Enter your Email Address to subscribe to our newsletters

Kozhikode , 10 ജൂലൈ (H.S.)
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. അവശിഷ്ടങ്ങൾ ട്രാക്കിൽ തുടരുന്നതിനാൽ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം ഇപ്പോഴും താറുമാറായ അവസ്ഥയിലാണ്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
ശ്രമകരമായി പൊളിച്ചുനീക്കൽ
ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടം വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇന്ന് തൊഴിലാളികളെ ഉപയോഗിച്ച് ഓരോ കല്ലുകളായി ഇളക്കിമാറ്റുന്ന ശ്രമകരമായ ജോലിയാണ് നടക്കുന്നത്. തൊഴിലാളികൾക്ക് മുകളിൽ കയറാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള ഭാഗം പൂർണമായും പൊളിച്ചുനീക്കിയ ശേഷം മാത്രമേ പ്ലാറ്റ്ഫോമിൽ വീണ കെട്ടിടാവശിഷ്ടങ്ങൾ അടക്കം നീക്കം ചെയ്യാൻ കഴിയൂ. വളരെ ശ്രമകരമായ ജോലിയായതിനാൽ അവശിഷ്ടങ്ങൾ പൂർണമായും നീക്കി ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കും.
തുടരുന്ന ട്രെയിൻ ദുരിതം
അപകടത്തെത്തുടർന്ന് ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം വലിയ രീതിയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകൾ വൈകിയാണ് പല ട്രെയിനുകളും ഓടുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിനുകൾ രാത്രി ഒൻപതരയും പത്ത് മണിയും കഴിഞ്ഞാണ് എത്തിച്ചേർന്നത്. നിലവിൽ വടക്കോട്ടുള്ള ട്രെയിനുകൾ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും തെക്കോട്ടുള്ളവ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നുമാണ് പുറപ്പെടുന്നത്. കെട്ടിടം പൊളിക്കുന്നതിനിടെ ഒന്നാമത്തെ ട്രാക്ക് താത്കാലികമായി അടച്ചിരുന്നു. പണി കൂടുതൽ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി ഒന്നാം നമ്പർ ട്രാക്കിലൂടെയുള്ള ഗതാഗതം കൂടി കുറച്ചുനേരത്തേക്ക് നിർത്തിവയ്ക്കാൻ സാധ്യതയുണ്ട്. ട്രാക്കുകൾക്ക് ഇളക്കം തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ രണ്ടും മൂന്നും ട്രാക്കുകളിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ.
കണ്ണൂർ പാസഞ്ചർ വെസ്റ്റ് ഹില്ലിൽ നിന്ന്
അതിനിടെ, കോഴിക്കോട് നിന്ന് പുറപ്പെടേണ്ട കണ്ണൂർ പാസഞ്ചർ ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വെസ്റ്റ് ഹില്ലിൽ നിന്നായിരിക്കും യാത്ര തിരിക്കുക. ഈ ട്രെയിനിൽ പോകേണ്ട യാത്രക്കാർ ഉച്ചയ്ക്ക് രണ്ട് മണിയോടെ വെസ്റ്റ് ഹില്ലിൽ എത്തിച്ചേരണമെന്ന് റെയിൽവേ നിർദേശം നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റിയമ്പത് വർഷത്തോളം പഴക്കമുള്ള പൈതൃക ഗോപുരമാണ് കഴിഞ്ഞ ദിവസം വലിയ ശബ്ദത്തോടെ പ്ലാറ്റ്ഫോമിലേക്ക് തകർന്നുവീണത്.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഈ ക്ലോക്ക് ടവർ നഗരത്തിൻ്റെ പ്രധാന അടയാളങ്ങളിലൊന്നായിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ പ്രകമ്പനങ്ങളും ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വഴി യാത്ര ചെയ്യുന്നവർ ട്രെയിനുകളുടെ സമയക്രമം പരിശോധിച്ച് മാത്രം യാത്ര തിരിക്കണമെന്ന് അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR