Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 ജൂണ് (H.S.)
മന്ത്രി സണ്ണി ജോസഫിൻ്റെ അളിയൻ ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന്കൈമാറി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവ് കൂടിയായ ബെന്നി തോമസ് ബന്ധു നിയമന വിവാദത്തെ തുടർന്നാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. പാർട്ടിക്കകത്തും പുറത്തും സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് യു ഡി എഫ് സർക്കാരിന് നേരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നും തുടങ്ങിയ നിരവധി വിമർശനങ്ങളും ചോദ്യവും ഇരുവർക്കും നേരെ ഉയർന്നിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയ വൃത്തങ്ങളിൽ കനത്ത പുകിലിന് കാരണമായ ഈ വിവാദത്തിൽ, സർക്കാരിനും മന്ത്രിക്കുമേറ്റ വലിയ തിരിച്ചടിയായാണ് ഈ അടിയന്തര രാജി വിലയിരുത്തപ്പെടുന്നത്. മന്ത്രി സണ്ണി ജോസഫ് തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അളിയനായ ബെന്നി തോമസിന് ഉയർന്ന ശമ്പളമുള്ള സർക്കാർ തസ്തികയിൽ നിയമനം നൽകി എന്നതായിരുന്നു പ്രധാന ആരോപണം. യോഗ്യരായ ഒട്ടനവധി ഉദ്യോഗാർത്ഥികളെ പിന്തള്ളി, മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് ഈ നിയമനം നടത്തിയത് എന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയതോടെയാണ് വിഷയം വൻ വിവാദമായത്. സെക്രട്ടേറിയറ്റിന് മുന്നിലടക്കം മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്.
ആദ്യഘട്ടത്തിൽ ആരോപണങ്ങളെ പ്രതിരോധിച്ച് മന്തിയും മുന്നണിയും രംഗത്തുവന്നിരുന്നെങ്കിലും, നിയമനവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പുറത്തുവന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കി. വിഷയം കോടതിയുടെ പരിഗണനയിലേക്ക് നീങ്ങുമെന്ന സൂചനകളും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് വലിയ രാഷ്ട്രീയ ആയുധമാകുമെന്ന മുന്നണിയിലെ പ്രമുഖ നേതാക്കളുടെ വിലയിരുത്തലുമാണ് ബെന്നി തോമസിൻ്റെ അടിയന്തര രാജി ഉറപ്പാക്കിയത്. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് രാജി സമർപ്പിച്ചതെന്നാണ് സൂചന.
മന്ത്രി എന്ന നിലയിലുള്ള തൻ്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സഹായിക്കുന്ന, രാഷ്ട്രീയത്തിൽ വിശ്വാസ്യതയുള്ള ഒരാളായത് കൊണ്ടാണ് ബെന്നി തോമസിനെ നിയമിച്ചതെന്ന് നേരത്തെ മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. തൻ്റെ ചീഫ് ഏജൻ്റായി പ്രവർത്തിച്ചയാളാണ് ബെന്നി. നല്ല സ്വഭാവശുദ്ധിയുള്ളതും രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോഡുള്ളതുമായ വ്യക്തി. ഒരു വിവാദത്തിനും വഴികൊടുക്കാത്ത കഴിവുള്ള, ബുദ്ധിയുള്ള തനിക്ക് കൂടി സ്വീകാര്യതയും വിശ്വാസവുമുള്ള ഒരാളാണ് ബെന്നിയെന്നും കെപിസിസി യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമപരമായ തടസമില്ലെന്നും അദ്ദേഹം ആവര്ത്തിച്ചു.
ഇ പി ജയരാജൻ്റെയും കെ ടി ജലീലിൻ്റെയും ബന്ധുനിയമനം ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമായതിനാലാണ് അത് തെറ്റായത്. അവർ മന്ത്രിമാരായിരിക്കുന്ന വകുപ്പുകളുടെ താഴെയുള്ള കോർപ്പറേഷനുകളിലായിരുന്നു അത്തരം നിയമനങ്ങൾ നടന്നത്. അതുകൊണ്ടാണ് അത് വിമർശിക്കപ്പെട്ടത്. പി കെ ശ്രീമതി ടീച്ചറിൻ്റെ ബന്ധുനിയമനം രാഷ്ട്രീയ യോഗ്യത നോക്കാതെയുള്ളതായിരുന്നു. അവരുടെ പാർട്ടിക്കാർ തന്നെയാണ് അത് പിൻവലിച്ചത്. ഇത്തരം നിയമനത്തിൽ രാഷ്ട്രീയത്തിലെ യോഗ്യത കൂടി പരിശോധിക്കേണ്ടതാണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR