പരീക്ഷ കഴിഞ്ഞ് വെറും അഞ്ച് മിനിറ്റ് റിസള്ട്ട്; ചരിത്രനേട്ടവുമായി വിടിയു
Bengaluru, 01 ജൂലൈ (H.S.) പരീക്ഷ കഴിഞ്ഞ് വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഫലം പ്രഖ്യാപിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് കര്‍ണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (വിടിയു). മാസങ്ങളോളം നീളുന്ന കാത്തിരിപ്പിന്റെയും ആശങ്കകളുടെയും കാലം അവസാ
vtu


Bengaluru, 01 ജൂലൈ (H.S.)

പരീക്ഷ കഴിഞ്ഞ് വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഫലം പ്രഖ്യാപിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് കര്‍ണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (വിടിയു). മാസങ്ങളോളം നീളുന്ന കാത്തിരിപ്പിന്റെയും ആശങ്കകളുടെയും കാലം അവസാനിപ്പിച്ചാണ് സര്‍വകലാശാല ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

ബി.ഇ, ബി.ടെക് ആറാം സെമസ്റ്റര്‍ പരീക്ഷാഫലമാണ് സര്‍വകലാശാല മിന്നല്‍വേഗത്തില്‍ പുറത്തുവിട്ടത്. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് പരീക്ഷ അവസാനിച്ചത്. കൃത്യം 5.35ന് തന്നെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ 60,856 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 76.84 ശതമാനം പേര്‍ വിജയിച്ചു. വിടിയു വൈസ് ചാന്‍സലര്‍ പ്രൊഫ. എസ്. വിദ്യാശങ്കര്‍, മൂല്യനിര്‍ണയ വിഭാഗം രജിസ്ട്രാര്‍ പ്രൊഫ. യു.ജെ ഉജ്വല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫലം പുറത്തുവിട്ടത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസ് വഴിയും ഫലം ലഭ്യമാക്കിയിരുന്നു.

നേരത്തെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ഫലം പരീക്ഷ കഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ പ്രഖ്യാപിച്ച് വിടിയു റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഒരു മാസം മുന്‍പ് 56,192 വിദ്യാര്‍ഥികളുടെ ഫലമാണ് ഇത്തരത്തില്‍ പുറത്തുവിട്ടത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ വെറും അഞ്ച് മിനിറ്റാക്കി ചുരുക്കി സര്‍വകലാശാല തിരുത്തിക്കുറിച്ചത്. ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുഴുവന്‍ മൂല്യനിര്‍ണയ പ്രക്രിയയും പരീക്ഷയ്ക്ക് 21 ദിവസം മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മെയ് 18 മുതല്‍ ജൂണ്‍ 17 വരെയായിരുന്നു തിയറി പരീക്ഷകള്‍ നടന്നത്. ഇവയുടെ മൂല്യനിര്‍ണയം നേരത്തെ തന്നെ ഓണ്‍ലൈനായി പൂര്‍ത്തിയാക്കി മാര്‍ക്കുകള്‍ സര്‍വകലാശാലയുടെ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 18 മുതല്‍ 30 വരെ നടന്ന പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ അതാത് ദിവസങ്ങളില്‍ തന്നെ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു. അവസാന ദിവസത്തെ പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി ചേര്‍ത്താണ് അഞ്ച് മിനിറ്റിനുള്ളില്‍ ഫലം പ്രഖ്യാപിച്ചത്.

പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഫലം വരാനായി സാധാരണയായി വളരെ അധികം കാലം കാത്തിരിക്കേണ്ടി വരാറുണ്ട്. ഇത് അവര്‍ക്ക് പല തരത്തിലുള്ള മാനസിക, ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അത് കണക്കിലെടുത്താണ് ഫലം പെട്ടെന്ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും വൈസ് ചാന്‍സലര്‍ വിദ്യാശങ്കര്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News