Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ജൂലൈ (H.S.)
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) യുടെ കീഴിലുള്ള കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സുരക്ഷ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി. 2026- 27 അധ്യയന വർഷത്തിൽ തന്നെ ഈ ഇൻഷുറൻസിൻ്റെ ഗുണങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനായി സർവകലാശാലയും നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. രജിസ്ട്രാർ (ഇൻ-ചാർജ്) ഗോപിൻ ജി യും നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ചീഫ് ബിസിനസ് മനേജർ രതീഷ് കെ കെ യുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കും
'സുരക്ഷ' പദ്ധതിയിലൂടെ ഓരോ വിദ്യാർഥിക്കും പരമാവധി ₹12 ലക്ഷം വരെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാർഥിയുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ 5 ലക്ഷം രൂപ നോമിനിക്ക് ലഭിക്കും.
അപകടത്തിന് ശേഷമുള്ള ചികിത്സയ്ക്കും അപകടങ്ങൾ മൂലം വിദ്യാർഥിക്കോ രക്ഷിതാവിനോ ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യത്തിനും ഒരു ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. ആശുപത്രിവാസത്തിന് ശേഷമുള്ള 30 ദിവസത്തെ ചികിത്സാ ചെലവുകളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെടിയു. 'സുരക്ഷ' പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. സിസ തോമസ് പറഞ്ഞു.
ചികിത്സാ സഹായവും മറ്റ് ആനുകൂല്യങ്ങളും
അപകടത്തെ തുടർന്ന് ഉണ്ടാകുന്ന ചികിത്സാ ചെലവുകൾക്കും ആശുപത്രി വാസത്തിനും നിശ്ചിത തുക റീഇംബേഴ്സ്മെൻ്റായി ലഭിക്കുന്നതാണ്. ഇൻഷുറൻസ് കമ്പനി നൽകുന്ന പരിരക്ഷ കൂടാതെയാണ് വിവിധ രോഗങ്ങൾക്കുള്ള ചികിത്സ സഹായവും ഏതെങ്കിലും രോഗങ്ങൾ മൂലം വിദ്യാർഥിയുടെ മരണം സംഭവിച്ചാൽ നോമിനിക്കുള്ള 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സർവകലാശാല തുടർന്നും ലഭ്യമാക്കുന്നത്.
ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതും 1906-ൽ സ്ഥാപിതമായതുമായ രാജ്യത്തെ ഏറ്റവും പഴയ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം കാർ, ആരോഗ്യം, യാത്ര, വീട്, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇൻഷുറൻസ് പോളിസികൾ നടപ്പിലാക്കുന്നുണ്ട്. ഇവരുമായുള്ള ഈ പുതിയ കരാറിലൂടെ വിദ്യാർഥികളുടെ സാമ്പത്തിക സുരക്ഷയും, ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാനും ഉറപ്പിക്കാനും കഴിയുമെന്നാണ് സർവകലാശാല പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR