Enter your Email Address to subscribe to our newsletters

Ahamadabad, 01 ജൂലൈ (H.S.)
ഹിന്ദു വിവാഹങ്ങള്ക്ക് മതാചാരങ്ങള്‍ അനിവാര്യമെന്ന് ഗുജറാത്ത് ഹൈക്കോടതി. അഗ്‌നിക്ക് ചുറ്റുമുള്ള ഏഴ് ചുവടുകള്‍ ഉള്‍പ്പെടെയുള്ള അവശ്യമായ മതാചാരങ്ങള്‍ പാലിക്കാതെ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നത് കൊണ്ടുമാത്രം ഒരു വിവാഹം നിയമപരമാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഇലേഷ് ജെ. വോറ, ജസ്റ്റിസ് ആര്‍.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
വിവാഹം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടനില്‍ നിന്നുള്ള ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. യുവതിയുടെ പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തനിക്ക് സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്തും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയും വിവാഹ രേഖകളില്‍ ഒപ്പിടുവിച്ചുവെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. മതാചാര പ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്നും യുവതിയും കോടതിയില്‍ സമ്മതിച്ചു.
1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം, കൃത്യമായ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി നടത്തുന്ന വിവാഹങ്ങള്‍ മാത്രമേ നിയമദൃഷ്ടിയില്‍ നിലനില്‍ക്കുകയുള്ളൂയെന്ന് കോടതി പറഞ്ഞു. ഇതിനകം ശരിയായ രീതിയില്‍ നടന്ന ഒരു വിവാഹത്തെ തെളിയിക്കാന്‍ മാത്രമേ വിവാഹ രജിസ്‌ട്രേഷനെ സംബന്ധിക്കുന്ന സെക്ഷന്‍ 8 സഹായിക്കുന്നുള്ളൂ. മതാചാരങ്ങള്‍ നടന്നില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വഴി മാത്രം ഒരു വിവാഹം നിയമപരമാകില്ലെന്നും കോടതി വിശദീകരിച്ചു.
ഈ വസ്തുതകള്‍ നിലനില്‍ക്കെ, വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ വിവാഹം സാധുവാണെന്ന് കണ്ട് കേസ് വിചാരണയ്ക്കെടുത്ത കുടുംബകോടതിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. വിവാഹത്തിന്റെ അടിസ്ഥാനമായ ചടങ്ങുകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമായാല്‍ ഹിന്ദു നിയമം വിവാഹത്തിന് നല്‍കുന്ന ആത്മീയമോ സാമൂഹികമോ നിയമപരമോ ആയ പദവി ആ ബന്ധത്തിന് ലഭിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ച കോടതി, വിവാഹ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാരന് അനുമതി നല്‍കി.
---------------
Hindusthan Samachar / Sreejith S