Enter your Email Address to subscribe to our newsletters

Palakkad , 07 ജൂണ് (H.S.)
കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന് (ജൂൺ 7) പുലർച്ചെയാണ് സംഭവം. കെഎസ്ആർടിസി ഓർഡിനറി ബസാണ് അജ്ഞാതൻ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം രാവിലെ അഞ്ച് മണിയോടെയാണ് ജീവനക്കാർ ബസ് കണ്ടെത്തിയത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്താണ് ബസ് നിർത്തിയിട്ടിരുന്നത്. കെഎസ്ആർടിസി ബസ് ജീവനക്കാർ പിന്തുടർന്നതോടെ മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
സംഭവമിങ്ങനെ
ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അജ്ഞാതൻ ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച് കടന്നത്. പാലക്കാട് കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ബസ് നിർത്തിയിടാൻ സ്ഥലം ഇല്ലാത്തതിനാൽ പുറത്തുള്ള റോഡിലാണ് പാർക്ക് ചെയ്തിരുന്നത്. ബസ് എടുത്ത മോഷ്ടാവ് എസ്പി ഓഫിസ്, യാക്കാര തോട്ടുപാലം, എസ്ബിഐ ജംഗ്ഷൻ വഴി പോകുകയും കറങ്ങിത്തിരിഞ്ഞ് വീണ്ടും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുമെത്തി.
എന്നാൽ ഈ സമയത്ത് ബസ് ഡിപ്പോയിൽ ഉണ്ടായിരുന്ന ജീവനക്കാർ ബസ് മറ്റൊരാൾ ഓടിച്ച് കൊണ്ടുപോകുന്നത് കണ്ടതോടെ പിന്നാലെ പിന്തുടർന്നെങ്കിലും ബസിൻ്റെ വേഗം കൂട്ടുകയായിരുന്നു. പിന്നീട് അബൂബക്കർ റോഡ് വഴി കടന്ന ബസ് മംഗളം ടവറിന് സമീപത്ത് നിർത്തി മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ബസ് ജീവനക്കാർ പാലക്കാട് നഗരത്തിൽ തെരച്ചിലിനൊടുവിലാണ് മംഗളം ടവറിന് പരിസരത്ത് നിന്ന് കണ്ടെത്തിയത്.
പൊലീസ് നിഗമനം
ബസുമായി ആദ്യം പോയതിന് ശേഷം ഡിപ്പോയിൽ വീണ്ടും എത്തിയ അജ്ഞാതൻ രണ്ടാം തവണ അബൂബക്കർ റോഡ് വഴിയാകാം പോയതെന്നാണ് പൊലീസ് പറയുന്നത്. ഒരുപക്ഷെ അജ്ഞാതൻ സ്ഥലപരിചയമില്ലാത്ത ആളാണെങ്കിർ ഗൂഗിൾ മാപ്പ് നോക്കിയായിരിക്കാം ബസ് ഓടിച്ചതെന്നും അതിനാലാവാം ബസ് സ്റ്റാൻഡിൽത്തന്നെ വീണ്ടും എത്തിയതെന്നുമാണ് പൊലീസ് നിഗമനം. അതേസമയം, ബസ് നിർത്തിയിട്ടതിന് എതിർവശത്ത് മദ്യവിൽപ്പനശാല പ്രവർത്തിക്കുന്നുണ്ട്. ഒരുപക്ഷേ മദ്യപാനിയായ ആരെങ്കിലുമാകാം ബസുമായി കടന്ന് കളഞ്ഞതെന്ന സാധ്യതയും പൊലീസ് മുൻപോട്ട് വയ്ക്കുന്നുണ്ട്.
പരിശോധന ആരംഭിച്ച് പൊലീസ്
സംഭവത്തിന് പിന്നാലെ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിൻ്റെ ഭാഗമായി പാലക്കാട് കെഎസ്ആർടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. സമീപത്തുള്ള മദ്യവിൽപ്പനശാലയേയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഇതിനോടകം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കണ്ടെത്തിയ ബസിൻ്റെ ഒരു ഭാഗം ചുമരിലിടിച്ച് തകർന്നിട്ടുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR