Enter your Email Address to subscribe to our newsletters

Idukki,07 ജൂണ് (H.S.)
ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാണിത്.
രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് യാത്ര നിരോധിച്ചത്. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ആർടിഒ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തി.
കമ്പംമെട്ട് വഴിയുള്ള ഗതാഗതത്തിന് നാളെ മുതൽ ഒരു മാസത്തേക്ക് പൂർണ നിരോധനം
കേരള-തമിഴ്നാട് അതിർത്തി മേഖലയിലെ പ്രധാന മലയോര പാതകളിലൊന്നായ കമ്പംമെട്ട് വഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചു. റോഡിൻ്റെ അറ്റകുറ്റപ്പണികളും പുതിയ പാലത്തിൻ്റെ നിർമ്മാണവും നടക്കുന്നതിനാലാണ് ഹൈവേ വകുപ്പും തേനി ജില്ലാ ഭരണകൂടവും സംയുക്തമായി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ (ജൂൺ 8) രാവിലെ 8 മണി മുതൽ ജൂലൈ 7 വരെയാണ് നിരോധനം. ഇതോടെ നിത്യേന ഈ പാതയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും പൊതുജനങ്ങളും കടുത്ത യാത്രാദുരിതത്തിലാകും.
18 വളവുകളുള്ള ചുരം പാത; തകർച്ചയ്ക്ക് പരിഹാരമാകുന്നു
തമിഴ്നാട്ടിലെ തേനി ജില്ലയെ കേരളത്തിലെ ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന മൂന്ന് പ്രധാന പാതകളിൽ ഒന്നാണ് കമ്പംമെട്ട് റോഡ് (കുമളി, ബോഡിമേട് എന്നിവയാണ് മറ്റുള്ളവ). കമ്പം ടൗണിൽ നിന്നും കേരളത്തിലേക്കുള്ള ഈ കണക്ഷൻ റോഡ് കടുത്ത തകർച്ചയിലായിരുന്നു. 18 ഹെയർപിൻ വളവുകളുള്ള ഈ മലയോര പാത അപകടാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹൈവേ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇവിടെ ഡ്രെയിനേജ് നിർമ്മാണവും സംരക്ഷണ ഭിത്തികൾ കെട്ടുന്ന ജോലികളും നടന്നു വരികയായിരുന്നു. എന്നാൽ, നിലവിൽ പതിനെട്ടാം വളവിന് സമീപം വൻതോതിൽ തകർന്ന ഭാഗത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനാലാണ് പാത പൂർണ്ണമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.
ബദൽ റൂട്ട് കുമളി വഴി; തൊഴിലാളികൾക്ക് വൻ തിരിച്ചടി
ഗതാഗത നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
നിർദേശിച്ച ബദൽ റൂട്ട്
കമ്പം ഭാഗത്തുനിന്നും കേരളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ കുമളി ഹിൽ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. അതിനുശേഷം ആവശ്യാനുസരണം കമ്പംമേട് റോഡിലേക്ക് പ്രവേശിക്കാം.
തൊഴിലാളികൾക്ക് 40 കിലോമീറ്റർ അധികയാത്ര
കേരളത്തിലെ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നും ദിവസേന ആയിരക്കണക്കിന് തൊഴിലാളികളാണ് കമ്പംമെട്ട് വഴി സഞ്ചരിക്കുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ ഇവർ 40 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇത് ഇവരുടെ സമയത്തെയും വരുമാനത്തെയും ബാധിക്കും.
നിർമ്മാണം വേഗത്തിലാക്കാൻ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ആവശ്യം
ദിവസേന ആയിരത്തിലധികം ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പാത ഒരു മാസത്തേക്ക് അടച്ചിടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. തോട്ടം തൊഴിലാളികളുടെ യാത്രാക്ലേശം കണക്കിലെടുത്ത് റോഡിൻ്റെയും പാലത്തിൻ്റെയും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്ന് കേരളത്തിൽ നിന്നുള്ള തോട്ടം ഉടമകളും തൊഴിലാളികളും, തമിഴ്നാട്ടിലെ പൊതുജനങ്ങളും ഒരേപോലെ ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR