Enter your Email Address to subscribe to our newsletters

Ernakulam , 01 ജൂലൈ (H.S.)
സ്റ്റാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയ മുൻ എൽഡിഎഫ് സർക്കാരിൻ്റെ നടപടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കടതിയിൽ പൊതുതാത്പര്യ ഹർജി. ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ ഈ അനുമതിയിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, അതിനാൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കൊല്ലം ഡിസിസി സെക്രട്ടറി എം എം സഞ്ജീവ് ആണ് ഹൈക്കടതിയെ സമീപിച്ചത്. ചട്ടവിരുദ്ധമായി ബാർ ലൈസൻസ് പുതുക്കാൻ അനുമതി നൽകിയ വിവാദ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സംസ്ഥാന സർക്കാർ, അഡീഷണൽ ചീഫ് സെക്രട്ടറി, എക്സൈസ് കമ്മീഷണർ, അന്നത്തെ എക്സൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്ര സർക്കാർ, ടൂറിസം മന്ത്രാലയം, സി.ബി.ഐ. എന്നിവരെ എതിർകക്ഷികളാക്കിയാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കേരള വിദേശമദ്യ ചട്ടങ്ങളിലെ റൂൾ 13(3) പ്രകാരം സാധുതയുള്ള ത്രീ സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള സ്റ്റാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ബാർ ലൈസൻസ് അനുവദിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം നിലനിൽക്കെയാണ് സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്കും ലൈസൻസ് പുതുക്കി നൽകാൻ സർക്കാർ അനുമതി നൽകിയത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരള ഹോട്ടൽ അസോസിയേഷൻ്റെ ആവശ്യത്തെ തുടർന്നാണ് നിയമവിരുദ്ധമായ ഈ നീക്കങ്ങൾക്ക് തുടക്കമിട്ടതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
എക്സൈസ് മന്ത്രിയുടെ ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകുകയായിരുന്നു. ബാറുകൾക്ക് ലൈസൻസ് പുതുക്കാൻ സ്റ്റാർ ക്ലാസിഫിക്കേഷൻ നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം എക്സൈസ് കമ്മിഷണർ തന്നെ പ്രത്യേക സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, ഇതിനെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ വർഷം ഫെബ്രുവരിയിൽ ചട്ടവിരുദ്ധമായ പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്
സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാതെ ബാർ ലൈസൻസ് പുതുക്കി നൽകുന്നത് ഗുരുതരമായ ക്രമക്കേടാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. സിഎജി കണ്ടെത്തലുകൾ പോലുമവഗണിച്ച് ഫെബ്രുവരിയിൽ ഉത്തരവിറക്കിയതിന് പിന്നിൽ കോടികളുടെ അഴിമതിയും വലിയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.
സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കാൻ അനുമതി നൽകിയ വിവാദ സർക്കാർ ഉത്തരവ് അടിയന്തരമായി റദ്ദാക്കുക, സംസ്ഥാനത്ത് വിദേശ മദ്യ ചട്ടങ്ങൾ കർഷനമായി നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകുക, ഉന്നതതല ഇടപെടലുകൾ നടന്നിട്ടുള്ള ഈ ലൈസൻസ് പുതുക്കൽ വിവാദത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രാന്വേഷണ ഏജൻസിയായ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
മുൻ സർക്കാരിൻ്റെ കാലത്തെ മദ്യനയവും എക്സൈസ് വകുപ്പിൻ്റെ തീരുമാനങ്ങളും വീണ്ടും വിവാദച്ചുഴിയിലാക്കുന്നതാണ് ഹൈക്കടതിയിൽ എത്തിയിരിക്കുന്ന ഈ പൊതുതാത്പര്യ ഹർജി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR