Enter your Email Address to subscribe to our newsletters

Kochi, 08 ജൂണ്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും. ജംഷഡ്പൂരിലെ ലാബില്‍ നടത്തിയ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കും.
നാലുമാസം മുന്‍പാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. കേസന്വേഷണത്തില്‍ ഈ പരിശോധനാഫലം നിര്‍ണായകമാകും. സ്വര്‍ണപ്പാളികള്‍ മാറ്റപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തലെന്നാണ് സൂചന. സ്വര്‍ണപ്പാളികള്‍ക്ക് മുകളില്‍ പൂശിയ സ്വര്‍ണം മാത്രമാണ് തട്ടിയെടുത്തതെന്നുമാണ് എസ്.ഐ.ടിക്ക് ലഭിച്ച നിര്‍ണായക പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ ഏകദേശ അളവും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
പരിശോധനാഫലം ലഭിച്ച പശ്ചാത്തലത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും. പരിശോധനാഫലം വൈകിയതോടെയാണ് കേസില്‍ കുറ്റപത്രം വൈകിയത്. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ശബരിമലയില്‍ നിന്ന് യഥാര്‍ഥത്തില്‍ എത്രത്തോളം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താന്‍ കഴിയൂ എന്ന് നേരത്തേ ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു. കേസിലെ കുറ്റപത്രം എന്ന് നല്‍കാനാകുമെന്നും എസ്‌ഐടി കോടതിയെ അറിയിക്കും.
2025-ല്‍ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വര്‍ണം പൂശല്‍ ജോലിയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഈ ശാസ്ത്രീയ ഫലം അത്യാവശ്യമാണ്. കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാക്കിയതുമായ കേസാണ് ശബരിമല സ്വര്‍ണക്കൊള്ള.
---------------
Hindusthan Samachar / Sreejith S