Enter your Email Address to subscribe to our newsletters

Thiruvananthapuram,10 ജൂലൈ (H.S.)
കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന മന്ത്രിതല ചർച്ചയിൽ അന്തിമ തീരുമാനമായില്ല. പ്രശ്ന പരിഹാരത്തിനായി വരും ദിവസങ്ങളിൽ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. 800-ലധികം വരുന്ന ജീവനക്കാരുടെ ആശങ്കകൾക്കും കടുത്ത അനിശ്ചിതത്വങ്ങൾക്കുമിടയിൽ എറണാകുളം കളക്ട്രേറ്റിലാണ് അടിയന്തര യോഗം ചേർന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ ഓൺലൈനായാണ് ചർച്ചയിൽ പങ്കെടുത്തത്.
കേരളത്തിലെ പ്രവർത്തനം നിലനിർത്താൻ സർക്കാർ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തെങ്കിലും അടച്ചുപൂട്ടുകയല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടിലാണ് കമ്പനി മാനേജ്മെൻ്റ്. ജോലിയില്ലാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നതെന്നാണ് അവരുടെ വാദം. എന്നാൽ ജീവനക്കാർ തൽക്കാലം വീട്ടിലിരിക്കട്ടെ എന്ന കമ്പനിയുടെ നിലപാടിനോട് സർക്കാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
നിലവിൽ നഷ്ട പരിഹാരമല്ല, മറിച്ച് തൊഴിൽ സുരക്ഷിതത്വമാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ കമ്പനി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ഈ മാസം 20-ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചു. അടുത്ത ചർച്ചയിൽ കമ്പനി അധികൃതർ നേരിട്ട് പങ്കെടുക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കോറോ ഹെൽത്തിൽ നടന്നിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം വലിയൊരു വിഭാഗം ജീവനക്കാരുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് 90 ദിവസം മുൻപ് സർക്കാരിനെ അറിയിക്കുകയും മുൻകൂട്ടി അനുമതി വാങ്ങുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെയാണ് കമ്പനി ഏകപക്ഷീയമായി പൂട്ടലിലേക്ക് നീങ്ങിയത്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിൽ കണ്ട് വിഷയം കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. എല്ലാ തൊഴിലാളി സംഘടനകളും സർക്കാറിനൊപ്പമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്ത് ഓഫീസുകളിൽ കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ചർച്ച നടക്കുന്ന ദിവസം വരെ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാൻ അനുമതി നൽകുമെന്ന മുൻധാരണ കമ്പനി പൂർണ്ണമായും ലംഘിച്ചു. ഓഫീസുകൾ പൂട്ടിക്കിടന്നതിനെ തുടർന്ന്, ജോലിക്കെത്തിയ ജീവനക്കാരുടെ ഹാജർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് രേഖപ്പെടുത്തിയത്. എം.എൽ.എ ഉമ തോമസിൻ്റെയും ലേബർ ഓഫീസറുടെയും സാന്നിധ്യത്തിൽ നേരത്തെ ഉണ്ടാക്കിയ ധാരണകളും മാനേജ്മെൻ്റ് ലംഘിച്ചിരുന്നു.ചർച്ചയിൽ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഹൈബി ഈഡൻ എം.പി, ലേബർ ഓഫീസർ സഫ്ന എന്നിവർ ചർച്ചയിൽ പങ്കെടുത്തു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR