വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ
Thiruvanathapuram, 08 ജൂണ്‍ (H.S.) തിരുവനന്തപുരം : കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ
Rajeev Chandrasekhar


Thiruvanathapuram, 08 ജൂണ്‍ (H.S.)

തിരുവനന്തപുരം : കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പ്രസ്താവിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം അഞ്ച് ജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ കേരളത്തിൽ നഷ്ടമായത്. എന്നാൽ ഒരു നടപടിയുമെടുക്കാത്ത വകുപ്പ് മന്ത്രി കുറ്റകരമായ നിസ്സംഗത വെച്ചുപുലർത്തുന്നു.

ഇടുക്കി സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മാരിയമ്മാൾ കൊല്ലപ്പെട്ട സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തുള്ളത്.

കേരളത്തിൽ വന്യജീവി ആക്രമണങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

2016 മുതൽ 2025 വരെ വന്യജീവി ആക്രമണങ്ങളിൽ 1,128 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 8,480 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ഇതേ കാലയളവിൽ ആന, കടുവ, കാട്ടുപന്നി തുടങ്ങിയ പ്രധാന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മാത്രം 260 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 102 പേർ കൊല്ലപ്പെട്ടു.

2021 മുതൽ 2025 വരെ വന്യജീവി ആക്രമണങ്ങളിൽ 344 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വിപുലമായ അധികാരങ്ങളും സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം തടയാൻ സോളാർ ഫെൻസിംഗ്, ബാരിക്കേഡുകൾ, അതിവേഗ പ്രതികരണ സംഘങ്ങൾ, സംഘർഷ മേഖലകളുടെ പ്രത്യേക നിരീക്ഷണം, ആനകളുടെ സഞ്ചാരപാതകളുടെ നിയന്ത്രണം തുടങ്ങിയ പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

മനുഷ്യജീവനും സ്വത്തിനും അപകടകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാനും ആവശ്യമായ സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള നിയമങ്ങൾ അധികാരം നൽകുന്നുണ്ട്. എന്നാൽ ലഭ്യമായ അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലും കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ ജനങ്ങളുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നതിലും കേരളം ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.

വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേന്ദ്ര മാനദണ്ഡങ്ങൾ പോലും പലപ്പോഴും സമയബന്ധിതമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. ആക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങൾ നഷ്ടപരിഹാരത്തിനും സഹായത്തിനുമായി മാസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒരു ക്ഷേമസംസ്ഥാനത്തിന് ഭൂഷണമല്ല.

പ്രതിപക്ഷത്തിരുന്നപ്പോൾ വന്യജീവി ആക്രമണങ്ങളുടെ പേരിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസും യുഡിഎഫും അധികാരത്തിലെത്തിയപ്പോൾ മുൻ എൽഡിഎഫ് സർക്കാരിന്റെ അതേ നിസ്സംഗ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, എൽഡിഎഫ് സർക്കാർ പത്ത് വർഷക്കാലം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ പരാജയപ്പെട്ടതിന്റെ ദുരിതമാണ് ഇന്നും മലയോര മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്നത്. ഭരണകക്ഷി മാറിയെങ്കിലും ജനങ്ങളുടെ ദുരിതങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

മലയോര മേഖലയിലെ ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുന്ന ഇടത്-വലത് മുന്നണികളുടെ ഈ അപകട രാഷ്ട്രീയം അവസാനിപ്പിക്കണം. വന്യജീവി ആക്രമണ സാധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, റിയൽ ടൈം മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ വ്യാപകമായി നടപ്പാക്കണം. അപകടകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിലും ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിലും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന ഇടത്-വലത് മുന്നണികളുടെ കുറ്റകരമായ അനാസ്ഥക്കെതിരെ ശക്തമായ ജനവികാരം ഉയർന്നുവരുമെന്നും രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News