Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 ജൂണ് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. പദ്ധതി ആരംഭിച്ച് ആദ്യത്തെ 100 ദിവസങ്ങളിലായിരിക്കും ഈ നിയന്ത്രണം ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി. ഡി. സതീശനും ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണും സെക്രട്ടേറിയറ്റിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് ഈ ധാരണയായത്.
ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ തുടർനടപടികളും പ്രായോഗിക വശങ്ങളും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രത്യേക യോഗം ചേർന്നത്.
ലാഭനഷ്ടങ്ങൾ പഠിക്കാൻ പ്രത്യേക നിർദേശം
ആദ്യ 100 ദിവസങ്ങളിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും യാത്രാക്കാരുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകൾ കൃത്യമായി പഠിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് ഉയർന്ന ക്ലാസ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ ആലോചിക്കുക.
മാനദണ്ഡങ്ങളില്ലാതെ സൗജന്യ യാത്ര; ഫണ്ട് സർക്കാർ നൽകും
സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും യാതൊരുവിധ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ ഇല്ലാതെ തന്നെ ഈ സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന തുക പൂർണ്ണമായും സംസ്ഥാന സർക്കാർ നേരിട്ട് കോർപ്പറേഷന് കൈമാറാനാണ് തീരുമാനം. യാത്രാക്കൂലി ഇനത്തിൽ കുറവുവരുന്ന പണം സർക്കാർ കൃത്യമായി നൽകുന്നതിനാൽ പദ്ധതി കോർപ്പറേഷന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെന്നാണ് ഉന്നതതല വിലയിരുത്തൽ.
അതേസമയം, നിലവിൽ ഓർഡിനറി ബസുകൾ സർവീസ് നടത്താത്ത ചില നിയമസഭാ മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. ഇത്തരം പ്രദേശങ്ങളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ, ഓർഡിനറി ബസുകൾ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.
യൂണിയനുകളുടെ ആശങ്കകൾ
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി യൂണിയനുകൾ വലിയ രീതിയിലുള്ള ആശങ്കകൾ രേഖപ്പെടുത്തിയിരുന്നു. കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുന്ന ഈ പദ്ധതി സ്ഥാപനത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെയും സിഐടിയുവിന്റെയും നിലപാട്. പദ്ധതി മൂലമുണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ പൂർണ്ണമായി ഏറ്റെടുക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. എന്നാൽ, പ്രതിദിന നഷ്ടം ഒഴിവാക്കാനും സ്ഥാപനത്തെ പൂർണ്ണ തകർച്ചയിൽ നിന്ന് രക്ഷിക്കാനും കെഎസ്ആർടിസിയെ സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന നിലപാടാണ് ബിഎംഎസ് മുന്നോട്ട് വെക്കുന്നത്.
എല്ലാ ആശങ്കകൾക്കും തർക്കങ്ങൾക്കും ഒടുവിൽ, ജൂൺ 15 മുതൽ ഓർഡിനറി ബസുകളിലൂടെ ഈ വിപ്ലവകരമായ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാവുകയാണ്.
---------------
Hindusthan Samachar / Roshith K