Enter your Email Address to subscribe to our newsletters

Kozhikode , 01 ജൂലൈ (H.S.)
മുക്കത്ത് രണ്ടേ കാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ യുവതി പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശി ഖദീജ (40) നെയാണ് നീലേശ്വരത്തു നിന്നും താമരശേരി ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതിയാണ് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ
മുത്താലത്തുള്ള വാടകവീട്ടിൽ നിന്നും 2.306 കിലോഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഒരു യുവതികൂടി പൊലീസിൻ്റെ പിടിയിലായത്. അന്ന് ഹനീഫക്കൊപ്പം ബേപ്പൂർ സ്വദേശിനിയായ റൈഹാനത്ത് എന്ന യുവതിയെയും ഇവിടെനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും മുഹമ്മദ് ഹനീഫ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും വലിയതോതിൽ എംഡിഎംഎ കേരളത്തിൽ എത്തിച്ചതായി കണ്ടെത്തി.
കൂടാതെ ഇവരുടെ ശൃംഖലയിൽപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരവും അന്ന് പൊലീസിന് ലഭിച്ചിരുന്നു.
ഹനീഫയുടെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഫാഷൻ ഡിസൈനറായി പ്രവർത്തിക്കുന്ന ഖദീജയുടെ അക്കൗണ്ട് മുഖേനയായിരുന്നു നടത്തിയിരുന്നത്. അതിനിടയിൽ പിടിയിലായ ഹനീഫയെ കഴിഞ്ഞ മെയ് 23ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ വച്ച് ട്രെയിനിൽ നിന്നും പുറത്തുചാടി രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് പത്താം ദിവസമാണ് ഇയാളെ കർണാടകയിലെ കൽബുർഗിയിൽ വച്ച് പൊലീസ് പിടികൂടിയത്.കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സമയത്ത് മുഹമ്മദ് ഹനീഫക്ക് ഖദീജയായിരുന്നു പലതവണയായി ഒന്നരലക്ഷത്തോളം രൂപ സാമ്പത്തിക സഹായം ചെയ്തിരുന്നത്. ഇക്കാര്യവും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
അങ്ങനെയാണ് പൊലീസിൻ്റെ അന്വേഷണം ഖദീജയിലേക്ക് നീങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിന് മുക്കം പൊലീസ് ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്ഐ മാരായ അബ്ദുള് റഷീദ് മുംതാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനോയ് വിശ്വം, സിവിൽ പൊലീസ് ഓഫീസർ ജിഷ എന്നിവർ നേതൃത്വം നൽകി.
കേരളത്തിലാകെ ലഹരി വിരുദ്ധ ക്യാമ്പയ്ന് തൂഫാന് ആഞ്ഞടിച്ചതോടെ പുറത്ത് വരുന്ന കഥകള് ഏറെ വൈവിധ്യമുള്ളതാണ്. ലഹരി ഉപയോഗത്തിന് ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള് തന്നെ മറയാക്കിയ റാന്നിയിലെ യുവാവിന്റെ കഥയും വാർത്തകളിൽ ഇടംപിടിക്കുകയാണ്. നാട്ടിലാകെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ഓടിനടന്ന 'പോരാളി' യുടെ മുഖം മൂടിയാണ് ഇവിടെ അഴിഞ്ഞു വീണത്. നിരോധിത എംഡിഎംഎ വീട്ടില് സൂക്ഷിച്ച് ഉപയോഗിക്കുകയും ആരുമറിയാതെ ബിസിനസ് നടത്തുകയും ചെയ്ത് പോന്ന യുവാവാണ് കൈയോടെ പിടിയിലായത്. ലഹരിക്ക് അടിമപ്പെട്ട യുവാക്കളെയെല്ലാം ഉപദേശിച്ചും ബോധവത്കരണം നല്കിയും നാട്ടില് നല്ലവനായി നടിക്കുകയായിരുന്നു ഇയാള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR