തിരഞ്ഞെടുപ്പ് തോൽവി: കടുത്ത തിരുത്തൽ നടപടികളിലേക്ക് സിപിഐഎം; കേരളത്തിൽ പ്ലീനമില്ല, ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന സമിതി
Kerala, 08 ജൂണ് (H.S.) തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ അടിമുടി തെറ്റുതിരുത്തൽ നടപടികൾക്ക് ഒടുവിൽ സിപിഐഎം ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. താഴെത്തട്ടിലുള്ള സംഘടനാപരമായ വീഴ്ചകളും വീക്ഷണ പാളിച്ചകളും
തിരഞ്ഞെടുപ്പ് തോൽവി: കടുത്ത തിരുത്തൽ നടപടികളിലേക്ക് സിപിഐഎം


Kerala, 08 ജൂണ് (H.S.)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ അടിമുടി തെറ്റുതിരുത്തൽ നടപടികൾക്ക് ഒടുവിൽ സിപിഐഎം ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. താഴെത്തട്ടിലുള്ള സംഘടനാപരമായ വീഴ്ചകളും വീക്ഷണ പാളിച്ചകളും പരിഹരിക്കാൻ പ്രത്യേക പ്ലീനം വിളിച്ചുചേർക്കണമെന്ന കേന്ദ്രകമ്മിറ്റിയിലെയും സംസ്ഥാന സമിതിയിലെയും ശക്തമായ ആവശ്യം തള്ളിയാണ് പുതിയ തീരുമാനം. കേരളത്തിൽ പ്രത്യേക പ്ലീനം വിളിക്കേണ്ടതില്ലെന്നും, പകരം എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ ഉൾപ്പെടുത്തി വിപുലീകൃത സംസ്ഥാന സമിതി (Expanded State Committee) വിളിച്ചുചേർക്കാനും പാർട്ടി നേതൃത്വം തീരുമാനിച്ചു. വരുന്ന ഓഗസ്റ്റ് മാസത്തിലായിരിക്കും ഈ വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുക. എന്നാൽ ഇതിന്റെ വേദിയോ കൃത്യമായ തീയതിയോ പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിൽ പ്ലീനം ഒഴിവാക്കിയപ്പോൾ, സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ട പശ്ചിമ ബംഗാളിൽ പ്രത്യേക പ്ലീനം വിളിച്ചുചേർക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ബംഗാളിലെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വിപുലീകൃത സംസ്ഥാന സമിതി മതിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്.

പ്ലീനം വേണമെന്ന ആവശ്യമുയർന്നു; ഒടുവിൽ വിപുലീകൃത സമിതിയിലേക്ക്

തിരഞ്ഞെടുപ്പ് അവലോകനം ലക്ഷ്യമിട്ട് ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും സംസ്ഥാന സമിതിയിലും പാർട്ടിയിൽ അടിമുടി തിരുത്തൽ ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള വികാരം അംഗങ്ങൾ പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിലും അണികളിലും വലിയ ചോർച്ചയുണ്ടായ പശ്ചാത്തലത്തിൽ, സംഘടനാപരമായ മാറ്റങ്ങൾക്ക് പാലക്കാട് പ്ലീനം മാതൃകയിൽ വിപുലമായ ഒരു സമ്മേളനം വേണമെന്ന നിർദ്ദേശമാണ് ഭൂരിഭാഗം പേരും മുന്നോട്ടുവെച്ചത്. എന്നാൽ സംഘടനാ സമ്മേളനങ്ങളുടെ ദീർഘമായ നടപടിക്രമങ്ങളിലേക്ക് കടക്കാതെ, ഓഗസ്റ്റിൽ ചേരുന്ന വിപുലീകൃത സംസ്ഥാന സമിതിയിലൂടെ അതിവേഗം തിരുത്തൽ പ്രക്രിയ പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

വർഗീയ വിരുദ്ധ സമീപനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും കടുത്ത വിമർശനം

സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പാർട്ടിയുടെ സമീപകാല നിലപാടുകൾക്കെതിരെ കടുത്ത സ്വയംവിമർശനവും വിമർശനവും ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച്, വർഗീയതയോട് പാർട്ടി സ്വീകരിച്ച ചില 'അഴകൊഴമ്പൻ' സമീപനങ്ങൾ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റാൻ കാരണമായെന്ന് സംസ്ഥാന സമിതി വിലയിരുത്തി.

എല്ലാത്തരം വർഗീയതകളെയും ഒരുപോലെയും ശക്തമായും എതിർക്കണം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പാർട്ടി ശക്തമായി തള്ളിപ്പറയും. മുൻപ് തയാറാക്കിയ റിപ്പോർട്ടിൽ വെള്ളാപ്പള്ളിക്കെതിരായ പരാമർശങ്ങൾക്ക് കടുപ്പം പോരായിരുന്നു എന്ന വിമർശനത്തെത്തുടർന്ന്, കടുത്ത ഭാഷയിലുള്ള തിരുത്തലുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ വർഗീയ സമീപനങ്ങളെയും ഇനി വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടും.

കൂടാതെ, പാർട്ടിയുടെ പരമ്പരാഗത കോട്ടകളായ കണ്ണൂരിലെ തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകളും പരാജയത്തിന് ആക്കം കൂട്ടിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പയ്യന്നൂരിൽ ഫണ്ട് വിവാദത്തിൽ ഉൾപ്പെടെ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കേണ്ടതായിരുന്നു എന്നും, തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ അടിത്തറയ്ക്ക് കോട്ടമുണ്ടാക്കിയെന്നും സംസ്ഥാന സമിതിയിൽ രൂക്ഷമായ വിമർശനമുയർന്നു.

അണികൾ മാത്രമല്ല, പാർട്ടി അംഗങ്ങൾ പോലും പ്രസ്ഥാനത്തിൽ നിന്ന് അകന്നുപോകുന്ന ഗൗരവതരമായ സാഹചര്യം നിലവിലുണ്ടെന്നും, തിരുത്തലുകൾ മുകളിൽ നിന്ന് തുടങ്ങി താഴെത്തട്ടിലേക്ക് കൃത്യമായി നടപ്പിലാക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റിൽ ചേരുന്ന വിപുലീകൃത യോഗത്തോടെ പുതിയ രാഷ്ട്രീയ അടവുനയങ്ങൾക്കും തിരുത്തലുകൾക്കും പാർട്ടി രൂപം നൽകും.

---------------

Hindusthan Samachar / Roshith K


Latest News