Enter your Email Address to subscribe to our newsletters

Kottayam , 01 ജൂലൈ (H.S.)
വിഴിഞ്ഞം തുറമുഖത്തിൻ്റെ 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എംഎസ്സി) കൈമാറാനുള്ള അദാനി ഗ്രൂപ്പിൻ്റെ നീക്കത്തിൽ പ്രതികരിച്ച് മുൻമന്ത്രി വിഎൻ വാസവൻ. ഇതിൽ ദുരൂഹതയുണ്ടെന്നും വിഎൻ വാസവൻ ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖത്തിൻ്റെ ഓഹരി സ്വകാര്യ മേഖലയിലേക്കോ മറ്റോ കൈമാറണമെങ്കിൽ സർക്കാർ മുൻകൂർ അനുമതി വേണം. ആ നിയമം നിലനിൽക്കെ 49 ശതമാനം എംഎസ്സി വാങ്ങുന്നുവെന്ന വാർത്ത എങ്ങനെ വന്നു. മറുപടിക്ക് അതിൽ നഷ്ടം വരില്ലെന്ന് എങ്ങനെ മുഖ്യമന്ത്രി പറയുന്നു. കൃത്യമായി പരിശോധിക്കാതെ എങ്ങനെയാണ് നഷ്ടം വരില്ലെന്ന് എന്ന പറയുകയെന്ന് വിഎൻ വാസവൻ ചോദിച്ചു.
മറ്റ് കപ്പൽ കമ്പനികൾ ഒന്നും മുമ്പോട്ട് വന്നില്ല. സർക്കാർ അതിന് വേണ്ട നടപടി എടുത്തില്ല. ഈ വിഷയത്തിൽ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്ന് മറ്റ് ആരെങ്കിലും പറഞ്ഞാൽ അതിൽ തെറ്റ് പറയാൻ സാധിക്കില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. കൈമാറാനുള്ള തീരുമാനത്തിന് പിന്നിൽ അന്തർനാടകങ്ങൾ നടക്കുന്നുണ്ട്. വിഴിഞ്ഞം സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1000ൽ പരം കപ്പലുകൾ ഇതിനകം വന്നു. പ്രതീക്ഷിച്ചതിൽ കവിഞ്ഞ പുരോഗതിയുമുണ്ടായി. എന്നാൽ ഷെയർ എംഎസ്സിക്ക് കൈമാറാൻ പോകുന്നതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവിൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വ്യക്തതയില്ലെന്നും വാസവൻ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് ഭീഷണി, പ്രാദേശിക തൊഴിൽ സുരക്ഷയ്ക്ക് വെല്ലുവിളി, ധനനഷ്ടം, മറ്റ് കപ്പൽ കമ്പനികൾക്ക് വരാൻ കഴിയാത്ത സാഹചര്യം എന്നിവ പരിഗണിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ ഇതിനുള്ള നീക്കങ്ങൾ നടന്നുവെന്ന് കരുതണം. വിദേശ കുത്തകകൾ പോർട്ട് ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നു എന്നതിൻ്റെ തെളിവാണിതെന്ന് വാസവൻ പറഞ്ഞു. അദാനി ഷെയർ വിൽക്കാൻ തീരുമാനിച്ചാലും സർക്കാരിൻ്റെ അനുമതിയില്ലാതെ അത് നടക്കില്ല. അതേസമയം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വിഴിഞ്ഞത്തിൻ്റെ ഷെയർ എംഎസ്സിക്ക് നൽകാൻ ഒരു ആലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിനെ സമീപിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം കണക്കാക്കുന്ന കമ്പനിയുടെ 49 ശതമാനം ഓഹരികൾ 139.7 കോടി ഡോളറിനാണ് (ഏകദേശം 13,270 കോടി രൂപ) എംഎസ്സി സ്വന്തമാക്കുന്നത്. എംഎസ്സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡിൻ്റെ (ടിഐഎൽ) ഉപസ്ഥാപനമായ മുൻഡി ലിമിറ്റഡാണ് ഓഹരികൾ ഏറ്റെടുക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR