തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികളുടെ ശാരീരികക്ഷമതയും കായിക അഭിരുചിയും വളർത്തുന്നതിനായി നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ.
Chennai , 07 ജൂണ് (H.S.) തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികളുടെ ശാരീരികക്ഷമതയും കായിക അഭിരുചിയും വളർത്തുന്നതിനായി നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഈ പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് പുറമെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങ
Physical education


Chennai , 07 ജൂണ് (H.S.)

തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികളുടെ ശാരീരികക്ഷമതയും കായിക അഭിരുചിയും വളർത്തുന്നതിനായി നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഈ പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് പുറമെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കായിക വിദ്യാഭ്യാസ ക്ലാസുകൾ നിർബന്ധമാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച കൃത്യമായ നിർദേശങ്ങളും വിശദമായ മാർഗരേഖയും വകുപ്പ് ഔദ്യോഗികമായി പുറപ്പെടുവിച്ചു.

സ്പെഷ്യൽ ക്ലാസ് കളി നടക്കില്ല; കർശന പരിശോധനയ്ക്ക് നിർദേശം

കഴിഞ്ഞ അധ്യയന വർഷങ്ങളിൽ പല പ്രമുഖ സ്വകാര്യ സ്കൂളുകളും ടൈംടേബിളിലെ കായിക പിരീഡുകൾ പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ ആ സമയങ്ങൾ പ്രധാന വിഷയങ്ങളുടെ സ്പെഷ്യൽ ക്ലാസുകൾക്കായി അനാവശ്യമായി ഉപയോഗിക്കുകയോ ചെയ്യുന്നതായി വിദ്യാഭ്യാസ വകുപ്പിന് പരാതികൾ ലഭിച്ചിരുന്നതായി വിദ്യാഭ്യാസ വകുപ്പിലെ ഒരു മുതിര്ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിക്കാനായി കുട്ടികളുടെ കായിക വിനോദത്തിനുള്ള സമയം സ്കൂൾ അധികൃതർ കവർന്നെടുക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.

ഇത്തരത്തിൽ കായിക ക്ലാസുകൾ ക്യത്യമായി നടത്താത്തതും സ്കൂളിൽ കളിസ്ഥലങ്ങള് ഉണ്ടായിട്ടും അവ കുട്ടികൾക്കായി തുറന്നുനൽകാതെ അടച്ചിട്ടിരിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ജില്ലാ ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്പെക്ടർമാർക്കും സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കർശന നിർദേശം നൽകി.

താല്പര്യമുള്ളവർക്ക് പ്രത്യേക പരിശീലനം

സ്കൂൾ സമയത്തെ കായിക ക്ലാസുകൾക്ക് പുറമെ, കായികരംഗത്ത് താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ സമയത്തിന് ശേഷം പ്രത്യേക കായിക പരിശീലനം നൽകണമെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ സംസ്ഥാന ദേശീയ തലങ്ങളിലേക്ക് വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനൊപ്പം തന്നെ, നിലവിൽ സംസ്ഥാന ദേശീയ തലങ്ങളിലെ വിവിധ കായിക മത്സരങ്ങളിൽ ഒന്നോ അതിലധികമോ ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകളെ പ്രത്യേകം തിരിച്ചറിയാനും അവയ്ക്ക് ആവശ്യമായ പിന്തുണ നൽകാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിയമം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ വരും ദിവസങ്ങളിൽ കർശനമായ നടപടികളിലേക്ക് നീങ്ങാനാണ് തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News