കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ രണ്ട് വിദേശികൾ പിടിയിൽ.
Pathanamthitta , 07 ജൂണ് (H.S.) സംസ്ഥാന സര്ക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ രണ്ട് വിദേശികൾ പിടിയിൽ. എംഡിഎംഎ പിടിച്ച കേസുമായി ബന്ധപ്പെട്ട് പെരുനാട്, പന്തളം പൊലീസ
MDMA smuggling case


Pathanamthitta , 07 ജൂണ് (H.S.)

സംസ്ഥാന സര്ക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ രണ്ട് വിദേശികൾ പിടിയിൽ. എംഡിഎംഎ പിടിച്ച കേസുമായി ബന്ധപ്പെട്ട് പെരുനാട്, പന്തളം പൊലീസ് സ്റ്റേഷനുകളില് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലെ തുടരന്വേഷണത്തിലാണ് അറസ്റ്റ്. എല്സീന സന്താൻ സൂസൻ, നൈജീരിയൻ പൗരൻ സാമുവല് ക്ളിഫ്സണ് ഒക്ഫോർ എന്നിവരാണ് പിടിയിലായത്.

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ വിദേശ യുവതിയെ ഉത്തര കന്നടയിലെ അങ്കോളയില് നിന്നാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. എല്സീന സന്താൻ സൂസൻ (35) എന്ന യുവതിയാണ് അറസ്റ്റിയിലായത്. കഴിഞ്ഞ മാർച്ച് 10ന് വടശ്ശേരിക്കരയില് നിന്ന് പശ്ചിമബംഗാള് സ്വദേശിയായ ബുദ്ധദേബ് ബിശ്വാസിനെ (28) 30 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെ്യ്തപ്പോഴാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കള് എത്തിക്കുന്ന സംഘത്തെപ്പറ്റി സൂചന ലഭിച്ചത്.

ഓപ്പറേഷൻ തൂഫാൻ പദ്ധതി പ്രകാരം നടന്ന തുടരന്വേഷണത്തിലാണ് അറസ്റ്റെന്നും ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ നർക്കോട്ടിക് സെല് ഡിവൈഎസ്പി പ്രകാശ് കെ എസിൻ്റെയും റാന്നി ഡിവൈഎസ്പി പി സ്റ്റുവർട്ട് കീലറിൻ്റെയും മേല്നോട്ടത്തില് പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ റോയിയുടെ നേതൃത്വത്തില് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില് ഹാജരാക്കി.

നൈജീരിയൻ പൗരൻ പിടിയിൽ

പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കേസില് നൈജീരിയൻ പൗരൻ സാമുവല് ക്ളിഫ്സണ് ഒക്ഫോർ (42) നെ ഡല്ഹിയില് നിന്നും അതി സഹസികമായി പൊലീസ് പിടികൂടി. പന്തളത്ത് 300 ഗ്രാം എംഡിഎംഎയുമായി അടൂർ സ്വദേശികളായ മുഹമ്മദ് ഷാൻ, എം ഷംനാദ്, ഷബീന ഖാൻ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ ഡല്ഹിയില് നിന്നു പിടിയിലാകുന്നത്. വിദേശത്ത് നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഉറവിടത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.

ഇതുവരെയുള്ള കേസുകളും പരിശോധനകളും

ഓപ്പറേഷൻ തൂഫാന് (ദി നാർക്കോ ഹണ്ട്) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ 47 പേർ അറസ്റ്റിലായി. 47 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് ആക്ട് പ്രകാരം കഞ്ചാവ് കൈവശം വച്ചതിനും വില്പന നടത്തിയതിനുമായി 12 കേസുകളും കോപ്ട ആക്ട് പ്രകാരം നിരോധിത പുകയിലകൾ സൂക്ഷിച്ച് വില്പന നടത്തിയതിന് 35 കേസുകളുമാണ് രജിസ്റ്റർ ചെയ്ത്. ഇതിൽ അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി 1500 ഓളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും 2425 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. സ്കൂൾ കോളജ് പരിസരങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങള്, മാർക്കറ്റുകൾ തുടങ്ങി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ തുടരുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News