Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ജൂലൈ (H.S.)
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്നതുൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകൾ അടങ്ങിയ ധനബിൽ പാസാക്കി നിയമസഭാ സമ്മേളനം ഇന്ന് പിരിയും. എഫ്.സി.ആർ.എ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയം പ്രതിപക്ഷ പിന്തുണയോടെ സഭ പാസാക്കും.
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി ഇന്ന് സമാപിക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമാകുന്നത് ധനബിൽ പാസാക്കുന്ന നടപടിയാണ്. ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാവ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉൾപ്പെടെയുള്ളവർ ഇതിനെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ഈ എതിർപ്പുകൾ വകവയ്ക്കാതെയാണ് സർക്കാർ ധനബില്ലുമായി മുന്നോട്ട് പോകുന്നത്. ബില്ലിൽ നിന്ന് ഈ വിവാദ വ്യവസ്ഥ ഒഴിവാക്കിയിട്ടില്ല.
അതേസമയം, ബിൽ ഇന്ന് പാസായാലും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി നിരക്ക് ഉടനടി പ്രാബല്യത്തിൽ വരില്ല. ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള 'ത്രീ എ' (3A) ക്ലോസ് പ്രകാരം, മദ്യവിൽപ്പന തുടങ്ങുന്നതിനും നികുതി ഇളവ് നടപ്പിലാക്കുന്നതിനും സർക്കാരിൻ്റെ പ്രത്യേക ഗസറ്റ് വിജ്ഞാപനം ആവശ്യമാണ്. വിമർശനങ്ങളെ താൽക്കാലികമായി മറികടക്കാനുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ്റെ തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. പുതിയ ഗസറ്റ് നോട്ടിഫിക്കേഷൻ ഇറങ്ങാതെ കേരളത്തിൽ ഈ മദ്യനികുതി നിലവിൽ വരില്ലെന്നതാണ് സർക്കാരിൻ്റെ ന്യായം.
എന്നാൽ, സർക്കാരിൻ്റെ ഈ വാദത്തെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നു. ബില്ലിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയാൽ, ഗസറ്റ് വിജ്ഞാപനം ഇറക്കാൻ കാത്തുനിൽക്കാതെ മദ്യക്കമ്പനികൾക്ക് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാൻ കഴിയുമെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം.
ഇതിന് മറുപടിയായി മുൻ സർക്കാരിൻ്റെ കാലത്തെ നടപടികൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തിരിച്ചടിക്കുന്നത്. മുൻ സർക്കാരിൻ്റെ കാലത്ത് മൂന്ന് എക്സൈസ് മന്ത്രിമാരുടെ നേതൃത്വത്തിൽ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഫയൽ നീക്കങ്ങൾ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ നേരിടുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും ഭിന്നത രൂക്ഷമാണ്. തൻ്റെ ആവശ്യം അംഗീകരിക്കാത്തതിൽ വി.എം സുധീരന് കടുത്ത അതൃപ്തിയുണ്ട്. ഇതിന് പുറമെ, കോൺഗ്രസിൻ്റെ സൈബർ ഹാൻഡിലുകളിൽ നിന്ന് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും അദ്ദേഹം അസ്വസ്ഥനാണ്. ധനബിൽ പാസാക്കിയതിന് ശേഷം സുധീരൻ പരസ്യമായി ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ധനബില്ലിന് പുറമെ മറ്റ് സുപ്രധാന വിഷയങ്ങളും ഇന്ന് സഭയുടെ പരിഗണനയിലുണ്ട്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ (എഫ്.സി.ആർ.എ) ഭേദഗതിക്കെതിരെ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി സതീശൻ കേന്ദ്ര സർക്കാരിനെതിരെ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷത്തിൻ്റെ പൂർണ്ണ പിന്തുണയോടെയാകും ഈ പ്രമേയം പാസാക്കുക. കൂടാതെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരം വൈദ്യുതി മന്ത്രി സഭയിൽ പ്രത്യേക പ്രസ്താവനയും നടത്തും. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് സുപ്രധാനമായ ധനബിൽ പാസാക്കി സഭ ഇന്ന് പിരിയുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR