Enter your Email Address to subscribe to our newsletters

Chennai, 01 ജൂലൈ (H.S.)
ഡി.എം.കെ. നേതാവ് ടി.ആര്. ബാലു തനിക്കെതിരേ നല്‍കിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് അദ്ദേഹം പിന്‍വലിച്ചതായി കെ. അണ്ണാമലൈ. എന്നാല്‍ 'ഡി.എം.കെ. ഫയല്‍സ്' എന്ന പേരില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അണ്ണാമലൈ വ്യക്തമാക്കി.
വിചാരണയുടെ ഒരു ഘട്ടത്തില്‍ താന്‍ നേരിട്ടാണ് കേസില്‍ വാദിച്ചതെന്നും ബാലുവിനെ ക്രോസ് വിസ്താരം നടത്തിയെന്നും അണ്ണാമലൈ പറഞ്ഞു. ക്രോസ് വിസ്താരത്തിനിടെ കോടതിയില്‍ വെച്ച് ബാലു അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തനിക്കെതിരേ നടത്തി. ഇതിനെതിരേ താന്‍ അദ്ദേഹത്തിനെതിരേ മറ്റൊരു കേസ് ഫയല്‍ ചെയ്തിരുന്നതായും അണ്ണാമലൈ പറഞ്ഞു. കോടതി നടപടികളുടെ വിശദാംശങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരായ കേസ് മുന്നോട്ടുകൊണ്ടുപോകണോ വേണ്ടയോ എന്നത് ബാലുവിന്റെ തീരുമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം സ്വമേധയാ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി. മുന്‍ ഡി.എം.കെ. സര്‍ക്കാരിനെതിരെയും പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരെയും ഉന്നയിച്ച ഓരോ ആരോപണത്തിലും ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി അണ്ണാമലൈ ആവര്‍ത്തിച്ചു.
2023 ഏപ്രില്‍ 14-ന് ഡി.എം.കെ. മന്ത്രിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഴിമതികളെക്കുറിച്ചുള്ള വിവരങ്ങള്‍ 'ഡി.എം.കെ. ഫയല്‍സ്' എന്ന പേരില്‍ അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ഇതില്‍ ബാലു അനധികൃതമായി കോടിക്കണക്കിന് രൂപയും സ്വത്തുക്കളും സമ്പാദിച്ചതായുള്ള ആരോപണമുണ്ടായി. ഇതിനെതിരേയാണ് ബാലു സൈദാപേട്ട് കോടതിയില്‍ അണ്ണാമലൈയുടെ പേരില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.
നേരത്തെ, അണ്ണാമലൈക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് ടി.ആര്. ബാലു പിന്‍വലിച്ചിരുന്നു. അണ്ണാമലൈ ബി.ജെ.പി. വിട്ട് പുതിയ പ്രസ്ഥാനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേസ് തുടരേണ്ടതില്ലെന്ന് ബാലു തീരുമാനിക്കുകയായിരുന്നു. ഇതിനുവേണ്ടി കഴിഞ്ഞ 15 ദിവസമായി അദ്ദേഹം നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനനഷ്ടക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം.
---------------
Hindusthan Samachar / Sreejith S