ഇന്ത്യ നേപ്പാൾ സൗഹൃദം പുത്തന് തലത്തിലേക്ക്
Newdelhi , 07 ജൂണ് (H.S.) ഇന്ത്യയും നേപ്പാളും തമ്മിൽ നിലനിൽക്കുന്ന സവിശേഷമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യയിൽ സന്ദർശനം നട
ARMY OFFICER DIES IN JAMMU KASMIR


Newdelhi , 07 ജൂണ് (H.S.)

ഇന്ത്യയും നേപ്പാളും തമ്മിൽ നിലനിൽക്കുന്ന സവിശേഷമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യയിൽ സന്ദർശനം നടത്തുന്ന നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാലും തമ്മിൽ ഡൽഹിയിൽ നടത്തിയ വിശദമായ ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനം. അതിർത്തി തർക്കത്തെച്ചൊല്ലി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നടത്തിയ സമീപകാല പരാമർശങ്ങൾ സ്യഷ്ടിച്ച വിവാദങ്ങൾക്കിടയിലാണ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാൾ വിദേശകാര്യമന്ത്രി ന്യൂഡൽഹിയിലെത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തനതായ പങ്കാളിതം, വികസന സഹകരണം, കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ, കായികം തുടങ്ങിയ മേഖലകളിലെ പുരോഗതി ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കർ വ്യക്തമാക്കി. പരസ്പര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി നേപ്പാളുമായി ചേർന്നു പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു. നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഡിജിറ്റൽ ഇടപാടുകൾക്കായി യുപിഐ ലിങ്കേജ്

ഇന്ത്യയുമായുള്ള ബന്ധത്തിന് നേപ്പാൾ ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്ന് ശിശിർ ഖനാൽ വ്യക്തമാക്കി. ബാലേന്ദ്ര ഷായുടെ നേത്യത്വത്തിലുള്ള പുതിയ സർക്കാർ മുൻകാലങ്ങളിലെ പഴയ ഭാരങ്ങൾ ഒന്നും പേറുന്നില്ലെന്നും ഇന്ത്യയുമായി അർഥവത്തായതും ലക്ഷ്യബോധമുള്ളതുമായ സഹകരണത്തിന് പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യക്തിഗത പണമിടപാടുകൾ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റ്ർഫേസും നേപ്പാളിൻ്റെ നാഷണൽ പേയ്മെൻ്റ് ഇൻ്റർഫേസും തമ്മിലുള്ള ലിങ്കേജ് മന്ത്രിമാർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. കൂടാതെ നേപ്പാളിനായി വോയ്സ് ഫസ്റ്റ് ഭാഷാ വിവർത്തന പ്ളാറ്റ്ഫോമിനായുള്ള ദേശീയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സഹകരിച്ച് നിർമ്മിക്കുന്നതിന് ഡിജിറ്റൽ ഇന്ത്യ ഭാഷിനിയും കാഠ്മണ്ഡു സർവകലാശാലയും തമ്മിലുള്ള കരാറിലും ഇരുപക്ഷവും ഒപ്പുവെച്ചു.

ഭൂകമ്പാനന്തര പുനരധിവാസ ധനസഹായത്തിൻ്റെ ഭാഗമായി ഇന്ത്യ പൂർത്തിയാക്കിയ 72 ആരോഗ്യ കേന്ദ്രങ്ങളും 12 സാംസ്കാരിക പൈത്യക പദ്ധികളും ജയശങ്കർ ചടങ്ങിൽ വെച്ച് നേപ്പാളിന് ഡിജിറ്റലായി കൈമാറി. അതിർത്തി കടന്നുള്ള കുറ്റക്യത്യങ്ങളിൽ അന്വേഷണവും നിയമനടപടികളും ശക്തമാക്കുന്നതിനുള്ള 'ഇന്ത്യ-നേപ്പാൾ പരസ്പര നിയമസഹായ കരാറും' ബല്യത്തിൽ വരുത്തിയിട്ടുണ്ട്.

അതിർത്തി തർക്കത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല

അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ചൈനയുടെയും യുകെയുടെയും ഇടപെടൽ തേടുമെന്ന നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ മുൻ പ്രസ്താവനകളെ ഇന്ത്യ നേരത്തെ തള്ളിയിരുന്നു. അതിർത്തി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഇരുരാജ്യങ്ങൾക്കും ഇടയിൽ കൃത്യമായ ഉഭയകക്ഷി സംവിധാനമുണ്ടെന്നും മൂന്നാം കക്ഷികളുടെ ഇടപെടൽ അനുവദിക്കില്ലെന്നുമുള്ള നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണെന്നും അതിൽ റഷ്യ ഇടപെടില്ലെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ മേഖലയിലെ മറ്റൊരു അയൽരാജ്യവുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യ സ്വന്തം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളിലെ സങ്കീർണതകളെക്കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ടെന്നും, എന്നാൽ പാകിസ്ഥാൻ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലാണെന്ന് കരുതുന്നില്ലെന്നും പുടിൻ തൻ്റെ പ്രസ്താവനയിൽ നിരീക്ഷിച്ചിരുന്നു.

റഷ്യയുടെ ഈ നിലപാടുകളുടെ പശ്ചാത്തലത്തിൽ കൂടി അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഈ ഉഭയകക്ഷി ചർച്ചകൾക്ക് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. ഇന്ത്യയുടെ 'അയൽപക്കത്തിന് മുൻഗണന' എന്ന നയത്തിൻ്റെ ഭാഗമായി നേപ്പാൾ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്നും, ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൌഹൃദത്തിന് പുതിയ ഊർജം പകരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News