Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 ജൂണ് (H.S.)
തിരുവനന്തപുരം: നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല ദർശനത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ അഡ്വ. ജെ.എസ്. അഖിൽ. തിങ്കളാഴ്ച (ജൂൺ 8) മാലയിട്ട് 41 ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിച്ചതായും ജൂലൈ 18-ന് മല ചവിട്ടുമെന്നും അഖിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. 2018-ലെ ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് അന്നത്തെ ഇടത് സർക്കാരിന്റെ നിലപാടുകളിലും ശബരിമലയിലുണ്ടായ നിർഭാഗ്യകരമായ സംഭവവികാസങ്ങളിലും മനംനൊന്താണ് താൻ ദർശനം ഒഴിവാക്കിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളെയും വികാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടുള്ള കോൺഗ്രസ് പാർട്ടി കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തുന്ന സാഹചര്യത്തിൽ മാത്രമേ ഇനി അയ്യപ്പ ദർശനം നടത്തൂ എന്ന ഉറച്ച തീരുമാനത്തിലായിരുന്നു താനെന്ന് അഖിൽ പറയുന്നു.
വ്രതാനുഷ്ഠാനത്തിന് തുടക്കം; ജൂലൈയിൽ മല ചവിട്ടും
വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജെ.എസ്. അഖിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. തിങ്കളാഴ്ച മാല ധരിച്ച അദ്ദേഹം കടുത്ത വ്രതാനുഷ്ഠാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ജൂലൈ 18-നായിരിക്കും അദ്ദേഹം കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് യാത്ര തിരിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന യുവനേതാക്കളിൽ ഒരാളാണ് അഡ്വ. ജെ.എസ്. അഖിൽ. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഇന്ത്യൻ യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
'വിശ്വാസികളെ വേട്ടയാടിയ കാലം'; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്
2018-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് അന്നത്തെ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിർബന്ധിത നിലപാടുകൾ ഭക്തർക്ക് വലിയ മുറിവാണ് ഉണ്ടാക്കിയതെന്ന് അഖിൽ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ആചാര സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങേണ്ടി വന്ന വിശ്വാസികളുടെ വികാരം രാഷ്ട്രീയമായി വലിയ ചർച്ചയായിരുന്നു.
യഥാർത്ഥ ഭക്തരുടെ ആചാരങ്ങളെയും ശബരിമലയുടെ പവിത്രതയെയും തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് കേരളത്തിലെ രാഷ്ട്രീയ മാറ്റം. വിശ്വാസികൾക്കൊപ്പം നിന്ന കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് എന്റെ പ്രതിജ്ഞ പൂർത്തിയാകുന്നത്. - ജെ.എസ്. അഖിൽ (ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്)
കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഈ വ്രതകാലത്ത് തന്നെ മല ചവിട്ടാൻ കഴിഞ്ഞത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്
ശബരിലമ യുവതീപ്രവേശന വിവാദം കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും വലിയ രാഷ്ട്രീയ ആയുധമായിരുന്നു. വരും ദിവസങ്ങളിൽ മണ്ഡലകാലം ആരംഭിക്കാനിരിക്കെ, ഒരു പ്രമുഖ യുവജന നേതാവ് തന്റെ എട്ട് വർഷത്തെ ശബരിമല ദർശന വിലക്ക് അവസാനിപ്പിക്കുന്നതും അതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ പരസ്യമാക്കുന്നതും സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിനായി കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് അഖിലിന്റെ ഈ തീരുമാനമെന്നാണ് കോൺഗ്രസ് അണികൾ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.
---------------
Hindusthan Samachar / Roshith K