Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ജൂലൈ (H.S.)
കാപ്പ കേസില് ജയിലിലായ തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി കൗണ്സിലറായ സുഗതനെ ഇന്ന് വൈകിട്ട് 5.30 വരെ കോടതി പൊലീസ് കസ്റ്റഡിയില് വിട്ടു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് സുഗതനെ പൊലീസ് കസ്റ്റഡിയില് വിട്ടത്. വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്ഷത്തില് സുഗതന് രണ്ടു പേരെ ആക്രമിച്ചെന്ന കേസില് ആയുധം കണ്ടെത്താനുണ്ടെന്നും രണ്ടു ദിവസം കസ്റ്റഡിയില് വേണമെന്നും പൊലീസ് കോടതിയില് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നു വൈകിട്ട് 5.30 വരെ മാത്രമേ പൊലീസ് കസ്റ്റഡിയില് നല്കിയുള്ളൂ.
ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ വാഹനത്തില് വച്ച് പൊലീസ് തന്നോട് മോശമായി പെരുമാറിയെന്ന് സുഗതന് കോടതിയില് പറഞ്ഞു. എന്നാല് കോടതിയില് പരിശോധനയ്ക്കു കൊണ്ടു പോയപ്പോള് വട്ടിയൂര്കാവ് പൊലീസ് സുഗതനൊപ്പം പോയതിനെ കോടതി ചോദ്യം ചെയ്തു. കസ്റ്റഡിയില് വിടുന്നതിനു മുന്പ് പൊലീസ് എന്തിനാണ് എന്തിനാണ് സുഗതനൊപ്പം പോയതെന്ന് കോടതി ചോദിച്ചു. ഇതു കണക്കിലെടുത്താണ് നാലു മണിക്കൂര് സമയത്തേക്കു മാത്രം സുഗതനെ പൊലീസ് കസ്റ്റഡിയില് വിട്ടു കൊണ്ട് കോടതി നിര്ദേശം നല്കിയത്. സുഗതനെ വൈകിട്ട് കോടതിയില് ഹാജരാക്കും.
ഇതിനിടെ ക്ഷേത്ര പരിസരത്തെത്തിച്ച് സുഗതനെ പൊലീസ് തെളിവെടുക്കും. വിയ്യൂര് സെന്ട്രല് ജയിലിലായിരുന്ന സുഗതനെ ഇന്നലെ വൈകിട്ടാണ് പൊലീസ് പൂജപ്പുര ജയിലിലെത്തിച്ചത്. മാര്ച്ച് മാസത്തില് ഉത്സവത്തിനിടെ വെള്ളൈക്കടവ് ക്ഷേത്രത്തില് വച്ച് സംഘര്ഷത്തിനിടെ മാരകായുധങ്ങള് ഉപയോഗിച്ച് രണ്ട് പേരുടെ തലയ്ക്കു പരിക്കേല്പ്പിച്ച കേസിലാണ് തിരുവനന്തപുരം കോര്പ്പറേഷനിലെ വാഴോട്ടുകോണം കൗണ്സിലറായ സുഗതനെ കാപ്പാ കേസില് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.
സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോര്പറേഷനില് തുടര്ച്ചയായ പ്രക്ഷോഭങ്ങള് നടക്കുന്നതിനിടെയാണ് വിയ്യൂര് ജയിലില് നിന്ന് സുഗതനെ ജാമ്യത്തിനായി തലസ്ഥാനത്ത് എത്തിച്ചത്. കാപ്പ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും കോര്പ്പറേഷനില് യുഡിഎഫ്- ബിജെപി അംഗങ്ങൾ തമ്മിൽത്തല്ല് നടന്നിരുന്നു. സത്യ പ്രതിജ്ഞാ ലംഘനത്തിന് കോടതി അയോഗ്യരാക്കിയ കൗണ്സിലര്മാര് സത്യ പ്രതിജ്ഞ വീണ്ടും നടത്തിയെങ്കിലും സുഗതന് സത്യപ്രതിജ്ഞ നടത്തിയിട്ടില്ല. ഒരു മാസത്തിനുള്ളില് സത്യ പ്രതിജ്ഞ ചെയ്യുന്നില്ലെങ്കില് സുഗതന് കൗണ്സിലര് സ്ഥാനം നഷ്ടമാകും. അങ്ങനെയെങ്കില് സ്വതന്ത്രൻ്റെ പിന്തുണയോടെ ഭരിക്കുന്ന കോര്പ്പറേഷൻ്റെ ബിജെപി ഭരണം തുലാസിലാകും. സുഗതന് ഉള്പ്പെടെ 101 അംഗ കോര്പ്പറേഷന് കൗണ്സിലില് ബിജെപിക്ക് 50 കൗണ്സിലര് മാരാണുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR