തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് മുന്നോടിയായി ഇന്ത്യ മുന്നണിയിൽ പുതിയ വിള്ളലുകൾ വീണതായി ബിജെപി.
Newdelhi , 07 ജൂണ് (H.S.) തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് മുന്നോടിയായി ഇന്ത്യ മുന്നണിയിൽ പുതിയ വിള്ളലുകൾ വീണതായി ബിജെപി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി കോൺ
M A Baby


Newdelhi , 07 ജൂണ് (H.S.)

തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് മുന്നോടിയായി ഇന്ത്യ മുന്നണിയിൽ പുതിയ വിള്ളലുകൾ വീണതായി ബിജെപി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്ത് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ കൂട്ടായ്മയിലെ ആഭ്യന്തര കലഹം ബിജെപി പരസ്യമാക്കിയത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇടതുപക്ഷത്തിന് ബിജെപിയുമായി അന്തർധാര ഉണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളിൽ കോൺഗ്രസ് വ്യക്തത വരുത്തണമെന്ന് കത്തിൽ എം എ ബേബി ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിനെതിരായ കോൺഗ്രസിൻ്റെ ആക്രമണങ്ങളെ കത്തിൽ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്. ഈ കത്തിൻ്റെ പകർപ്പുകൾ മറ്റ് ഇന്ത്യ സഖ്യകക്ഷികൾക്കും അയച്ചിട്ടുണ്ട്. ഈ സംഭവത്തോടെ കോൺഗ്രസ് പൂർണമായും പ്രതിക്കൂട്ടിലായെന്നും പ്രതിപക്ഷ സഖ്യത്തിൻ്റെ ഐക്യം വെറും കടലാസിൽ മാത്രമാണെന്ന് തെളിഞ്ഞെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.

കടുത്ത അതൃപ്തിയിൽ ഇടതുപക്ഷം

വിഷയത്തിൽ വീഡിയോ പ്രസ്താവനയുമായി രംഗത്തെത്തിയ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായി പരിഹസിച്ചു.

ഇതാണ് ഇന്ത്യ സഖ്യത്തിൻ്റെ യഥാർഥ അവസ്ഥ. അവർക്ക് ക്യത്യമായ ഒരു ദൗത്യമോ ദർശനമോ ഇല്ല. ഉള്ളത് കടുത്ത ആശയക്കുഴപ്പനവും ഭിന്നതയും പരസ്പരമുള്ള ആരോപണങ്ങളും അധികാരമോഹവും മാത്രമാണ്. കേരളത്തിൽ ഇടതുപക്ഷവും ബിജെപിയും തമ്മിൽ ഒത്തുതീർപ്പാണെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഖാർഗെയും ഉൾപ്പെടെയുള്ള എല്ലാ ദേശീയ നേതാക്കളും ആവർത്തിച്ച് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ അവരുടെ സഖ്യകക്ഷി തന്നെ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ പ്രത്യേക ധാരണയുണ്ടെന്നും, ഇരുവരും തമ്മിൽ രാഷ്ട്രീയ ഒത്തുകളിയിലാണെന്നും കോൺഗ്രസ് ആസൂത്രിതമായി പ്രചരിപ്പിച്ചതായും എം എ ബേബി കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. മുൻ മുഖ്യമന്ത്രിക്ക് എതിരെ ഇ ഡി നടപടി വേണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവർത്തിച്ച് ആവശ്യപ്പെട്ടത് ഒരു സഖ്യകക്ഷിയോട് കാണിക്കേണ്ട മര്യാദയല്ലെന്നും, ഇത്തരം നീക്കങ്ങൾ മുന്നണിയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇടതുപക്ഷം കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. തിങ്കളാഴ്ചത്തെ യോഗത്തിന് മുൻപ് കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഎം ആവശ്യം.

ഡിഎംകെയ്ക്ക് പിന്നാലെ ഇടതും

തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെയെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യത്തിന് ലഭിക്കുന്ന അടുത്ത തിരിച്ചടി. ജാർഖണ്ഡിൽ രാജ്യസഭാ സീറ്റിനെച്ചൊല്ലി ജെഎംഎമ്മും കോൺഗ്രസും കടുത്ത തർക്കത്തിലാണ്. എൻസിപിയും യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിൽ തൃണമൂലുമായും, പഞ്ചാബിലും ഡൽഹിയിലും എഎപിയുമായും കോൺഗ്രസ് നിരന്തരം പോരടിക്കുകയാണെന്നും രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ സഖ്യം നിലവിലില്ലെന്നും ബിജെപി ചൂണ്ടിക്കാണിച്ചു. വരും ദിവസങ്ങളിൽ പ്രതിപക്ഷ നിരയിലെ ഈ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News