രാജ്യപുരോഗതിക്ക് ടാക്സ് കൺസൾട്ടന്റുമാരുടെ പങ്ക് നിർണായകം: മന്ത്രി എം ലിജു
Thiruvananthapuram 01 ജൂലൈ (H.S.) രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ച് ടാക്സ് കൺസൾട്ടന്റുമാരുടെയും പ്രാക്ടീഷണർമാരുടെയും സേവനം നിർണായകമാണെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. ജിഎസ്ടിയുടെ ഒമ്പത് വർഷങ്ങൾ: പ്രത്യാശയും പ്രതിബന്ധങ്ങളും എന്
M Liju


Thiruvananthapuram 01 ജൂലൈ (H.S.)

രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ച് ടാക്സ് കൺസൾട്ടന്റുമാരുടെയും പ്രാക്ടീഷണർമാരുടെയും സേവനം നിർണായകമാണെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. ജിഎസ്ടിയുടെ ഒമ്പത് വർഷങ്ങൾ: പ്രത്യാശയും പ്രതിബന്ധങ്ങളും എന്ന വിഷയത്തിൽ ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ടി സി പി എകെയുടെ സേവനം രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. നികുതി അടയ്ക്കുന്നത് ഇന്ന് രാജ്യത്ത് ഒരു സംസ്കാരമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം മുന്നോട്ട് പോകണമെങ്കിൽ ആവശ്യമായ നികുതി സമാഹരണം അനിവാര്യമാണെങ്കിലും, അത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്ന് മന്ത്രി പറഞ്ഞു. ചിത്രശലഭം പൂവിൽ നിന്ന് തേൻ നുകരുന്നതുപോലെ സൗമ്യവും ജനസൗഹൃദവുമായിരിക്കണം നികുതി സമാഹരണമെന്നും മന്ത്രി പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ രാജ്യത്തെ നികുതി ഘടനയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആവശ്യമായ നികുതി സമാഹരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ടി സി പി എ കെയുടെ നവീകരിച്ച വെബ്സൈറ്റും ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഡോ. കെ ജെ ജോസഫ് പുതിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റും ഐഡി കാർഡും വിതരണം ചെയ്തു.

തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിൽ സംഘടിപ്പിച്ച സെമിനാറിന് ടി സി പി എ കെ സംസ്ഥാന പ്രസിഡൻ്റ് കെ എൻ ശശിധരൻ അധ്യക്ഷത വഹിച്ചു.

സി ജി എസ് ടി കമ്മീഷണർ കെ കാളിമുത്തു ഐആർഎസ് പ്രഭാഷണം നടത്തി.

ടി സി പി എ കെ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എ ഷാനവാസ്, എ കെ അയ്യൂബ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം ആർ മണികണ്ഠൻ, സംസ്ഥാന ട്രഷറർ കെ അനിൽകുമാർ മറ്റ് ഭാരവാഹികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News