വാണിജ്യ പാചകവാതക വില കുറച്ചു;ഗാര്ഹിക സിലിണ്ടറുകളുടെ വിലയില് മാറ്റമില്ല
Kochi, 01 ജൂലൈ (H.S.) വാണിജ്യ പാചകവാതക വിലയില്‍ കുറവ്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 180 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്, ഇതോടെ പുതിയ വില 2,951 രൂപയായി. രാജ്യത്തുടനീളം 19 കിലോ വാണിജ്യ സിലിണ്ടറിന് 183.50 രൂപ വരെയാണ് എണ്ണക്കമ്പനികള
LPG


Kochi, 01 ജൂലൈ (H.S.)

വാണിജ്യ പാചകവാതക വിലയില്‍ കുറവ്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 180 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്, ഇതോടെ പുതിയ വില 2,951 രൂപയായി. രാജ്യത്തുടനീളം 19 കിലോ വാണിജ്യ സിലിണ്ടറിന് 183.50 രൂപ വരെയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ കുടുംബ ബജറ്റിനെ ബാധിക്കുന്ന 14.2 കിലോ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ അഞ്ചുമാസത്തെ വിലവര്‍ധനവിന് ശേഷമാണ് 2026ലെ ആദ്യത്തെ വിലക്കുറവ് രേഖപ്പെടുത്തുന്നത്. പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് ഏറ്റവും വലിയ ഇളവ് ലഭിച്ചത്. ഇവിടെ 19 കിലോ വാണിജ്യ സിലിണ്ടറിന് 183.50 രൂപ കുറഞ്ഞ് പുതിയ വില 2,930 രൂപയായി. നേരത്തെ ഇത് 3,113.50 രൂപയായിരുന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,236 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറിന് ലഖ്നൗവില്‍ ഇപ്പോള്‍ 3,052.50 രൂപയാണ് നല്‍കേണ്ടത്.

പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ 174 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊല്‍ക്കത്തയില്‍ 3,255.50 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടര്‍ വില 3,081.50 രൂപയായി കുറഞ്ഞു. ബിഹാറിലെ പട്‌നയില്‍ പുതിയ വില 3,227 രൂപയാണ്. വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ വന്‍ ഇടിവ് രാജ്യത്തുടനീളമുള്ള ചെറുകിട വ്യാപാരികള്‍ക്കും ധാബ ഉടമകള്‍ക്കും വലിയ സാമ്പത്തിക ആശ്വാസമാണ് നല്‍കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News