ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ ഭീകരർക്കെതിരെ നടന്നുവരുന്ന സുരക്ഷാ ഓപ്പറേഷനിടെ മലയിടുക്കിലേക്ക് വീണ് കരസേനാ ഓഫീസർക്ക് വീരമൃത്യു
Jammukashmir, 07 ജൂണ് (H.S.) ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ ഭീകരർക്കെതിരെ നടന്നുവരുന്ന സുരക്ഷാ ഓപ്പറേഷനിടെ മലയിടുക്കിലേക്ക് വീണ് കരസേനാ ഓഫീസർക്ക് വീരമൃത്യു. ഇന്ത്യൻ ആർമിയുടെ ലഫ്റ്റനൻ്റ് പദവിയിലുള്ള ബീരേശ്വർ ഗോസ്വാമിയാണ് ശനിയാഴ്ച വൈകുന്നേരം ഉണ്ടായ
ARMY OFFICER DIES IN JAMMU KASMIR


Jammukashmir, 07 ജൂണ് (H.S.)

ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ ഭീകരർക്കെതിരെ നടന്നുവരുന്ന സുരക്ഷാ ഓപ്പറേഷനിടെ മലയിടുക്കിലേക്ക് വീണ് കരസേനാ ഓഫീസർക്ക് വീരമൃത്യു. ഇന്ത്യൻ ആർമിയുടെ ലഫ്റ്റനൻ്റ് പദവിയിലുള്ള ബീരേശ്വർ ഗോസ്വാമിയാണ് ശനിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. കടുപ്പമേറിയ മലനിരകളിലൂടെ തിരച്ചിൽ സംഘത്തെ നയിക്കുന്നതിനിടെ കാൽ വഴുതി ആഴമേറിയ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൈനികർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി.

ഭീകരരെ തുടച്ചുനീക്കാനായി കഴിഞ്ഞ 16 ദിവസമായി തുടരുന്ന 'ഓപ്പറേഷൻ ഷേരാവാലി' എന്ന സംയുക്ത തിരച്ചിൽ ദൗത്യത്തിൻ്റെ ഭാഗമായിരുന്നു ലഫ്റ്റനൻ്റ് ബീരേശ്വർ ഗോസ്വാമി. അദ്ദേഹത്തിൻ്റെ ഭൗതികശരീരം ജമ്മു വ്യോമസേനാ താവളത്തിൽ എത്തിച്ച് ഔദ്യോഗികമായി പുഷ്പചക്രം അർപ്പിച്ചു.

ആദരമർപ്പിച്ച് വൈറ്റ് നൈറ്റ് കോർപ്സ്

ലഫ്റ്റനൻ്റ് ബീരേശ്വർ ഗോസ്വാമിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഠിനമായ ഭൂപ്രകൃതിയും കൺമുന്നിലെ കുത്തനെയുള്ള മലനിരകളും മോശം കാലാവസ്ഥയും വകവയ്ക്കാതെ തൻ്റെ ചുമതലകൾ നിർവഹിക്കുന്നതിനിടയിലാണ് അദ്ദേഹം രാജ്യത്തിനായി പരമോന്നത ത്യാഗം ചെയ്തതെന്ന് എക്സിലെ കുറിപ്പിൽ സൈന്യം വ്യക്തമാക്കി. ഡ്യൂട്ടിയോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ ഭക്തിയും ആത്മസമർപ്പണവും വരുംതലമുറകൾക്ക് എക്കാലവും പ്രചോദനമായിരിക്കുമെന്നും, ഈ ദുഃഖസമയത്ത് ധീരസൈനികൻ്റെ കുടുംബത്തിനൊപ്പം രാജ്യം പങ്കുചേരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

ഓപ്പറേഷൻ ഷെരാവലി

മേയ് അവസാന വാരത്തോടെ രാജൗരിയിലെ ദൊരിമാൽ-ഗംഭീർ മുഗ്ലാൻ വനമേഖലയിൽ ആരംഭിച്ച വൻ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷൻ ഷേരാവാലി. ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഈ ദൗത്യം നിർവഹിക്കുന്നത്. 'ഫൗജി' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഒളിപ്പോര് വിദഗ്ധനായ മുൻനിര കമാൻഡർ ഉൾപ്പെടെ മൂന്ന് പാകിസ്ഥാൻ ഭീകരർ ഈ മലനിരകളിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ദുർഘടമായ പാറക്കെട്ടുകളും ഇടതൂർന്ന കാടുകളും നിറഞ്ഞ ഈ പ്രദേശത്ത് സൈന്യം കാവൽ ശക്തമാക്കിയിരിക്കുകയാണ്. പ്രദേശവാസികളുടെയും യാത്രക്കാരുടെയും തിരിച്ചറിയൽ കാർഡുകൾ കർശനമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഭീകരർ രക്ഷപ്പെടാതിരിക്കാൻ ഡ്രോണുകളും ട്രാക്കർ നായ്ക്കളും അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ചാണ് കാട് അരിച്ചുപെറുക്കുന്നത്.

മേയ് 28-ന് ദൊരിമാൽ വനമേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടന്നിരുന്നു. ഇതേത്തുടർന്ന് കൂടുതൽ സൈനികരെ പ്രദേശത്തേക്ക് നിയോഗിക്കുകയും സുരക്ഷാവലയം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ നിന്ന് ഭീകരരെ പൂർണമായും തുടച്ചുനീക്കുന്നത് വരെ ദൗത്യം തുടരുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News