട്ട് വയോധികനായ ഇദ്ദേഹം മാത്രം താമസിക്കുന്ന വീട്ടിൽ കയറി വന്ന് മോഷണം നടത്തിയ ശേഷം ആളുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ മാലയും വീട്ടിലുള്ള ഏകദേശം 45 പവനോളം വരുന്ന ആഭരണങ്ങളും മോഷ്ടിച്ച് പോയതായി നമുക്ക് മനസിലായി.

അന്വേഷണം പുരോഗമിക്കുകയാണ്. വിവരം കിട്ടി അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. സിസിടിവിയും മറ്റു കാര്യങ്ങളും പരിശോധിച്ച് പ്രതിയെ ഉടനെ പിടികൂടുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാ തരത്തിലും ആത്മാർഥമായ സഹകരണം പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകും'' എന്ന് ഇൻസ്പെക്ടർ ബിജു സിവി പറഞ്ഞു പറഞ്ഞു.

മോഷ്ടാക്കൾ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. മോഷണ സമയത്ത് ഗൃഹനാഥൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതുകൊണ്ട് മോഷണ വിവരം മണിക്കൂറുകൾക്ക് ശേഷമാണ് അറിഞ്ഞതെന്ന് അയൽവാസികൾ വ്യക്തമാക്കി.

''ഞങ്ങള് നേരം വെളുത്ത ശേഷമാണ് കാര്യം അറിയുന്നത്. കോളിങ് ബെൽ അടിച്ചപ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല. ഉടമസ്ഥൻ പൊലീസ് സ്റ്റേഷനിലായിരുന്നു. പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോഴേയ്ക്കും അവർ അവിടെ നിന്ന് പോയിരുന്നു. സാധാരണ ഗതിയിൽ ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കാത്തതാണ്,'' എന്ന് അയൽവാസികളിലെരാൾ പറഞ്ഞു.

നേരത്തെ ഈ പരിസരത്തുള്ള ഹോമിയോ ഡോക്ടറുടെ വീട്ടിൽ സമാനമായ സംഭവം നടന്നിരുന്നുവെന്നും അതിന് ശേഷം ഈ പരിസരത്ത് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ സസിടിവിയുടെ പ്രാധാന്യം മനസിലാക്കുന്നുവെന്നും ഉടനടി അത് വീട്ടിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News