ഓപ്പറേഷൻ സുലൈമാനിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, കിടപ്പുരോഗികള്ക്ക് രണ്ട് നേരം ഭക്ഷണം വീട്ടിലെത്തിക്കും
Kozhikode , 01 ജൂലൈ (H.S.) ഭക്ഷണം വാങ്ങാൻ കൈകളിൽ പണം ഇല്ലാത്തതിനാൽ കുന്ദമംഗലത്ത് ഇനി ആരും പട്ടിണി കിടക്കേണ്ടതില്ല. ഓപ്പറേഷൻ സുലൈമാനിയിലൂടെ ഇക്കാര്യം ഉറപ്പുവരുത്തുകയാണ് വിശപ്പ് രഹിത കുന്ദമംഗലം. കുന്ദമംഗലം ഗ്രാമപഞ്ചായത്തും സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്
KUNDAMANGALAM


Kozhikode , 01 ജൂലൈ (H.S.)

ഭക്ഷണം വാങ്ങാൻ കൈകളിൽ പണം ഇല്ലാത്തതിനാൽ കുന്ദമംഗലത്ത് ഇനി ആരും പട്ടിണി കിടക്കേണ്ടതില്ല. ഓപ്പറേഷൻ സുലൈമാനിയിലൂടെ ഇക്കാര്യം ഉറപ്പുവരുത്തുകയാണ് വിശപ്പ് രഹിത കുന്ദമംഗലം.

കുന്ദമംഗലം ഗ്രാമപഞ്ചായത്തും സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനും ചേർന്നാണ് നാടിന് മാതൃകയായ ഓപ്പറേഷൻ സുലൈമാനി നടപ്പാക്കുന്നത്.

പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിൽ നിന്നും നൽകുന്ന ടോക്കണുകളുമായി ഹോട്ടലിൽ എത്തിയാൽ

അവർക്കെല്ലാം തികച്ചും സൗജന്യമായി വയറുനിറച്ച് ഭക്ഷണം ലഭിക്കും. ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പിന്തുണ ഓപ്പറേഷൻ സുലൈമാനി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ഇങ്ങനെയൊരു ആശയം മനസ്സിൽ ഉദിച്ചപ്പോൾ തന്നെ സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പിന്തുണയുമായി മുന്നോട്ട് വരികയായിരുന്നു. ഭക്ഷണം ആവശ്യമുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നതിന് ടോക്കണുകൾ തയ്യാറാക്കിയിട്ടുണ്ട്. അതുമായി ഹോട്ടലിൽ എത്തുന്നവർക്കാണ് ഭക്ഷണം നൽകുക.

ചിലര് പഞ്ചായത്തംഗങ്ങളെ സമീപിച്ച് ഉച്ചഭക്ഷണത്തിനുള്ള പണം നല്കാനുള്ള പദ്ധതികളെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് തങ്ങള് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഇത്തരത്തില് ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേര് കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധയിടങ്ങളിലുണ്ടെന്ന് മനസിലായതോടെയാണ് പദ്ധതി നടപ്പാക്കാന് തീരുമാനിച്ചത്. തുടര്ന്ന് ഇതേക്കുറിച്ച് പഠനം നടത്തി. ചര്ച്ചകള് തുടര്ന്നപ്പോള് സ്വതന്ത്ര ഹോട്ടല് ആന്ഡ് റസ്റ്റോറന്റ് അസോസിയേഷന് പദ്ധതിയുമായി സഹകരിക്കാന് തയാറായി മുന്നോട്ട് വന്നു. പഞ്ചായത്തിലെ നാല്പ്പത്താറ് അങ്കണവാടികള് വഴി ടോക്കണ് നല്കും. ഗ്രാമപഞ്ചായത്ത് ഓഫീസിലും ഭാവിയില് പൊലീസ് സ്റ്റേഷനടക്കം സാധാരണക്കാര് എത്തുന്നയിടങ്ങളിലും ടോക്കണ് വിതരണം ചെയ്യാന് നീക്കമുണ്ട്.

ആദ്യഘട്ടത്തില് പതിനേഴ് ഹോട്ടലുകളില് നിന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. രാവിലെയോ വൈകിട്ടോ രാത്രിയിലോ ആവശ്യമുള്ള സമയത്ത് ഭക്ഷണം കഴിക്കാനാകും.

ആദ്യഘട്ടത്തിൽ അങ്കണവാടികളിലും ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നുമാണ് ടോക്കൺ കൈമാറുന്നത്.രണ്ടാംഘട്ടത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ നിന്നും ഓപ്പറേഷൻ സുലൈമാനിയുടെ ടോക്കണുകൾ വിതരണം ചെയ്യും.

കിടപ്പുരോഗികൾക്ക് രണ്ടുനേരം ഭക്ഷണം നൽകും എന്ന പ്രത്യേകത കൂടി ഓപ്പറേഷൻ സുലൈമാനിക്കുണ്ട്.അവർക്ക് ഭക്ഷണം വീട്ടിലെത്തിച്ചു നൽകുകയാണ് ചെയ്യുക. ഹോട്ടലിൽ പണം നൽകി ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് നൽകുന്ന അതേ സേവനം യാതൊരു ഉപേക്ഷയും ഇല്ലാതെ ടോക്കണുമായി എത്തുന്നവർക്കും ലഭ്യമാവും. അക്കാര്യം സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ആദ്യമേ ഉറപ്പുവരുത്തി കഴിഞ്ഞിട്ടുണ്ട്.

ഓപ്പറേഷൻ സുലൈമാനിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ നിർവഹിച്ചു.കുന്ദമംഗലത്തെ ഓപ്പറേഷൻ സുലൈമാനി വലിയവിജയമാകും എന്ന കാര്യത്തില് തികഞ്ഞ ആത്മവിശ്വാസത്തിലാണ് പഞ്ചായത്ത് അധികൃതരും ഹോട്ടലുടമകളും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News