Enter your Email Address to subscribe to our newsletters

KOCHI , 01 ജൂലൈ (H.S.)
ആശുപത്രി എന്നത് പ്രതീക്ഷയാണെന്നും അവിടെ എത്തുന്നവരെ അതിഥികളായി കണ്ട് സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കേരളത്തിലെ ഡോക്റ്റർമാരും നഴ്സുമാരും ലോകത്തെ ഏറ്റവും മികച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്റ്റേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല ഒരു ആശുപത്രിയെ വേറിട്ടതാക്കുന്നത്. ആശുപത്രികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എല്ലാ ജീവനക്കാരുടെയും കൂട്ടായ വിജയമാണ്. കേരളത്തിലെ ഡോക്റ്റർമാർ 24 മണിക്കൂറും ജോലി ചെയ്യുന്നവരാണ്. കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ കുറിച്ച് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്റ്റർമാരിൽ നിന്നും സമൂഹം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ തന്നെയാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യുവ ഡോക്റ്റർമാരോട് പറഞ്ഞു.
യുവ ഡോക്റ്റർമാർ കേരളത്തിൽ തന്നെ നിൽക്കണം. കേരളത്തിലെ ആരോഗ്യമേഖല മറ്റേതൊരു രാജ്യത്തെക്കാളും മികച്ചതാണെന് അദ്ദേഹം പറഞ്ഞു. രോഗികളെ എപ്പോഴും സന്തോഷപ്പെടുത്താൻ ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിൽ സൗകര്യങ്ങൾ കൂടുതലുണ്ടാകാം, എന്നാൽ സർക്കാർ ആശുപത്രികളാണ് സാധാരണക്കാരുടെ ആശ്രയം. മരുന്നിനപ്പുറം അനുകമ്പയും സാന്ത്വനവും ആയിരിക്കാം ഒരു രോഗിയെ സുഖപ്പെടുത്തുന്നത്. ഏതൊരു സ്വകാര്യ സ്ഥാപനത്തോടും കിട പിടിക്കുന്ന തരത്തിൽ എറണാകുളം ജനറൽ ആശുപത്രി വളരണം എന്നത് എൻ്റേയും സ്വപ്നമാണ്.
മികച്ച സേവനമാണ് ഇവിടെ ലഭിക്കുന്നതെന്നും ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ പറഞ്ഞു. പാലിയേറ്റിവ് കെയർ സംബന്ധിച്ച് സമൂഹത്തിന്റെ മനോഭാവം മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനറൽ ആശുപത്രിയുടെ സൗകര്യങ്ങളെല്ലാം നേരിട്ട് കണ്ട ജസ്റ്റിസ് ആശുപത്രിയുടെ വളർച്ചയിൽ ജീവനക്കാരെയും സൂപ്രണ്ടിനേയും അഭിനന്ദിച്ചു. ആശുപത്രി നിലവിൽ നേരിടുന്ന പോരായ്മകളും അദ്ദേഹം ചോദിച്ചറിഞ്ഞു.
ഡോക്റ്റർമാരോടൊപ്പം കേക്ക് മുറിച്ച് അദ്ദേഹം ആഘോഷങ്ങളിൽ പങ്കാളിയായി.
എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ എൻ സതീഷ് അധ്യക്ഷത വഹിച്ചു. എല്ലാ സ്പെഷ്യാലിറ്റി വിഭാഗം സേവനങ്ങളും എല്ലാ ദിവസവും ഉറപ്പാക്കണമെന്നാണ് ആഗ്രഹമെന്നും സർക്കാർ സഹായം കൂടി ഉണ്ടായാൽ മാത്രമേ അത് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡിഎംഒ ഡോ. ജുനൈദ് റഹ്മാൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം എം ഹനീഷ്, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ബി സെൻസി, ഡിഎൻഒ ബിന്ദു കെ കുമാർ, സ്റ്റോർ സൂപ്രണ്ട് ശബരി, ലേ സെക്രട്ടറി നീന ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് വെൽഫെയർ സെക്രട്ടറി ഡോ.കെ നിഷ സ്വാഗതവും ആർ എം ഒ ഡോ.കെ അമീറ നന്ദിയും പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR