Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 ജൂണ്‍ (H.S.)
കേരളത്തിലെ റെയിവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമേകി തീരദേശ റെയിൽപ്പാത പൂർണ്ണമായും ഇരട്ടിപ്പിക്കാൻ റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതി. എറണാകുളം – കായംകുളം തീരദേശ കോറിഡോറിൽ ഒരൊറ്റ വരിപ്പാതയായി അവശേഷിക്കുന്ന മാരാരിക്കുളം – ആലപ്പുഴ (10.65 കിലോമീറ്റർ) സെക്ഷൻ ഇരട്ടിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.
റെയിൽവേയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 220.51 കോടി രൂപ ചെലവിലാണ് ഈ നിർണായക പദ്ധതി നടപ്പാക്കുന്നത്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 9 പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കും. നിലവിൽ ക്രോസിംഗിനായി ട്രെയിനുകൾ വഴിയിലിടേണ്ടി വരുന്നത് ഇതോടെ ഇല്ലാതാകും. സമയക്രമം പാലിക്കാനും യാത്ര കൂടുതൽ വേഗത്തിലാക്കാനും ഇത് സഹായിക്കും. യാത്രാ ട്രെയിനുകൾക്ക് പുറമെ പ്രതിവർഷം 2.88 ദശലക്ഷം ടൺ ചരക്കുനീക്കം സുഗമമാക്കാനും ഈ പുതിയ ട്രാക്കിലൂടെ സാധിക്കും. കൂടുതൽ യാത്രക്കാരെയും ചരക്കുനീക്കത്തെയും ആകർഷിക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
എറണാകുളം – തുറവൂർ – ആലപ്പുഴ – അമ്പലപ്പുഴ – കായംകുളം കോറിഡോറിൽ മറ്റ് ഭാഗങ്ങളിലെല്ലാം പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാവുകയോ പുരോഗമിക്കുകയോ ചെയ്യുകയാണ്. ഇവിടെ അവശേഷിച്ച ഏക ‘ബോട്ടിൽ നെക്ക്’ ആയിരുന്നു മാരാരിക്കുളം – ആലപ്പുഴ സെക്ഷൻ. ഈ വികസനം കൂടി യാഥാർത്ഥ്യമാകുന്നതോടെ മധ്യകേരളത്തിലെ ട്രെയിൻ യാത്രയിൽ വലിയൊരു വിപ്ലവത്തിനാകും വഴിതുറക്കുക.
---------------
Hindusthan Samachar / Sreejith S