പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Ernakulam , 01 ജൂലൈ (H.S.) പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ, എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് പൊലീസിൻ്റെ ഈ അടിയന്തര നടപടി.
Ansiba


Ernakulam , 01 ജൂലൈ (H.S.)

പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ, എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് പൊലീസിൻ്റെ ഈ അടിയന്തര നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, മതസ്പർധയുണ്ടാക്കൽ തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ കടവന്ത്ര പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പോലീസ് നൽകിയ ഈ റിപ്പോർട്ട് അപൂർണമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ടിനി ടോം തന്നെ മതപരമായി അധിക്ഷേപിച്ചുവെന്നും, ഒരു സ്ത്രീ എന്ന നിലയിൽ തൻ്റെ അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയിൽ പെരുമാറിയെന്നുമാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. നേരത്തെ ഈ പരാതി ലഭിച്ചതിനെ തുടർന്ന് കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി അൻസിബയുടെയും ടിനി ടോമിൻ്റെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. നടിമാരായ ശ്വേത മേനോൻ, നീന കുറുപ്പ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, മൊഴികൾ രേഖപ്പെടുത്തിയിട്ടും ടിനി ടോമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. കേട്ടറിവിൻ്റെ അടിസ്ഥാനത്തിലുള്ള പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. പൊലീസിൻ്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അൻസിബ നിയമപോരാട്ടത്തിനായി നേരിട്ട് കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.

ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം

അതേസമയം, നടി ഉന്നയിച്ച എല്ലാ ആരോപണങ്ങളും ടിനി ടോം ശക്തമായി നിഷേധിച്ചു. തനിക്കെതിരെയുള്ളത് പൂർണമായും കെട്ടിച്ചമച്ച കഥകളാണെന്നാണ് നടൻ്റെ വാദം. വ്യക്തിവൈരാഗ്യം തീർക്കുന്നതിനായി അൻസിബ മനഃപൂർവം ഉണ്ടാക്കിയെടുത്ത പരാതിയാണിതെന്ന് ടിനി ടോം പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ കോടതിയുടെ ഉത്തരവോടെ കടവന്ത്ര പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ സിനിമാ മേഖലയിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്ക് വഴിമാറുന്ന ഒന്നായി ഈ നിയമപോരാട്ടം മാറാനാണ് സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News