Enter your Email Address to subscribe to our newsletters

Kozhikode , 01 ജൂലൈ (H.S.)
കാലിക്കറ്റ് സര്വകലാശാലയില് ജ്യോതിഷം സംബന്ധിച്ച പഠനവും ഗവേഷണവും വേണ്ടെന്ന എഫ്വൈയുജിപി സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനത്തിൽ വിവാദം പുകയുന്നു. ജ്യോതിഷ പഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്സലർ ഡോ. പി രവീന്ദ്രനോട് ആവശ്യപ്പെട്ടതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.
സർവകലാശാലയുമായി ബന്ധപ്പെട്ട കോളജുകളിലും പഠനകേന്ദ്രങ്ങളിലും ജ്യോതിഷത്തിൽ ഗവേഷണ സംവിധാനം വേണമെന്ന ആവശ്യം സർവകലാശാല അക്കാദമിക സമിതിയാണ് നിരസിച്ചത്. പണിക്കർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ഇ എം രാജമണി കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെ ജ്യോതിഷത്തിൽ ഗവേഷണം എന്ന ആവശ്യം ഉന്നയിച്ചത്. നിയമസഭാ കമ്മിറ്റി ഈ നിർദ്ദേശം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും, തുടർന്ന് വകുപ്പ് സർവകലാശാലയുടെ അഭിപ്രായം തേടുകയും ചെയ്തു.
സർവകലാശാലയുടെ തീരുമാനം ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം സ്റ്റിയറിങ് (എഫ്വൈയുജിപി) കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യുകയും ഭൂരിപക്ഷ തീരുമാനപ്രകാരം (15-ൽ 12 അംഗങ്ങളും) ഈ നിർദ്ദേശം പൂർണമായി തള്ളിക്കളയുകയും ചെയ്തിരുന്നു. അസ്ട്രോണമി (ജ്യോതിശാസ്ത്രം) എന്നത് ശാസ്ത്രീയമായ ഒരു വിഷയമാണെന്നും എന്നാൽ ജ്യോതിഷത്തിന് ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിനാൽ ഇവ രണ്ടും തമ്മിൽ കൂട്ടിക്കലർത്തുന്നത് ഉചിതമല്ലെന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചത്.
ഇതു സംബന്ധിച്ച് വൈസ് ചാന്സലര്ക്ക് നല്കിയ കത്തില് ജ്യോതിഷ പഠനത്തിനും ഗവേഷണത്തിനും കേരളത്തില് ദീര്ഘമായ അക്കാദമിക പാരമ്പര്യമുണ്ടെന്നും ഈ വിഷയത്തിന് ദേശീയ-അന്തര്ദേശീയ തലങ്ങളില് അംഗീകാരവും ഈ വിഷയത്തില് പഠന-ഗവേഷണ സാധ്യതകള് വര്ധിച്ചുവരികയാണെന്നും അനുരാജ് ചൂണ്ടിക്കാട്ടി. ജ്യോതിഷം ഭാരതത്തിൻ്റെ പ്രാചീന വിജ്ഞാന പാരമ്പര്യത്തിൻ്റെ സുപ്രധാന ഘടകമാണെന്നും കാലഗണന, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, കാലാവസ്ഥാ പഠനം തുടങ്ങിയ വിവിധ വിജ്ഞാനശാഖകളുമായി അതിന് ചരിത്രപരമായ ബന്ധമുണ്ടെന്നും കത്തില് വ്യക്തമാക്കി.
കേരള, എംജി തുടങ്ങിയ സര്വകലാശാലകളില് ജ്യോതിഷത്തില് പിജി, പിഎച്ച്ഡി തലങ്ങളില് പഠനവും ഗവേഷണവും നടക്കുന്നുണ്ട്. കേന്ദ്ര സര്ക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങളും ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന് (ഐകെഎസ്) പ്രാധാന്യം നല്കിവരുന്ന സാഹചര്യത്തില്, ജ്യോതിഷ പഠനം പിന്വലിക്കുന്നത് സര്വകലാശാലയുടെ അക്കാദമിക മുന്നേറ്റത്തിനു തിരിച്ചടിയാകുമെന്ന് കത്തില് ഓര്മിപ്പിച്ചു. വിദ്യാര്ഥികള്ക്കും ഗവേഷകര്ക്കും അക്കാദമിക സമൂഹത്തിനും ദോഷകരമായ വിവാദ തീരുമാനം പിന്വലിച്ച് ജ്യോതിഷ പഠനവും ഗവേഷണവും ശക്തിപ്പെടുത്തേണ്ടത് അക്കാദമിക സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്നും അതിനായി സത്വര നടപടികള് സ്വീകരിക്കണമെന്നും സിന്ഡിക്കേറ്റ് മെമ്പർ വൈസ് ചാന്സലറോട് അഭ്യര്ഥിച്ചു.
ഗണിതശാസ്ത്രത്തിനും അതിലൂടെ ജ്യോതിഷം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്ര മേഖലകള്ക്കും ഗണ്യമായ സംഭാവനകള് അര്പ്പിച്ച സംഗമഗ്രാമമാധവൻ്റെയും മറ്റു ഭാരതീയ ആചാര്യന്മാരായ ഭക്തകവി പൂന്താനം, നീലകണ്ഠ സോമയാജി തുടങ്ങിയവരുടെയും നാടായ ഏറനാട്-വള്ളുവനാട് മേഖലയില് പ്രവര്ത്തിക്കുന്ന കാലിക്കറ്റ് സര്വകലാശാല ഇത്തരം പ്രമുഖരുടെ പഠന, ഗവേഷണ, നിരീക്ഷണങ്ങളെ തള്ളിക്കളയുന്നത് അജ്ഞതകൊണ്ടു മാത്രമാണെന്ന് ഓര്മപ്പെടുത്തുകയും ചെയ്തു.
പരാതിക്കാരൻ വിശദീകരിക്കുന്നത്
ജ്യോതിഷം ആറ് വേദാംഗങ്ങളില് ഒന്നാണ്. വേദങ്ങള് ശരിയാംവണ്ണം ഗ്രഹിക്കാന് സഹായിക്കുന്ന ശാസ്ത്രശാഖകളാണ് വേദാംഗങ്ങള്. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയാണ് വേദാംഗങ്ങള്.
കേവലം പ്രശ്നംവെപ്പും ജാതകപ്പൊരുത്തം പരിശോധിക്കലും ഭാവിപ്രവചനവുമാണോ ജ്യോതിഷം
ജ്യോത്സ്യം എന്ന് ഇന്ന് അറിയപ്പെടുന്നതെന്താണോ അതില് പരിമിതപ്പെടുത്താവുന്നതല്ല ജ്യോതിഷം. ജ്യോതിഷം രണ്ട് വശങ്ങളോട് കൂടിയതാണ്- സിദ്ധാന്ത ജ്യോതിഷവും പ്രവചന ജ്യോതിഷവും. ഭാവി പ്രവചിക്കാനുള്ള ശാസ്ത്രമായിട്ടല്ല ജ്യോതിഷം തുടങ്ങിയതും നിലനില്ക്കേണ്ടതും. അത് കാലനിര്ണയ ശാസ്ത്രമാണ്. കാലാവസ്ഥയും ഋതുഭേദവുമൊക്കെ അറിയാന് വേണ്ടിയുള്ളതാണ് ജ്യോതിഷം എന്നര്ഥം. എന്നാല്, അടുത്ത കാലത്തായി പ്രവചന ജ്യോതിഷത്തിനാണ് പ്രാധാന്യം ലഭിക്കുന്നത്. കാരണം മറ്റൊന്നുമല്ല, മനുഷ്യന് ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ആഗ്രഹങ്ങളുമൊക്കെയാണ്.
അതേസമയം സിദ്ധാന്തപക്ഷമാകട്ടെ പൊതുജനത്തിന് ഒട്ടും ആവശ്യം വരുന്നില്ല. പണവും പ്രതാവും ഉണ്ടാക്കാനുള്ള കുറുക്കുവഴിയാണ് പ്രവചന ജ്യോതിഷമെന്ന് മനസിലാക്കിയവര് ഏറെയുണ്ട്. ജ്യോത്സ്യന് എന്ന ബോഡ് വച്ചും പിആര് വര്ക്ക് ചെയ്തുമൊക്കെ അത്തരക്കാര് ആ വഴിക്കു പണമുണ്ടാക്കുന്നുണ്ട്. അത്തരം ഹീനശ്രമങ്ങളെ തടയേണ്ടത് അത്യാവശ്യമാണ് എന്നത് അവിതര്ക്കിതമാണ് താനും. പ്രവചനപക്ഷം മാറ്റിനിർത്തി കൊണ്ട് സിദ്ധാന്ത ജ്യോതിഷം പഠിപ്പിക്കാനെങ്കിലും ശ്രദ്ധിക്കുകയാണ് വേണ്ടത്.
കാലാവസ്ഥാപഠനത്തില് പ്രധാനമാണ് സൂര്യൻ്റെ സ്ഥാനവും ചന്ദ്രൻ്റെ സ്ഥാനവും ചലനവുമൊക്കെ. അതിനാല്തന്നെ, ഭാരതീയ ജ്യോതിഷ പഠനത്തിൻ്റെ അടിത്തറകളില് പ്രധാനപ്പെട്ടവയാണ് സൂര്യൻ്റെ സ്ഥാനം, സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം, ചലനം എന്നിവയൊക്കെ. അത്തരം അറിവുകള് വിശദമായി രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള് പലതുണ്ട്. പക്ഷേ, അവ അംഗീകരിക്കാന് കേരളത്തിലെ അക്കാദമിക ലോകം തയ്യാറാകുന്നില്ല എന്നതാണ് ആശങ്കാജനകം. ഇതിന് പിന്നില് കേവലം അജ്ഞതയാണോ അതോ ബോധപൂര്വമായ നീക്കമാണോ എന്നേ വ്യക്തമാകാനുള്ളൂ.
അജ്ഞതയാണെങ്കില് അപകടം, ബോധപൂര്വമാണെങ്കില് അതിലും അപകടം. പ്രാചീന, മധ്യ കാലഘട്ടങ്ങളില് പാശ്ചാത്യലോകത്തിൻ്റെ വിശ്വാസം സൂര്യന് ഭൂമിയെ ചുറ്റുകയാണ് എന്നതായിരുന്നു. ഈ യാഥാര്ഥ്യം മനസിലാക്കുന്നതില് ഉണ്ടായ താമസം അതേ രീതിയില് പിന്നീടങ്ങോട്ടും തുടര്ന്നു എന്നു കാണാം. എ ഡി 1623ല് ജനിച്ച ഐസക് ന്യൂട്ടണ് ഭൂഗുരുത്വ നിയമം കണ്ടെത്തി എന്ന് വെളിപ്പെടുത്തിയത് 1687ലാണ്. എന്നാല്, എഡി 476ല് ജനിച്ച ആര്യഭടന് സൂര്യസിദ്ധാന്തം എന്ന പുസ്തകത്തില് ഭൂമിക്ക് ആകര്ഷണ ശക്തിയുണ്ടെന്നും ഭൂമി വസ്തുക്കളെ താഴോട്ട് വലിക്കുമെന്നും പറഞ്ഞിട്ടുണ്ട്. എന്നുവച്ചാല്, ന്യൂട്ടന് ജനിക്കുന്നതിന് ആയിരത്തിലേറെ വര്ഷങ്ങള്ക്ക് മുന്പ് ഭാരതത്തില് ഭൂഗുരുത്വം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കോപ്പര്നിക്കസാണ് ഭൂമി സൂര്യനെ ചുറ്റുകയാണ്, സൂര്യന് ഭൂമിയെ ചുറ്റുകയല്ല എന്ന് കണ്ടുപിടിച്ചത് എന്നാണ് പാശ്ചാത്യനാട്ടിലെ പണ്ഡിതസമൂഹം പ്രചരിപ്പിച്ചിരുന്നത്.
എന്താണ് വസ്തുത?
കോപ്പര്നിക്കസ് 1473ലാണ് ജനിച്ചത്. അദ്ദേഹം സൂര്യനെ ഭൂമി ചുറ്റുന്നു എന്ന് വെളിപ്പെടുത്തും വരെ സൂര്യന് ഭൂമിയെ ചുറ്റുന്നു എന്നായിരുന്നു പാശ്ചാത്യ നാടുകളിലെ വിശ്വാസം. പഠിപ്പിച്ചിരുന്നതും അങ്ങനെത്തന്നെ. എന്നാല്, എഡി 500 കാലഘട്ടത്തില് ഭാരതത്തില് ഇക്കാര്യം 1500 വര്ഷം മുന്പ് രേഖപ്പെടുത്തിയിട്ടുണ്ട് . ഗലീലിയോ ജനിച്ചത് 1564ലും മരിച്ചത് 1642ലുമാണ്. ടെലിസ്കോപ്പ് കണ്ടുപിടിച്ച ശേഷമാണ് ഒന്പത് ഗ്രഹങ്ങളുണ്ട് എന്ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തില് പാശ്ചാത്യ വാനനിരീക്ഷകരും സമാന മേഖലയിലെ വിദഗ്ധരുമൊക്കെ ചേര്ന്ന് സ്ഥിരീകരിച്ചത്. അത് പക്ഷേ, ഭാരതത്തില് നൂറ്റാണ്ടുകള്ക്ക് മുന്പേ കണ്ടുപിടിക്കപ്പെട്ടിരുന്നു.
ആര്യഭടൻ്റെ കാലം എഡി 476 മുതല് 550 വരെയാണ്. അദ്ദേഹം രചിച്ച ആര്യഭടീയം എന്ന പുസ്തകത്തില് ഭൂഗുരുത്വം, ഭൂമിയും സൂര്യനും ഇടയിലുള്ള ദൂരം തുടങ്ങിയ കാര്യങ്ങള് വിശദമാക്കിയിട്ടുണ്ട്. എഡി 550ല് ജനിച്ച് 628ല് മരിച്ച ഭാസ്കരാചാര്യര് ഒന്നാമന് രചിച്ച ഭാസ്കരീയത്തിലും ഇതു സംബന്ധിച്ച വിശദാംശങ്ങളുണ്ട്. ഇത്തരം ഗ്രന്ഥങ്ങളാകട്ടെ, പാശ്ചാത്യ, ചൈനീസ് ചരിത്രകാരന്മാരൊക്കെ അംഗീകരിച്ചിട്ടുള്ളതുമാണ്. വരാഹമിഹിരന് എഡി ആറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ പുസ്തകത്തിലും ആകര്ഷണ ശക്തിയെക്കുറിച്ചും ഗ്രഹങ്ങള് തമ്മിലുള്ള അകലം സംബന്ധിച്ചുമൊക്കെ കൃത്യമായി കുറിച്ചിട്ടുണ്ട്.
വരരുചി ചന്ദ്രൻ്റെ സ്ഥാനം നിര്ണയിച്ചത് എഡി മൂന്നാം നൂറ്റാണ്ടിലാണ്. ഭൂമിയില്നിന്ന് ഏതു കോണിലാണ് ചന്ദ്രന്, ചന്ദ്രൻ്റെ സ്ഥാനത്തില് മാറ്റം വരുന്നത് എങ്ങനെ എന്നതൊക്കെ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. തുടര്ന്ന്, എഡി 800-850ല് ഗോവിന്ദസ്വാമി ആ കണക്ക് കുറച്ചുകൂടി പരിഷ്കരിച്ചു. സംഗമഗ്രാമമാധവന് തന്നെ (1340-1425 ആണ് അദ്ദേഹത്തിൻ്റെ കാലം) ഈ പഠനവുമായി വളരെയധികം മുന്നേറി. മാധവീയം നേരത്തേയുള്ളതില് നിന്നുള്ള മുന്നേറ്റമാണ്.
ചരിത്രത്തില് നിന്ന് വെളിപ്പെടുന്നത് പാശ്ചാത്യര്ക്ക് ഭാരതീയ ശാസ്ത്രത്തിൻ്റെ അടുത്തു പോലും എത്താനായിട്ടില്ല അന്നു ഇന്നും എന്നാണ്. പാശ്ചാത്യ ലോകത്ത് 500 വര്ഷത്തെ ചരിത്രമേ ഉള്ളൂ ജ്യോതിഷത്തിന്. എന്നാല് ഭാരതത്തിലാവട്ടെ, 1800 വര്ഷം മുന്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങള് വരെയുണ്ട്. ഇനി, ഗലീലിയോ, കോപ്പര്നിക്കസ് ഒക്കെ നടത്തിയ കണ്ടുപിടിത്തങ്ങളുടെ കാര്യത്തില് തന്നെയാവട്ടെ, ആ കണ്ടുപിടിത്തങ്ങളെ മുന്നോട്ടുപോകാന് പാശ്ചാത്യ ലോകത്തിനു പിന്നെയും സമയമെടുത്തു.
പാശ്ചാത്യലോകത്തിൻ്റെ ഒച്ചിഴയും വേഗത്തിലുള്ള ശാസ്ത്രവികാസത്തിന് കുടപിടിക്കുന്നവരാണ് പ്രാചീനകാലം മുതല്ക്കു ലഭ്യമായ ഭാരതീയജ്ഞാനം പഠിപ്പിക്കാന്, അത് ഗണിതമായാലും ജ്യോതിഷമായാലും ജ്യോതിശാസ്ത്രമായാലുമൊക്കെ തയ്യാറല്ല എന്ന് തീരുമാനിക്കുന്നത് എന്നതില് നിന്ന് ഏകദേശം വ്യക്തമാണ്. ആ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനും പാശ്ചാത്യ ലോകത്തിൻ്റെ അജ്ഞാനത്തെ മറച്ചുവയ്ക്കാനായി ഭാരതീയവിജ്ഞാനത്തെ അവഗണിച്ച് ഇല്ലാതാക്കുകയെന്ന ഗൂഢതന്ത്രത്തിന് നിന്ന് കൊടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതിനും അനുയോജ്യമായ കാലവും ചുറ്റുപാടും ചിന്തയും ശക്തിപ്പെടുന്നു എന്നതു പ്രതീക്ഷ പകരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR