Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ജൂലൈ (H.S.)
മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ നീണ്ടുനിൽക്കുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർകോട്, കണ്ണൂർ ജില്ലകളിലാണ് തീരദേശ ന്യൂനമർദ പാത്തിയുടെ ഫലമായി അതിശക്തമായ മഴ ലഭിക്കുന്നത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ നീളുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിൽ അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. ഈ കാലാവസ്ഥാ പ്രതിഭാസം രണ്ട് ദിവസം കൂടി ഇതേ സ്ഥലത്ത് തുടരുമെന്നാണ് നിരീക്ഷണം.
ഇത് കാലവർഷക്കാറ്റിൻ്റെ വേഗം കൂട്ടുകയും മഴ കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഇതിനുപിന്നാലെ ജൂലൈ മൂന്നിന് ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ ന്യൂനമർദം രൂപപ്പെടുന്ന സമയത്ത് തീരദേശ ന്യൂനമർദ പാത്തി കൂടി നിലനിന്നാൽ കേരളത്തിൽ മുഴുവൻ വ്യാപകമായി മഴ ലഭിക്കും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് തീവ്രമഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായാണ് കാസർകോട്, കണ്ണൂർ ജില്ലകളിൽ അവധി പ്രഖ്യാപിച്ചത്. കണ്ണൂരിൽ തുടർച്ചയായ മൂന്ന് ദിവസമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഇന്ന് അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും ഇരു ജില്ലകളിലെയും കലക്ടർമാർ അറിയിച്ചു.
ഓറഞ്ച് അലർട്ട്
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമനുസരിച്ച് ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഞ്ഞ അലർട്ട്
ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ജൂലൈ മൂന്നിന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ജൂലൈ നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR