Enter your Email Address to subscribe to our newsletters

Kannur, 01 ജൂലൈ (H.S.)
കണ്ണൂർ: കാൽനൂറ്റാണ്ടിലധികമായി തുടർന്നുവന്ന നിയമപോരാട്ടത്തിനും ദുരിതത്തിനും വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഒറ്റ ദിവസത്തെ അടിയന്തിര ഇടപെടലിൽ ശുഭപരിസമാപ്തി. കണ്ണൂർ, കൊട്ടിയൂർ സ്വദേശി സ്റ്റാൻലി ജോസഫിന്റെ പട്ടയ ഭൂമിയിൽ വനംവകുപ്പ് തെറ്റായി സ്ഥാപിച്ച ഏഴ് ജണ്ടകൾ ഇന്നലെ (01.07.2026) രാവിലെ അധികൃതർ പൊളിച്ചുനീക്കി.
കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട സ്റ്റാൻലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വർഷങ്ങൾക്ക് മുൻപ് വനംവകുപ്പ് തെറ്റായി ജണ്ടകൾ സ്ഥാപിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ ഭൂമി തിരികെ ലഭിക്കാനായി കഴിഞ്ഞ 26 വർഷമായി സ്റ്റാൻലി ജോസഫ് അധികൃതർക്ക് മുന്നിൽ നിരന്തരം കയറിയിറങ്ങുകയായിരുന്നു. 2022-ൽ ഇതേ ആവശ്യം ഉന്നയിച്ച് സ്റ്റാൻലി മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് കണ്ണൂർ കളക്ടർ ഇടപെട്ട് സർവ്വേ നടത്തുകയും ജണ്ടകൾ പൊളിച്ചുമാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തെങ്കിലും അന്ന് നടപടിയെടുക്കാൻ വനംവകുപ്പ് തയ്യാറായിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം ഈ വിഷയം സ്ഥലം എം.എൽ.എയും മന്ത്രിയുമായ സണ്ണി ജോസഫ് വനംവകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കാര്യങ്ങൾക്ക് അതിവേഗ തീരുമാനമുണ്ടായത്. വിഷയം ഗൗരവത്തോടെ എടുത്ത മന്ത്രി, ഒട്ടും വൈകാതെ തന്നെ ജണ്ടകൾ അടിയന്തിരമായി പൊളിച്ചുമാറ്റാൻ കണ്ണൂർ ഡി.എഫ്.ഒയ്ക്ക് നേരിട്ട് കർശന നിർദ്ദേശം നൽകുകയായിരുന്നു.
മന്ത്രിയുടെ ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെറ്റായ ഏഴ് ജണ്ടകളും പൊളിച്ചുമാറ്റി. മന്ത്രിയുടെ ശക്തമായ ഇടപെടലിലൂടെ ദശാബ്ദങ്ങൾ നീണ്ട തങ്ങളുടെ ദുരിതത്തിന് അറുതിയായതിന്റെ ആശ്വാസത്തിലാണ് സ്റ്റാൻലി ജോസഫും കുടുംബവും.
---------------
Hindusthan Samachar / Sreejith S