ഉളിയിൽ കൂരൻ മുക്കിൽ ബസിടിച്ച് അച്ഛനും മകനും മരിച്ചു
Kannur , 01 ജൂലൈ (H.S.) ഉളിയിൽ കൂരൻ മുക്കിൽ ബസിടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. മകന് വൈഷ്ണവിൻ്റെ പിറന്നാൾ ദിനത്തിലാണ് അപകടം സംഭവിച്ചത്. ഇരിട്ടി ഭാഗത
Accident


Kannur , 01 ജൂലൈ (H.S.)

ഉളിയിൽ കൂരൻ മുക്കിൽ ബസിടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. മകന് വൈഷ്ണവിൻ്റെ പിറന്നാൾ ദിനത്തിലാണ് അപകടം സംഭവിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ വിനോദും മകനും ബസിൻ്റെ ചക്രത്തിനടിയിൽപ്പെട്ടുപോയി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൻ്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ നിന്ത്രണം വിട്ട് ബസ് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ഫിറോസിനും പരിക്കേറ്റു.

ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ബസിൻ്റെ അമിത വേഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇരിട്ടി മട്ടന്നൂർ റോട്ടിൽ ബസിൻ്റെ മത്സര ഓട്ടം നിത്യ സംഭവമാണെന്നും ബസ് ഡ്രൈവറുടെ അനാസ്ഥ ആണെന്നും പ്രദേശ വാശി ധനേഷ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

അപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ

സംസ്ഥാനത്തിനകത്തും പുറത്തും അമിത വേഗത്തിൽ പായുന്ന ബസുകൾ കാരണമോ അല്ലെങ്കിൽ ബസ് ഡ്രൈവർമാരുടെ ശ്രദ്ധ കുറവോ കാരണം നിരവധി ജീവനകൾ റോഡരികിൽ പൊലിഞ്ഞ് പോയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കണ്ണൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റിരുന്നു. തളിപ്പറമ്പ് നിന്ന് വരുന്ന ബസും പയ്യന്നൂരിൽ നിന്ന് വരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ദേശീയ പാതയുടെ നിർമാണം നടക്കുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്ക് സംഭവിച്ചില്ല. 2024ൽ എറണാകുളം-പാലാ-ഈരാറ്റുപേട്ട റൂട്ടില് സര്വീസ് നടത്തുന്ന സ്വകാര്യ ബസ് അപകടത്തില്പ്പെട്ട് 40 പേര്ക്ക് പരുക്കേറ്റ സംഭവത്തിൽ അമിത വേഗം മൂലമാണ് അപകടം ഉണ്ടായതെന്ന് യാത്രക്കാരും അപകടം കണ്ട് നിന്നവരും പറഞ്ഞിരുന്നു.

2024ൽ കർണാടകയിലെ ഗുണ്ഡൽപേട്ട് ചെക്ക് പോസ്റ്റിൽ നിറുത്തിയിട്ടിരുന്ന കൊച്ചിയിലെ ആൽഫാ ഒമേഗ സ്ഥാപനത്തിൻ്റെ പിക്ക് അപ്പ് അമിത വേഗത്തിലെത്തിയ കല്ലട ബസ് ഇടിച്ച് തെറിപ്പക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. 2025ൽ കോഴിക്കോട് സ്വകാര്യ ബസിൻ്റെ അമിത വേഗം ചോദ്യം ചെയ്ത ദമ്പതികളെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News