രാജസ്ഥാനില് സ്ലീപ്പര് ബസ്സ് ട്രെയിലറുമായി കൂട്ടിയിടിച്ച് കത്തി; ഏഴു മരണം
New delhi, 01 ജൂലൈ (H.S.) രാജസ്ഥാനിലെ ദൗസയ്ക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ ബസ് ട്രയിലറുമായി കൂട്ടിയിടിക്കുക ആയിരുന്നു. പിന്നാലെ വാഹനങ്ങള്‍ക്ക് തീപിടിക്കുക ആയിരുന്നു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ
bus accident


New delhi, 01 ജൂലൈ (H.S.)

രാജസ്ഥാനിലെ ദൗസയ്ക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ ബസ് ട്രയിലറുമായി കൂട്ടിയിടിക്കുക ആയിരുന്നു. പിന്നാലെ വാഹനങ്ങള്‍ക്ക് തീപിടിക്കുക ആയിരുന്നു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ലീപ്പര്‍ ബസ്സ് ട്രെയിലര്‍ വാഹനവുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് പൊട്ടിത്തെറിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച അര്‍ധരാത്രി രണ്ടരയോടെയായിരുന്നു അപകടം. ഋഷികേശില്‍നിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് വാഹനത്തിനും തീപ്പിടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്ലീപ്പര്‍ ബര്‍ത്തില്‍ കിടന്നിരുന്നവര്‍ താഴേക്ക് വീണു. വീഴ്ചയിലാണ് രണ്ട് പേര്‍ മരണപ്പെട്ടത്. പൊള്ളലേറ്റാണ് അഞ്ച് പേര്‍ മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ദൗസയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. എന്നാല്‍, ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാമെന്ന് പോലീസ് സംശയിക്കുന്നു. അമിതവേഗതയിലാണ് ബസ് സഞ്ചരിച്ചിരുന്നതെന്ന ദൃക്സാക്ഷി മൊഴികളുമുണ്ട്. ഇതും അപകടത്തിനിടയാക്കിയതായി കരുതുന്നു.

അഗ്‌നിശമനസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. എന്നാല്‍, സംഭവം നടന്ന് ഏറെ വൈകിയാണ് ഫയര്‍ ബ്രിഗേഡ് എത്തിയതെന്നും അതാണ് കൂടുതല്‍ മരണത്തിനിടയാക്കിയതെന്നും പ്രദേശവാസികളും ദൃക്സാക്ഷികളും ആരോപിക്കുന്നുണ്ട്. തീപ്പിടിത്തമുണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് ബസ്സിനുള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ബസ്സിന്റെ സ്റ്റോറേജിനുള്ളില്‍ സിഗരറ്റ് പാക്കറ്റുകളുണ്ടായിരുന്നുവെന്നും ഇത് തീ വ്യാപിക്കാന്‍ ഇടയാക്കിയതായും അവര്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News