ദേശീയപാത 66-ൽ ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടതിൽ പ്രതിഷേധം കടുക്കുന്നു.
Alappuzha , 01 ജൂലൈ (H.S.) ദേശീയപാത 66-ൽ ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടതിൽ പ്രതിഷേധം കടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് പാലത്തിൻ്റെ റോഡ് ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
NH 66 FLYOVER SINKHOLE CHERTHALA


Alappuzha , 01 ജൂലൈ (H.S.)

ദേശീയപാത 66-ൽ ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടതിൽ പ്രതിഷേധം കടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് പാലത്തിൻ്റെ റോഡ് ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗർത്തം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനയാത്രക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഗതാഗതത്തിനായി ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം തുറന്നുകൊടുത്ത റോഡിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്.

വിവരം ലഭിച്ച ഉടൻ ദേശീയപാത അതോറിറ്റിയുടെയും ബന്ധപ്പെട്ട കരാർ കമ്പനികളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ അപകടസാധ്യത കണക്കിലെടുത്ത് ഗർത്തത്തിന് ചുറ്റും സുരക്ഷാ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെ വാഹനങ്ങൾ നിയന്ത്രിത വേഗത്തിൽ കടത്തിവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ സ്ഥലത്ത് പ്രത്യേക നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

എന്നാൽ കുഴി കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കാനുള്ള ശ്രമം മാത്രമാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മേൽപ്പാലത്തിലൂടെ ദിവസേന നൂറുകണക്കിന് ചെറുവാഹനങ്ങളും ചരക്കുവാഹനങ്ങളും സർവീസ് ബസുകളും സഞ്ചരിക്കുന്നതിനാൽ ഗർത്തം വലിയ അപകടത്തിന് കാരണമായേക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. പ്രത്യേകിച്ച് രാത്രികാല യാത്രയിൽ ഗർത്തം ശ്രദ്ധയിൽപ്പെടാതെ പോകാനുള്ള സാധ്യത കൂടുതലായതിനാൽ അടിയന്തരമായി സ്ഥിരപരിഹാരം നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.

വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ

പാലത്തിൻ്റെ ഘടനാപരമായ സുരക്ഷയെക്കുറിച്ചും വിശദമായ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കാലത്ത് ദേശീയപാതകളിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയബന്ധിത പരിശോധനയും പരിപാലനവും ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം, അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പൂർണമായും സാധാരണ നിലയിലാക്കുമെന്നും അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും, സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടരുകയാണ്. ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് താൽക്കാലികമായി അടയ്ക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

സമഗ്രമായ അന്വേഷണമെന്ന് കെസി വേണുഗോപാൽ

ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റി ചെയർമാനോട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എംപി.

നിർമ്മാണത്തിലെ ഗുരുതരമായ ഗുണനിലവാരക്കുറവും സുരക്ഷാ വീഴ്ചയും ഈ സംഭവം തുറന്നുകാട്ടുന്നതാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ പുലർത്തേണ്ട മാനദണ്ഡങ്ങളും സാങ്കേതിക നിർദേശങ്ങളും പൂർണമായും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ചു പഠനം നടത്തണമെന്നും കെസി ആവശ്യപ്പെട്ടു. റോഡ് നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായ കരാർ കമ്പനിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News