Enter your Email Address to subscribe to our newsletters

Kolkata, 08 ജൂണ് (H.S.)
കൊൽക്കത്ത: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രമുഖ നേതാവ് ജഹാംഗീർ ഖാൻ ഒടുവിൽ പിടിയിൽ. പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (STF) ഇന്ന് പുലർച്ചെ നേപ്പാൾ അതിർത്തിക്ക് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജഹാംഗീർ ഖാന്റെ നീക്കങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ടി.എഫ് നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട പോലീസ് സ്റ്റേഷനിൽ ജഹാംഗീറിനെതിരെ ഏഴോളം ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു
നേരത്തെ കൊൽക്കത്ത ഹൈക്കോടതി ജഹാംഗീർ ഖാന് പോലീസിന്റെ കടുത്ത നടപടികളിൽ നിന്നും താൽക്കാലിക ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. മെയ് 18-നായിരുന്നു കോടതി ഇയാൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, പിന്നീട് ഈ ഉത്തരവ് കോടതി റദ്ദാക്കുകയായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വന്നതുകൊണ്ടോ അല്ലെങ്കിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കേസെടുത്തതാണെന്ന ഹർജിക്കാരന്റെ വാദം മാത്രം കണക്കിലെടുത്തോ ഇത്തരമൊരു സംരക്ഷണം ദീർഘകാലം നൽകാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 4-ന് ശേഷമാണ് തന്റെ കക്ഷിക്കെതിരെ നിരവധി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി പോലീസ് ഉപദ്രവിക്കുന്നത് തടയാനാണ് സംരക്ഷണം ആവശ്യമെന്നുമായിരുന്നു ജഹാംഗീറിന്റെ അഭിഭാഷകൻ കിഷോർ ദത്ത കോടതിയിൽ വാദിച്ചത്. എന്നാൽ മെയ് 21-ന് ഫാൽട്ട മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രമാണ് മുൻപ് സംരക്ഷണം അനുവദിച്ചതെന്നും മെയ് 24-ന് ഫലം വന്ന സാഹചര്യത്തിൽ ഇതിന് ഇനിയും കാലാവധി നീട്ടേണ്ടതില്ലെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രാജ്ദീപ് മജൂംദാർ കോടതിയെ ബോധിപ്പിച്ചു.
മമത ബാനർജിക്ക് തിരിച്ചടിയായ നാടകീയ പിന്മാറ്റം
ഫാൽട്ട നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ജഹാംഗീർ ഖാൻ, പിന്നീട് നാടകീയമായി മത്സരരംഗത്തു നിന്നും പിന്മാറിയിരുന്നു. മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയായിരുന്നു ഇയാളുടെ ഈ നീക്കം. താൻ ഫാൽട്ടയുടെ മകനാണെന്നും അവിടുത്തെ സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു പിന്മാറ്റ സമയത്ത് ജഹാംഗീറിന്റെ പ്രതികരണം.
മുഖ്യമന്ത്രി സുവേന്ദു അധികാരി ഫാൽട്ടയുടെ വികസനത്തിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് മണ്ഡലത്തിന്റെ നന്മയ്ക്കായി മത്സരരംഗത്തു നിന്നും മാറാൻ ഞാൻ തീരുമാനിക്കുന്നു. - ജഹാംഗീർ ഖാൻ അന്ന് വ്യക്തമാക്കിയിരുന്നു.
ബിജെപിയുടെയും കേന്ദ്ര ഏജൻസികളുടെയും കടുത്ത സമ്മർദ്ദവും ഭീഷണിയും കാരണമാണ് ജഹാംഗീർ മത്സരംഗത്തു നിന്നും പിന്മാറിയതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായതായും ടി.എം.സി നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇയാൾക്കെതിരെ നിരവധി ഗുരുതര ക്രിമിനൽ കേസുകൾ ഉള്ളതിനാലാണ് പോലീസ് നടപടിയെന്നും ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെയാണ് അതിർത്തിയിൽ വെച്ച് പിടികൂടിയതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ ജഹാംഗീറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K